മാന്നാനം കോളജിലെ വിദ്യാർഥി മരിച്ച സംഭവം; സര്‍വകലാശാല സമിതി തെളിവെടുപ്പ് തുടങ്ങി

ഏറ്റുമാനൂര്‍: മാന്നാനം കെ.ഇ കോളജില്‍ മഞ്ഞപ്പിത്തം പടർന്നതിനെ തുടര്‍ന്ന് വിദ്യാർഥി മരിച്ച സംഭവത്തില്‍ എം.ജി വൈസ് ചാന്‍സലര്‍ നിയോഗിച്ച പ്രത്യേക സമിതി തെളിവെടുപ്പ് തുടങ്ങി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് കോളജില്‍ എത്തി തെളിവെടുക്കാനായിരുന്നു അന്വേഷണ സമിതിയുടെ തീരുമാനം. എന്നാല്‍, മൊഴി നല്‍കാനെത്തിയവരുടെ ബാഹുല്യം മൂലം തെളിവെടുപ്പ് പൂര്‍ത്തിയായില്ല. ചൊവ്വാഴ്ച തുടരും. മഞ്ഞപ്പിത്തം കരളിനെ ബാധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഒന്നാം വര്‍ഷ സൈക്കോളജി വിദ്യാർഥി നേമം എടക്കോട് സ്നേഹസില്‍ സുരേഷി​െൻറ മകൻ പ്രേം സാഗറാണ് (18) കഴിഞ്ഞ 16ന് മരിച്ചത്. ഇതോടെ പ്രതിഷേധവുമായി വിദ്യാർഥികള്‍ രംഗത്തെത്തിയതോടെയാണ് വി.സി അന്വേഷണ സമിതിയെ നിയോഗിച്ചത്. കോളജിലെ ശുദ്ധജലവിതരണം, ഭൗതികസാഹചര്യങ്ങള്‍ എന്നിവ വിലയിരുത്തി ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടത്. തിങ്കളാഴ്ച വിദ്യാർഥികളും അധ്യാപകരും രക്ഷാകര്‍ത്താക്കളുമായി അമ്പതിലേറെ പേർ അന്വേഷണസമിതിക്ക് മുന്നില്‍ മൊഴി നല്‍കി. വിദ്യാർഥികള്‍ പ്രതിഷേധ നിലപാടില്‍ നിന്നപ്പോള്‍ രക്ഷാകര്‍ത്താക്കളില്‍ ചിലര്‍ കോളജിന് അനുകൂലമായിരുന്നു. സമീപവാസികളും തെളിവ് നൽകി. ഇവരുടെയെല്ലാം മൊഴി രേഖപ്പെടുത്തിയ സമിതി ചൊവ്വാഴ്ച ഹോസ്റ്റലുകളും ജലവിതരണ സംവിധാനവും മറ്റ് അനുബന്ധ സാഹചര്യങ്ങളും നേരില്‍കണ്ട് വിലയിരുത്തും. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. എം.എസ്. മുരളി, ഡോ. ആർ. പ്രഗാഷ്, ഡോ. കെ. ഷെറഫുദ്ദീൻ, സ്കൂള്‍ ഓഫ് ബയോ സയന്‍സസ് അധ്യാപകന്‍ ഡോ. ബി. പ്രകാശ്കുമാർ, സര്‍വകലാശാല ആരോഗ്യ വിഭാഗത്തിലെ ഡോക്ടര്‍, സര്‍വകലാശാല എൻജിനീയര്‍ എന്നിവരടങ്ങുന്ന 10 അംഗ സമിതിയാണ് അന്വേഷണം നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.