*ഒടുവിൽ ആശ്രയമായത് ഇരുചക്രവാഹനം *ജൂനിയർ നാഷനൽ മീറ്റിൽ 400 മീറ്റർ സ്വർണമെഡൽ ജേതാവായ അമിത്കുമാർ യാദവാണ് ഹർത്താലിൽ വലഞ്ഞത് തൊടുപുഴ: പേശി വേദനയെ തുടർന്ന് ചികിത്സക്കെത്തിയ ദേശീയ താരം ഹർത്താലിൽ വലഞ്ഞു. എറണാകുളംവരെ ട്രെയിനിലും മൂവാറ്റുപുഴവരെ ബസിലും എത്തിയ ഝാർഖണ്ഡ് റാഞ്ചി സ്വദേശി അമിത്കുമാർ യാദവാണ് തൊടുപുഴയിലേക്ക് എത്താൻ മാർഗമില്ലാതെ വലഞ്ഞത്. 2016ലെ ജൂനിയർ നാഷനൽ മീറ്റിൽ 400മീറ്റർ സ്വർണമെഡൽ ജേതാവാണ് അമിത്കുമാർ. തൊടുപുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫെയർ അസോസിയേഷൻ ആഭിമുഖ്യത്തിലുള്ള ചികിത്സ കേന്ദ്രത്തിലെത്താനുള്ള വരവാണ് വഴിയിൽ കുടുങ്ങിയതിന് ഇടയാക്കിയത്. മൂവാറ്റുപുഴയിൽ ഒരു മണിക്കൂറോളം സമയം വാഹനസൗകര്യമില്ലാതെ ഇദ്ദേഹം വലഞ്ഞു. ഒടുവിൽ അസോസിയേഷൻ സെക്രട്ടറി പി.എ. സലിംകുട്ടി ബന്ധപ്പെടുകയും അസോസിയേഷൻ അംഗവും മൂവാറ്റുപുഴ നിർമല സ്കൂൾ കായികാധ്യാപകനുമായ അമൽ ഇരുചക്രവാഹനത്തിൽ അമിത്കുമാർ യാദവിനെ തൊടുപുഴയിൽ എത്തിക്കുകയുമായിരുന്നു. കായികതാരങ്ങൾക്ക് കുറഞ്ഞ ചെലവിൽ ചികിത്സ ലഭ്യമാക്കുന്ന ഇവിടെ ഒരാഴ്ചയോളം നീളുന്ന ചികിത്സയാണ് നൽകുന്നത്. റാഞ്ചിയിലെ സ്പോർട്സ് അതോറിറ്റി ഒാഫ് ഇന്ത്യയിൽ (സായ്) ട്രെയിനറായി പ്രവർത്തിക്കുന്ന അമിത് 2016ൽ കോയമ്പത്തൂരിൽ നടന്ന 32ാമത് ജൂനിയർ നാഷനൽ മീറ്റിലാണ് സ്വർണം അണിഞ്ഞത്. 200 മീറ്ററിൽ വെള്ളിയും 62ാമത് ദേശീയ സ്കൂൾ മീറ്റിൽ 200, 400 മീറ്ററുകളിൽ വെള്ളിയും നേടിയ താരമാണ് 19കാരനായ അമിത്കുമാർ യാദവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.