സി.പി.എം നിലപാട് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വളര്‍ച്ചക്ക് സഹായകം -ബിനോയി വിശ്വം തൊടുപുഴ: ആർ.എസ്.എസും ബി.ജെ.പിയുമാണ് രാജ്യത്തിെൻറ മുഖ്യശത്രുക്കളെന്നും ഇതിനെതിരെ പോരാടുന്ന പൊതുവേദിയില്‍ കോണ്‍ഗ്രസ് ഉൾെപ്പടെ മതേതതര രാഷ്ട്രീയ കക്ഷികളുമായി സഹകരിക്കാമെന്നുമുള്ള സി.പി.ഐ നിലപാടിനോട് സി.പി.എം യോജിച്ചത് സ്വാഗതാര്‍ഹമാണെന്ന് സി.പി.ഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം ബിനോയി വിശ്വം. രാജ്യത്തിെൻറ മുഖ്യശത്രുക്കളായി സംഘ്പരിവാര്‍ ശക്തികളും ബി.ജെ.പിയും മാറിയിരിക്കുകയാണ്. മൂലധന ശക്തികളും വര്‍ഗീയ ഫാഷിസിറ്റ് ശക്തികളും ചേര്‍ന്ന് രാജ്യത്തെ ഗുരുതര അവസ്ഥയിലാക്കി. ഇതിനെതിരെ പോരാടാന്‍ മതേതര-ജനാധിപത്യ വിശ്വാസികളുടെ വിശാലവേദി ഉണ്ടാകണം. കോണ്‍ഗ്രസ് ബൂര്‍ഷ്വ പാര്‍ട്ടിയാണെങ്കിലും മതേതര സ്വഭാവമുണ്ട്. മുഖ്യശത്രുവിനെതിരായ പോരാട്ടത്തില്‍ സഹകരിക്കുന്നത് തെരഞ്ഞെടുപ്പ് സഖ്യമായി കാണേെണ്ടന്നും അദ്ദേഹം പറഞ്ഞു. സി.പി.െഎ 23ാമത് പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച പതാക ജാഥക്ക് തൊടുപുഴയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ജാഥ ക്യാപ്റ്റന്‍ കൂടിയായ ബിനോയി വിശ്വം. സി.പി.ഐയും സി.പി.എമ്മും സമാന ചിന്താഗതികളുള്ള പാര്‍ട്ടിയാണ്. മുഖ്യശത്രുവിനെതിരായ പോരാട്ടത്തിന് പൊതുവേദി ഉണ്ടാകുമ്പോള്‍ അത് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വളര്‍ച്ചക്കും ഇടതുപക്ഷ ഐക്യത്തിനും ആക്കം കൂട്ടും. 31 ശതമാനം ജനങ്ങളുടെ പിന്തുണമാത്രമുള്ള ബി.ജെ.പി സര്‍ക്കാര്‍ 60 ശതമാനം ജനങ്ങളെ മറന്നുള്ള ഭരണമാണ് നടത്തുന്നത്. ഇതിനെതിരെ ഇടതുപക്ഷ മതേതര ജനാധിപത്യ ബദല്‍ ഉയര്‍ന്ന് വരേണ്ടത് കാലഘട്ടത്തിെൻറ ആവശ്യമാണെന്നും ബിനോയി വിശ്വം പറഞ്ഞു. ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ അധ്യക്ഷത വഹിച്ചു. ജാഥ അംഗങ്ങളായ പി. സന്തോഷ്കുമാർ, പി. വസന്തം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.