കോട്ടയം: തകരാറിലായ ഇരുമ്പുപാലം നവീകരിക്കാത്തതിനെതിരെ നിറയെ യാത്രക്കാരുമായി പോയ ജലഗതാഗതവകുപ്പിെൻറ രണ്ട് യാത്രാബോട്ട് ജലപാതയിൽ മൂന്ന് മണിക്കൂർ തടഞ്ഞിട്ട് നാട്ടുകാരുടെ പ്രതിഷേധം. രണ്ട് സർവിസ് മുടങ്ങുകയും ഒരെണ്ണം പാതിവഴിയിൽ യാത്ര അവസാനിപ്പിക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളുമടക്കം ഭക്ഷണംപോലും കിട്ടാതെ മണിക്കൂറുകളാണ് ബോട്ടിൽ കുടുങ്ങിയത്. ചൊവ്വാഴ്ച രാവിലെ 11.30ന് ചുങ്കത്ത് മുപ്പത് ഇരുമ്പുപാലത്തിന് സമീപത്തെ പുത്തൻതോട്ടിലാണ് സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനുപേർ പ്രതിേഷധിച്ചത്. ബോട്ടുവന്നപ്പോൾ ഉയർന്നുനിന്ന പാലം താഴ്ത്തി അതിൽകയറിയാണ് ഉപരോധിച്ചത്. നിറയെ യാത്രക്കാരുമായി ആലപ്പുഴയിൽനിന്ന് കോട്ടയത്തേക്ക് വന്ന ജലഗതാഗതവകുപ്പിെൻറ ബോട്ടാണ് (എ 58) ആദ്യം തടഞ്ഞത്. പിന്നാലെ കോടിമത ബോട്ട്ജെട്ടിയിൽനിന്ന് രാവിലെ 11.30ന് പുറപ്പെട്ട ബോട്ടും (എ 48) യാത്രതുടരാൻ അനുവദിച്ചില്ല. പ്രതിഷേധം കനത്തതോടെ ആലപ്പുഴയിൽനിന്ന് കോട്ടയത്തേക്ക് എത്തിയ മെറ്റാരുബോട്ട് കാഞ്ഞിരം ബോട്ട്ജെട്ടിയിൽ യാത്ര അവസാനിപ്പിച്ചത് യാത്രക്കാരെ വലച്ചു. പലരും ബസ് മാർഗമാണ് കോട്ടയത്തെത്തിയത്. മൂവാറ്റുപുഴ, കൂട്ടിക്കൽ എന്നിവിടങ്ങളിൽനിന്ന് അവധിക്കാല പാക്കേജിൽ കോട്ടയത്തെത്തി ബോട്ട്യാത്ര നടത്തിയവരാണ് കുടുങ്ങിയത്. ബോട്ട്യാത്ര തടസ്സപ്പെടുത്തിയുള്ള പ്രതിഷേധം മണിക്കൂറുകൾ നീണ്ടതോടെ പ്രശ്നത്തിൽ ഇടപെട്ട തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ ചർച്ചയിൽ തകരാർ പരിഹരിക്കാമെന്ന ഉറപ്പിലാണ് പ്രതിഷേധക്കാർ പിന്മാറിയത്. ഉച്ചക്ക് 2.30നാണ് സർവിസ് പുനരാരംഭിച്ചത്. കോട്ടയത്തുനിന്ന് ഉച്ചക്ക് ഒന്നിനും 3.30നുമുള്ള ബോട്ടുകളുടെ സർവിസും മുടങ്ങി. 5000 രൂപയുടെ നഷ്ടമുണ്ടായെന്ന് ജലഗതാഗതവകുപ്പ് അധികൃതർ അറിയിച്ചു. കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് (കെൽ) മേൽനോട്ടത്തിൽ വർഷങ്ങൾക്ക് മുമ്പ് നിർമിച്ച ഇരുമ്പുപാലം ബോട്ടുകൾ കടന്നെത്തുേമ്പാൾ പൊങ്ങുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. നീണ്ടവർഷത്തെ കാത്തിരിപ്പിനൊടുവിൽ കോട്ടയം നഗരസഭ (കാഞ്ഞിരം) വാർഡിൽ സ്ഥിതി ചെയ്യുന്ന പാലം യന്ത്രസഹായത്താൽ ഉയർത്താൻ വൈദ്യുതി കണക്ഷനും ലഭ്യമാക്കിയിരുന്നു. എന്നാൽ, അടുത്തിടെ തകരാർ സംഭവിച്ചതോടെ ഒരുപരിധിക്ക് മുകളിലേക്ക് ഉയർന്നാൽ താഴ്ത്താൻ കഴിയാത്ത സ്ഥിതിയാണ്. ബോട്ട് എത്തുേമ്പാൾ ഉയർത്തുന്ന പൊക്കുപാലം താഴാത്തതിനാൽ സമീപപ്രദേശങ്ങളിലേക്കുള്ള പ്രദേശവാസികളുടെ സഞ്ചാരമാർഗം അടയുന്നതാണ് പ്രദേശവാസികളെ ചൊടിപ്പിച്ചത്. പ്രകോപിതരായ പ്രദേശവാസികൾ കുറച്ചുദിവസമായി ബോട്ട്ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. മാസങ്ങൾക്ക് മുമ്പാണ് കോടിമതയിൽനിന്ന് ബോട്ട്യാത്ര സുഗമാക്കാൻ പുത്തൻതോട്ടിൽ അഞ്ച് പൊക്കുപാലങ്ങൾ നവീകരിച്ച് ജലഗതാഗതത്തിന് തുറന്നുകൊടുത്തത്. ചേരിക്കത്തറ,16ൽചിറ, പാറേച്ചാൽ, കാഞ്ഞിരം, ചുങ്കത്ത് മുപ്പത് എന്നീ പൊക്കുപാലങ്ങൾ ലക്ഷങ്ങൾ മുടക്കിയാണ് നവീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.