കോട്ടയം: എന്‍ജിനീയറിങ് പ്രവേശന പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ഥികള്‍ക്കു വാച്ച് അനുവദിച്ചില്ലെന്ന് പരാതി. കഞ്ഞിക്കുഴി മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ പരീക്ഷകേന്ദ്രത്തിലാണ് വാച്ച് അനുവദിക്കാതെ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചത്. പുറമെ ക്ലാസ് മുറികളില്‍ ക്ലോക്ക് സ്ഥാപിക്കാനും അധികൃതര്‍ തയാറായില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നും ഇടക്ക് സമയം ചോദിച്ചപ്പോൾ പറയാന്‍ വിസമ്മതിച്ചെന്നും പരാതിയുണ്ട്. തിങ്കളാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് 12.30വരെയിരുന്നു എൻട്രൻസ് ഫിസിക്‌സ്, കെമിസ്ട്രി പരീക്ഷ. രാവിലെ 9.30ന് ബന്ധപ്പെട്ട പരീക്ഷകേന്ദ്രങ്ങളില്‍ എത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. അതിനിടെയാണ് വാച്ച്, മൊബൈല്‍ ഫോണ്‍ എന്നിവ പരീക്ഷഹാളിലേക്ക് കയറ്റില്ലെന്ന അറിയിപ്പ് എത്തിയത്. മൊബൈല്‍ ഫോണ്‍ പരീക്ഷകേന്ദ്രങ്ങളില്‍ അനുവദിക്കില്ലെന്നായിരുന്നു പരീക്ഷ കമീഷണർ മാധ്യമങ്ങളിലൂടെ അറിയിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. വാച്ച് അനുവദിച്ചില്ലെങ്കിലും പരീക്ഷഹാളില്‍ ക്ലോക്ക് കാണുമെന്ന് കരുതിയവർ നിരാശരായി. 150 മിനിറ്റ് പരീക്ഷക്ക് 120 ചോദ്യങ്ങളാണുള്ളത്. ഒരു സെക്കന്‍ഡിനുപോലും ഏറെ വിലയുള്ള പരീക്ഷയിലാണ് അധികൃതരുടെ ഈ മനോഭാവമെന്ന് വിദ്യാര്‍ഥികളും മാതാപിതാക്കളും ആരോപിച്ചു. ചൊവ്വാഴ്ച എന്‍ട്രന്‍സ് കണക്ക് പരീക്ഷയും ഇതേ കേന്ദ്രത്തില്‍ നടക്കാനുണ്ട്. അതും വാച്ചില്ലാതെ എഴുതേണ്ടി വരുമോയെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍. കോട്ടയത്തെ മറ്റു കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികളെ വാച്ച് കെട്ടാന്‍ അനുവദിച്ചിരുന്നു. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ 7000 അധ്യാപകര്‍ക്കാണ് എന്‍ട്രന്‍സ് പരീക്ഷ നടത്തിപ്പുചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.