കെ.ഇ കോളജി​െല വിദ്യാർഥിയുടെ മരണം: സർവകലാശാല അന്വേഷണസമിതിയെ നിയോഗിച്ചു

കോട്ടയം: മാന്നാനം കെ.ഇ കോളജിലെ വിദ്യാർഥി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് എം.ജി സർവകലാശാല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സമിതിയെ നിയോഗിച്ചതായി വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ അറിയിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. എം.എസ്. മുരളി, ഡോ. ആർ. പ്രഗാഷ്, ഡോ. കെ. ഷറഫുദ്ദീൻ, സ്കൂൾ ഓഫ് ബയോസയൻസസ് പ്രഫസർ ഡോ. ബി. പ്രകാശ് കുമാർ, സർവകലാശാല ഹെൽത്ത് സ​െൻററിലെ റെസിഡൻറ് മെഡിക്കൽ ഓഫിസർ, സർവകലാശാല എൻജിനീയർ എന്നിവരടങ്ങുന്ന സമിതിയാണ് അന്വേഷണം നടത്തുക. സമിതി തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് കെ.ഇ കോളേജ് സന്ദർശിച്ച് തെളിവെടുപ്പ് നടത്തം. കോളജിലെ കുടിവെള്ളവിതരണം, ഭൗതിക സാഹചര്യങ്ങൾ തുടങ്ങിയ വസ്തുതകൾ വിലയിരുത്തി ഏഴുദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് വിദ്യാർഥികളിൽനിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കോളജിൽ എത്തുന്ന അന്വേഷണസമിതി മുമ്പാകെ ഹാജരായി പരാതി സമർപ്പിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.