കെ.എസ്​.ആർ.ടി.സി ബസ്​ കാറിലിടിച്ച്​ യുവാവിന്​ ദാരുണാന്ത്യം

കോട്ടയം: അമിതവേഗത്തിലെത്തിയ കെ.എസ്.ആർ.ടി.സി ബസ് കാറിലിടിച്ച് യുവാവ് മരിച്ചു. കാറോടിച്ച പാക്കിൽ പള്ളം താഴത്തുവീട്ടിൽ റോയി എബ്രഹാമി​െൻറ മകൻ റേ റോയി തോമസാണ് (23) മരിച്ചത്. ഒപ്പമുണ്ടായിരുന്ന പരുത്തുംപാറ വെള്ളുത്തുരുത്തി സ്വദേശി ഷോണിനെ പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്‌ച രാത്രി 11.30ന് കോട്ടയം മണിപ്പുഴ നാലുവരിപ്പാതയിലെ സപ്ലൈകോ പെട്രോൾ പമ്പിന് മുന്നിലായിരുന്നു അപകടം. പൂർണമായും തകർന്ന കാറി​െൻറ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോടിനുപോയ കെ.എസ്.ആർ.ടി.സി മിന്നൽ ബസാണ് അപകടത്തിൽപെട്ടത്. തിങ്കളാഴ്ച ഹ‌ർത്താലായതിനാൽ കാറിൽ ഇന്ധനം നിറക്കാനാണ് റേയും സുഹൃത്തും വീട്ടിൽനിന്ന് പുറപ്പെട്ടത്. ഇന്ധനം നിറച്ച ശേഷം ഇരുവരും കോടിമതയിലെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച് മടങ്ങവെ മണിപ്പുഴയിൽ എത്തിയപ്പോൾ എതിർദിശയിൽനിന്ന് എത്തിയ കെ.എസ്.ആ‌ർ.ടി.സി ബസ് കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടുതവണ വട്ടംകറങ്ങിയ കാർ ബസിൽ കുടുങ്ങിയിരുന്നു. കാറിനെ വലിച്ചുകൊണ്ടുപോയി 10 മീറ്ററോളം മുന്നോട്ടുപോയ ശേഷമാണ് ബസ് നിന്നത്. രാത്രിയിൽ അപകടത്തി​െൻറ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും സമീപത്തെ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തെ തുടർന്ന് ചിങ്ങവനം പൊലീസ് കെ.എസ്.ആർ.ടി.സി ബസ് കസ്റ്റഡിയിലെടുത്തു. ഇതോടെ, ഈ ബസിൽ പോകേണ്ട യാത്രക്കാർ പെരുവഴിയിലായെന്നും അ‌ർധരാത്രിയിൽ തുടർയാത്രക്ക് അവസരം നിഷേധിച്ചതായും പരാതിയുണ്ട്. പിന്നീട് മണിക്കൂറുകൾക്കുശേഷം മറ്റൊരു കെ.എസ്.ആർ.ടി.സി ബസിലാണ് യാത്രക്ക് അവസരം ഒരുക്കിയത്. ബി.എസ്.എൻ.എൽ കരാർ ജീവനക്കാരനായ റേയുടെ മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന്. മാതാവ്: മായ റോയി, സഹോദരൻ: റോൺ എബ്രഹാം (ദുബൈ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.