കോട്ടയം: ഹാരിസൺ എസ്റ്റേറ്റുകൾ ഏറ്റെടുത്ത സർക്കാർ നടപടി റദ്ദാക്കിയ ഹൈകോടതി ഉത്തരവ് ശബരിമല വിമാനത്താവളത്തിന് തിരിച്ചടിയാകും. വിമാനത്താവളം എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റില്‍ സ്ഥാപിക്കാൻ തീരുമാനിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. തുടർന്ന് സാങ്കേതികപഠനം നടത്താനും വിവിധ അനുമതികൾ നേടിയെടുക്കാനുമായി അമേരിക്കൻ കമ്പനിയായ ലൂയിസ് ബർഗർ കൺസൾട്ടിങ് പ്രൈവറ്റ് ലിമിറ്റഡിനെ ചുമതലപ്പെടുത്തി. ഇവരുെട നടപടി പുരോഗമിക്കുന്നതിനിടെയാണ് ചെറുവള്ളി അടക്കമുള്ള എസ്റ്റേറ്റുകൾ ഏറ്റെടുത്ത സർക്കാർ നടപടി േകാടതി റദ്ദാക്കിയത്. ഇത് ചോദ്യംചെയ്ത് സർക്കാർ അപ്പീൽ സമർപ്പിച്ചാൽ വിഷയം വീണ്ടും നിയമക്കുരുക്കിലാകും. ഇത് പദ്ധതി വൈകാൻ ഇടയാക്കും. റവന്യൂ മന്ത്രി വ്യക്തമാക്കിയതുപോലെ നിയമം നിർമിച്ച് വീണ്ടും ഭൂമി ഏറ്റെടുക്കാൻ കാലതാമസമെടുക്കും. ഇക്കാലയളവിൽ വിമാനത്താവളുമായി ബന്ധപ്പെട്ട തുടർപ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിലാകും. ചെറുവള്ളി എസ്റ്റേറ്റ് ബിലീവേഴ്സ് ചർച്ചിെൻറ ഉടമസ്ഥതയിലാണ്. ഇൗ സാഹചര്യത്തിൽ ഇവരുമായി ചർച്ചനടത്തി വിലനൽകി സ്ഥലം ഏറ്റെടുക്കാമെങ്കിലും ഇത്തരം ഇടപെടൽ ആരോപണങ്ങൾക്കും സമരങ്ങൾക്കും വഴിവെക്കും. എസ്റ്റേറ്റ് സര്‍ക്കാറിന് വിട്ടുകൊടുത്താല്‍ വിമാനത്താവള പദ്ധതിയില്‍ നിശ്ചിത ശതമാനം പങ്കാളിത്തം ബിലീവേഴ്‌സ് ചര്‍ച്ചിന് നൽകുന്ന തരത്തിൽ ചർച്ചയുണ്ടായിരുന്നു. ഇൗ സാധ്യതകളും ആരോപണങ്ങളിലേക്ക് പദ്ധതിയെ വലിച്ചിഴക്കും. ശബരിമലയിലേക്ക് എത്തുന്നവർക്കും മധ്യതിരുവിതാംകൂറിലെ പ്രവാസികൾക്കുമായാണ് എരുമേലിയിൽ വിമാനത്താവളം നിർമിക്കാൻ സർക്കാർ തീരുമാനിച്ചത്. 2263 ഏക്കർ വിസ്തൃതിയുള്ള ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിന് അനുയോജ്യമാണെന്ന് നേരേത്ത സാധ്യതാപഠനത്തിൽ കണ്ടെത്തിയിരുന്നു. മുക്കട മുതൽ കറിക്കാട്ടൂർ വരെ മൂന്ന് കിലോമീറ്ററാണ് നിർദിഷ്ട റൺവേക്കായി പരിഗണിക്കുന്നത്. എരുമേലിയിൽനിന്ന് ഏഴ് കിലോമീറ്റർ അകലത്തിലാണ് നിർദിഷ്ട വിമാനത്താവളം. ശബരിമലയിൽനിന്ന് 48 കിലോമീറ്ററും കൊച്ചിയിൽനിന്ന് 113 കിലോമീറ്ററുമാണ് ദൂരം. കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലകളിലെ പ്രവാസി മലയാളികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് പദ്ധതി. സംസ്ഥാന വ്യവസായ വികസന കോർപറേഷൻ ക്ഷണിച്ച ടെൻഡർ പ്രകാരമാണ് അമേരിക്കൻ കമ്പനിയായ ലൂയിസ് ബർഗർ കൺസൾട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് സാങ്കേതികപഠനം ഏറ്റെടുത്തത്. ഇത് ഏറക്കുറെ പൂർത്തിയായി. പഠനറിപ്പോർട്ടിൽ പ്രധാനമായി പദ്ധതിയുടെ സാങ്കേതികവശങ്ങൾ, പാരിസ്ഥിതിക സവിശേഷതകൾ, ഫണ്ട് ലഭ്യത എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വിമാനത്താവളം യാഥാർഥ്യമായാൽ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണം സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ വരെ ഇതിലുൾപ്പെടും. വിമാനത്താവളത്തിന് കേന്ദ്രസർക്കാറിെൻറ വിവിധ ഏജൻസികളുടെ അംഗീകാരം നേടാനുള്ള നടപടി ആരംഭിച്ചിരുന്നു. ഇതിനുള്ള ചുമതലയും ലൂയിസ് ബർഗറിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.