പീരുമേട്: തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്ത് വൻതോതിലായി. പിടികൂടാൻ ചെക്പോസ്റ്റുകൾ തോറും എക്സൈസ് രംഗത്തുണ്ടെങ്കിലും വരവിന് കുറവില്ല. 10 ദിവസത്തിനുള്ളിൽ പീരുമേട് എക്സൈസ് സി.െഎ ഓഫിസിെൻറ പരിധിയിൽ 26 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 10 കിലോ കഞ്ചാവും കാർ, ബൈക്ക് ഉൾപ്പെടെ ഒമ്പത് വാഹനങ്ങളും 32 പ്രതികളെയും എക്സൈസ് അറസ്റ്റ് ചെയ്തു. ഇതിൽ ഒരു യുവതിയും ഉൾപ്പെടും. കുമളി ചെക്പോസ്റ്റ്, വണ്ടിപ്പെരിയാർ, പീരുമേട് റേഞ്ച് ഓഫിസുകളുടെ പരിധിയിലാണ് കേസ്. തമിഴ്നാട്ടിലെ കമ്പം, ഗുഡല്ലൂർ എന്നിവിടങ്ങളിൽനിന്ന് കഞ്ചാവ് വാങ്ങി കേരളത്തിലെ വിവിധ മേഖലകളിൽ മൊത്തമായും ചില്ലറയായും വിൽക്കുന്നവരാണ് പിടിയിലായവരിൽ ഏറെയും. വില കൂടിയ ബൈക്കുകളിൽ ആൺ, പെൺ വ്യത്യാസമില്ലാതെ എത്തുന്ന 'ഫ്രീക്കൻ'മാരാണ് കഞ്ചാവ് കടത്തിൽ മുന്നിൽ. ഇത്തരം വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ഒറ്റ നോട്ടത്തിൽ മനസ്സിലാകാത്ത രീതിയിൽ വികലമായാണ് എഴുതുക. അമിത വേഗത്തിൽ പായുന്ന ബൈക്കിനെ പിന്തുടരാൻ എക്സൈസ് വകുപ്പിെൻറ വാഹനങ്ങൾക്ക് സാധിക്കില്ല. വാഹനങ്ങളിൽ കിലോയിലധികവും അളവിൽ കുറഞ്ഞത് ബസുകളിലും കൊണ്ടുവരുന്നു. കാറിെൻറ ബോണറ്റിനുള്ളിലും ഡോർ കവറിങ്ങിനുള്ളിലും ഹെഡ് ലൈറ്റിനുള്ളിലും വൈപ്പർ മോട്ടോറിനകത്തുംവരെ കഞ്ചാവ് സൂക്ഷിക്കും. വൻ ലാഭമാണ് യുവാക്കളെ കച്ചവടത്തിന് പ്രേരിപ്പിക്കുന്നത്. ഒരുകിലോ കഞ്ചാവ് കമ്പത്ത് 8,000 രൂപക്ക് ലഭിക്കുമ്പോൾ കേരളത്തിലെത്തിച്ച് 40,000 രൂപക്കാണ് വിൽപന. ഇവ 10 ഗ്രാമിെൻറ പൊതിയായി 500-600 രൂപക്ക് വീതം ചില്ലറ വിൽപന നടത്തുമ്പോൾ 50,000ത്തിലധികം രൂപ കിട്ടും. കഞ്ചാവുമായി പിടിക്കപ്പെടുന്നവർ മിക്കവരും മുമ്പ് കഞ്ചാവ് കേസുകളിൽ ഉൾപ്പെട്ടവരാണ്. തമിഴ്നാട്ടിൽനിന്ന് അറവ് മാടുകൾ, സിമൻറ് എന്നിവയുമായി എത്തുന്ന ചില ലോറികളിലും കഞ്ചാവ് കടത്തുന്നതായി എക്സൈസ് വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. കുമളിയിൽനിന്ന് ദേശീയപാത വഴി എത്തുന്ന ബസുകൾ മുണ്ടക്കയം സ്റ്റാൻഡിൽ പരിശോധിക്കുമ്പോഴും പലപ്പോഴും കഞ്ചാവുമായി ആളുകൾ പിടിയിലാകുന്നു. മുണ്ടക്കയം സ്റ്റാൻഡിൽ ബസുകളിൽ നിരന്തര പരിശോധനയുള്ളതിനാൽ സ്ഥിരം കഞ്ചാവ് കടത്തുന്നവർ മുണ്ടക്കയത്തിന് മുമ്പ് 35ാംമൈലിൽ ഇറങ്ങിയ ശേഷം ഓട്ടോയിൽ പുത്തൻചന്തയിലെത്തി എരുമേലി വഴി വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നതാണ് രീതി. കുമളി ചെക്പോസ്റ്റിലടക്കം കുറഞ്ഞ ദിവസത്തിനിടെ കഞ്ചാവുമായി കൂടുതൽ പേരെ പിടികൂടിയത് എക്സൈസ് ഇൻസ്പെക്ടർ തോമസ് ജോസഫ്, അസി. ഇൻസ്പെക്ടർ കെ.യു. സണ്ണി എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ്. കഞ്ചാവ് കേസുകളിൽ വിദ്യാർഥികൾ വർധിക്കുന്നു കട്ടപ്പന: കട്ടപ്പനയിൽ ഒരുവർഷത്തിനിടെ എക്സൈസ് പിടികൂടിയ കഞ്ചാവ് കേസുകളിൽ ഭൂരിഭാഗം കേസുകളിലും പ്രതികൾ വിദ്യാർഥികളാണെന്ന് കട്ടപ്പന എക്സൈസ് പ്രിവൻറിവ് ഓഫിസർ അബ്ദുൽ സലാം. വിദ്യാർഥികളെ ഉപയോഗിച്ച് ജില്ലയിൽ വ്യാപകമായി കഞ്ചാവ് വിൽപന നടക്കുന്നുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. അറസ്റ്റിലായവരിൽ വിദ്യാർഥിനികളും ഉൾപ്പെട്ടിട്ടുണ്ടെന്നത് ഗൗരവം വർധിപ്പിക്കുന്നു. രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കട്ടപ്പന സർക്കിൾ ജങ്ഷൻ െറസിഡൻറ്സ് അസോസിയേഷൻ വാർഷികവും കുടുംബസംഗമത്തോടും അനുബന്ധിച്ച് നടത്തിയ ബോധവത്കരണ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ പ്രസിഡൻറ് പി.കെ. കുര്യൻ അധ്യക്ഷത വഹിച്ചു. കട്ടപ്പന നഗരസഭ ചെയർമാൻ മനോജ് എം. തോമസ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. തോമസ് ജോസ്, പി.ഡി. തോമസ്, കെ.ബി. മധു, ഉഷ മനോജ്, ഷിബു ജോസഫ്, പി.സി. സാലു, ടി.എം. രാഘവൻ, ഉഷ ബാലൻ, ടി.എ. സണ്ണി, കെ.വി. സോബിക്കുട്ടി, ബിനോയി ജോൺ, പി.എം. ജോസഫ്, റെജി ബാലകൃഷ്ണൻ, മൊബിൻ മാത്യു, പി.ജെ. ജോർജ്, വി.എസ്. ജോൺ, സാലി എബ്രാഹം, മിനി ജെയിൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.