* കണിക പരീക്ഷണശാല ജാഥ സമാപിച്ചു കുമളി: ലോകരാജ്യങ്ങളിൽനിന്നുള്ള ആണവമാലിന്യം തള്ളാനുള്ള രഹസ്യകേന്ദ്രമാണ് കണിക പരീക്ഷണശാലയെന്നപേരിൽ പൊട്ടിപ്പുറത്ത് നിർമിക്കാൻ പോകുന്നതെന്ന് എം.ഡി.എം.കെ നേതാവ് വൈക്കോ. സംസ്ഥാന അതിർത്തിയിൽ, തേനി ജില്ലയിലെ പൊട്ടിപ്പുറത്ത് നിർമാണം ആരംഭിക്കാനിരിക്കുന്ന കണിക പരീക്ഷണശാലക്കതിരെ നടന്നുവന്ന ജാഥയുടെ സമാപനയോഗത്തിൽ സംസാരിക്കുകയായിരുന്നു വൈക്കോ. കഴിഞ്ഞമാസം 31നാണ് മധുരയിൽനിന്ന് വൈക്കോയുടെ ജാഥ പുറപ്പെട്ടത്. ചൊവ്വാഴ്ച തേനി ജില്ലയിലെ ഗൂഢല്ലൂരിൽനിന്നാണ് ജാഥ തുടങ്ങിയത്. കമ്പത്തായിരുന്നു സമാപനം. കാർഷികമേഖലയെയും പശ്ചിമഘട്ട മലനിരകളെയും തകർത്ത് തമിഴ്നാടിെൻറ നാശമാണ് മോദിയുടെ ലക്ഷ്യമെന്നും വൈക്കോ പറഞ്ഞു. ഇതിനെതിരെ പോരാട്ടം തുടരും. സമാപനസമ്മേളനത്തിൽ പങ്കെടുത്ത കൊച്ചിയിൽനിന്നുള്ള ശാസ്ത്രവിദഗ്ധൻ പദ്മനാഭനും കണിക പരീക്ഷണശാല നിർമാണത്തിനെതിരെ അപകടകരമായ മുന്നറിയിപ്പുനൽകി. പരീക്ഷണശാല നിർമാണത്തിനായി പശ്ചിമഘട്ട മലനിരകളിലെ പാറകൾ തകർക്കുമ്പോൾ 50 കിലോമീറ്റർ ചുറ്റളവിൽ ഇത് ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുവഴി ഭൂമിയുടെ അടിത്തട്ടിലെ പാറകൾ ഇളകിമാറും. മുല്ലപ്പെരിയാർ, ഇടുക്കി ഉൾെപ്പടെ 12ഓളം അണക്കെട്ടുകൾ തകരാനിടയാക്കുന്ന ഭൂകമ്പത്തിനുവരെ സാധ്യതയേറെയാണെന്ന് പദ്മനാഭൻ മുന്നറിയിപ്പ് നൽകി. സമാപനസമ്മേളനത്തിൽ എം.ഡി.എം.കെ, കർഷകസംഘം, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.