കാന്തല്ലൂരിൽ വെളുത്തുള്ളിക്ക് വിലത്തകർച്ച; കർഷകന്​ കണ്ണീർ

കാന്തല്ലൂർ (ഇടുക്കി): കാന്തല്ലൂരിൽ വിളവെടുത്ത വലിയ ഡിമാൻഡുണ്ടാകാറുള്ള വെളുത്തുള്ളിക്ക് വൻ വിലത്തകർച്ച. കൂടിയതോതിലെ വിളവും വാങ്ങാൻ ആളില്ലാത്ത അവസ്ഥയുമാണ് വിനയായത്. കിലോക്ക് 40 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. മുന്തിയതരത്തിന് 80 രൂപവരെയും കിട്ടുന്നു. മുൻ വർഷങ്ങളിൽ 250രൂപ വരെ വിലയുണ്ടായിരുന്നിടത്താണിത്. സമീപകാലം വരെ കാന്തല്ലൂർ മേഖലയിലെ ലാഭകരമായ കൃഷികളിലൊന്നായിരുന്നു വെളുത്തുള്ളി. മറയൂർ മലനിരകളിലെ പെരുമല, നാരാച്ചി, പുത്തൂർ, ഗുഹനാഥപുരം എന്നിവടങ്ങളിലാണ് വെളുത്തുള്ളി വിളവെടുപ്പ് ആരംഭിച്ചത്. മാർച്ച് അവസാന ആഴ്ചയിലാണ് കാന്തല്ലൂരിലെ വിളവെടുപ്പ് ആരംഭിച്ചത്. വലുപ്പവും അല്ലികളുടെ എണ്ണവും അനുസരിച്ച് 40മുതൽ 80രൂപവരെ മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്. തമിഴ്നാട് മാർക്കറ്റിൽ വെളുത്തുള്ളി ധാരാളമായെത്തിയതാണ് വിലത്തകർച്ചക്ക് പ്രധാന കാരണമായി വിലയിരുത്തുന്നത്. കേരളത്തിൽ വിറ്റഴിക്കാൻ സാധിച്ചില്ലെങ്കിൽ തമിഴ്നാട്ടിലെ മധുര, മേട്ടുപാളയം, ഒട്ടചത്രം, വടുകുപെട്ടി എന്നിവിടങ്ങളിൽ കൊണ്ടുചെന്ന് വിൽപന നടത്തുന്ന പതിവാണുള്ളത്. എന്നാൽ, കൊടൈക്കനാൽ മലനിരകളിൽ വിളവെടുത്ത വെളുത്തുള്ളി കിലോക്ക് 15മുതൽ 30രൂപവരെ മാത്രമാണ് വില. ഇതോടെ ആ പ്രതീക്ഷയും തകർന്നു. ഇതോടെ വെളുത്തുള്ളി തോട്ടങ്ങളിൽ പുതയിട്ട് കറ്റകെട്ടി ഉണക്കി സൂക്ഷിക്കാനാണ് കർഷകരുടെ തയാറെടുപ്പ്. പിടിച്ചുനിൽക്കാവുന്നിടത്തോളം സൂക്ഷിച്ചശേഷം വിൽക്കാമെന്ന ഉദ്ദേശ്യത്തോടെയാണിത്. കടത്തിൽ മുങ്ങിനിൽക്കുന്ന മിക്കവാറും കർഷകർ കിട്ടിയ വിലവാങ്ങി ഇപ്പോൾ തന്നെ വിൽക്കുകയും െചയ്യുന്നു. മറ്റു പ്രദേശങ്ങളിൽ വിളയുന്ന വെളുത്തുള്ളിയെ അപേക്ഷിച്ച് കാന്തല്ലൂർ വെളുത്തുള്ളിയിൽ തൈലത്തി​െൻറ അളവ് കുടുതലാണ്. ഇൻഹേലിയം ഗാർലിക്, റെഡ് ഇൻഹേലിയം ഗാർലിക് എന്നിവയാണ് ഇവിടെ കൃഷിചെയ്തുവരുന്നത്. കാന്തല്ലൂർ, വട്ടവട മേഖലയിൽ വളരുന്ന വെളുത്തുള്ളിക്ക് പേറ്റൻറ് ലഭ്യമാക്കി മികച്ച വിലകിട്ടുന്ന സാഹചര്യമുണ്ടാക്കാൻ കേരള കാർഷിക സർവകാലാശാലയുടെ നേതൃത്വത്തിൽ ഗവേഷണം ആരംഭിച്ചിട്ടുണ്ട്. ഇൗ ഉദ്ദേശ്യത്തോടെ സർവകലാശാല കാന്തല്ലൂരിൽ വെളുത്തുള്ളി കൃഷിയും ആരംഭിച്ചിട്ടുണ്ട്. പ്രാദേശികമായ പ്രത്യേകതകളാൽ പേറ്റൻറിനുള്ള ശ്രമങ്ങൾ വിജയിച്ചാൽ മാത്രെമ 300 വർഷത്തിലേറെയായ കാന്തല്ലൂർ ബ്രാൻഡ് സംരക്ഷിക്കാൻ കഴിയൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.