കോട്ടയം: പാത ഇരട്ടിപ്പിക്കൽ ജോലികൾക്കായി പൈപ്പ് ലൈനുകൾ മാറ്റിസ്ഥാപിക്കാൻ വാട്ടർ അതോറിറ്റിക്ക് റെയിൽവേ നൽകേണ്ടത് രണ്ടരക്കോടി. കെ.കെ റോഡിൽ കഞ്ഞിക്കുഴിയിലും റബർ ബോർഡ് ഒാഫിസിനുമുന്നിലും റെയിൽവേ മേൽപാലങ്ങളിലെ പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കാനായാണ് തുക അടക്കേണ്ടത്. ഇതിനുള്ള എസ്റ്റിമേറ്റ് കഴിഞ്ഞദിവസം വാട്ടർ അതോറിറ്റി അധികൃതർ റെയിൽവേക്ക് കൈമാറി. അംഗീകാരം ലഭിച്ചാലുടൻ തുക അടക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. കഞ്ഞിക്കുഴി പ്ലാേൻറഷൻ കോർപറേഷനുസമീപത്തെ റെയിൽവേ മേൽപാലത്തിൽ 55 മീറ്ററിലായി മൂന്ന് പൈപ്പ് ലൈനുകളാണുള്ളത്. നാട്ടകത്തേക്കുള്ള പമ്പിങ് ലൈനും കഞ്ഞിക്കുഴി, മുട്ടമ്പലം എന്നിവിടങ്ങളിലേക്കുള്ള കുടിവെള്ളവിതണ ലൈനുമാണ് ഉൾപ്പെടുന്നത്. ഈ ലൈനുകൾ മാറ്റിസ്ഥാപിക്കുന്നതിനായി 34 ലക്ഷം ചെലവ് വരുമെന്നാണ് വാട്ടർ അതോറിറ്റിയുടെ നിഗമനം. എസ്റ്റിമേറ്റ് കഴിഞ്ഞദിവസം വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർ അംഗീകരിച്ച് റെയിൽവേക്ക് കൈമാറിയിട്ടുണ്ട്. റെയിൽവേ എൻജിനീയറിങ് വിഭാഗത്തിെൻറ അംഗീകാരം ലഭിച്ചശേഷം തുക കൈമാറും. ഇതിനുശേഷം നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വാട്ടർ അതോറിറ്റി. നിലവിൽ നിർമാണം പൂർത്തിയാകുന്ന താൽക്കാലിക റോഡിലൂടെ പൈപ്പ് ലൈൻ മാറ്റി നിർമിക്കുന്നതിനാണ് പദ്ധതി. പാലം നിർമാണം പൂർത്തിയായാലും പൈപ്പ് ലൈൻ റോഡിലേക്ക് പ്രവേശിക്കാത്ത രീതിയിലാകും നിർമാണം. റബർ ബോർഡിനുസമീപത്തെ മേൽപാലത്തിനായി 1.80 കോടിയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയത്. പേരൂരിൽനിന്നുള്ള പ്രധാന പമ്പിങ് ലൈനാണിത്. കഞ്ഞിക്കുഴി മേൽപാലം പൊളിക്കുന്നതിന് മുന്നോടിയായ താൽക്കാലിക റോഡ് നിർമാണം അവസാനഘട്ടത്തിലാണ്. താൽക്കാലിക റോഡ് മണ്ണിട്ടുയർത്തുന്ന ജോലികൾ പൂർത്തിയായി. മെറ്റൽ നിരത്തി റോഡ് ഉറപ്പിക്കുന്ന ജോലി തിങ്കളാഴ്ചമുതൽ ആരംഭിക്കും. റോഡ് ഉറച്ചശേഷം അടുത്തദിവസം ടാറിങ് പൂർത്തിയാക്കി തുറന്നുകൊടുക്കാമെന്ന പ്രതീക്ഷയിലാണ് റെയിൽവേ അധികൃതർ. പുതിയപാലം നിർമിച്ചശേഷം പ്ലാേൻറഷൻ കോർപഷേൻ വിട്ടുകൊടുത്ത സ്ഥലത്ത് പൂന്തോട്ടവും ഒരുക്കും. താൽക്കാലിക സമാന്തരറോഡ് നിർമാണത്തിനായി പൂന്തോട്ടം നശിപ്പിച്ചിരുന്നു. നഗരത്തിലെ ഗതാഗതക്കുരുക്ക് കാര്യമായി ബാധിക്കാത്തതരത്തിൽ ബദൽ സംവിധാനം ഒരുക്കാനാണ് ആലോചന. സമാന്തരപാതയിൽ ടാറിങ് നടത്തി വാഹനങ്ങൾ കടത്തിവിട്ടശേഷം മാത്രെമ കെ.കെ റോഡിലെ കഞ്ഞിക്കുഴി പാലം പൊളിക്കൂവെന്ന് റെയില്‍വേ എന്‍ജിനീയര്‍ ഷാജി റോയി അറിയിച്ചു. റബർ ബോർഡിനും പ്ലാേൻറഷൻ ഒാഫിസിനും സമീപത്തായി 53 മീറ്റർ നീളത്തിലും 14 മീറ്റർ വീതിയിലുമാണ് പുതിയ പാലങ്ങൾ നിർമിക്കുക. പൈപ്പ് പൊട്ടൽ; നഗരത്തിൽ ഇന്നും കുടിവെള്ളം മുട്ടും കോട്ടയം: കഞ്ഞിക്കുഴിയിൽ പൈപ്പ് പൊട്ടിയതോടെ നഗരത്തിൽ ഇന്നും കുടിവെള്ളം മുടങ്ങും. കെ.കെ റോഡിൽ പ്ലാേൻറഷൻ കോർപറേഷൻ ഒാഫിസിനുമുന്നിൽ ശനിയാഴ്ചയാണ് വാട്ടർഅതോറിറ്റിയുടെ പൈപ്പ് പൊട്ടിയത്. തിങ്കളാഴ്ച ഉച്ചയോടെ പൈപ്പ് ലൈനിലെ തകരാർ പരിഹരിച്ച് കുടിവെള്ളവിതരണം പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കലക്ടറുടെ ഒൗദ്യോഗിക വസതിയുൾപ്പെടെ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളടക്കം നഗരത്തിെൻറ വിവിധ സ്ഥലങ്ങളിൽ ജലവിതരണം തടസപ്പെട്ടിരിക്കുകയാണ്.12 മീറ്റർ നീളമുള്ള ആസ്ബസ്റ്റോസ് പൈപ്പാണ് പൊട്ടിയത്. റോഡ് തകർച്ചയിൽ ഒരു ലക്ഷത്തോളം രൂപയുടെ നഷ‌്‌ടമുണ്ടായതായി ദേശീയപാത അധികൃതർ പറഞ്ഞു. മൂന്ന് പൈപ്പ് ലൈനുകളാണ് ഇതുവഴി പോകുന്നത്. മുട്ടമ്പലത്തേക്കുള്ള ഹൈലെവൽ ലൈനാണ് തകർന്നത്. ആസ്ബസ്റ്റോസ് പൈപ്പ് പൂർണമായും മാറേണ്ടിവരും. ദേശീയപാത അധികൃതരുടെ അനുമതിയോടെയാണ് അറ്റകുറ്റപ്പണി നടത്തുന്നത്. കോട്ടയത്തുനിന്നുള്ള പ്രധാന പാതയായ കെ.കെ റോഡിലെ നവീകരണപ്രവർത്തനം വാഹനഗതാഗത്തെയും ബാധിക്കുമെന്ന ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.