പീരുമേട്: കുപ്പിവെള്ളത്തിെൻറ വില ലിറ്ററിന് 12 രൂപയായി കുറക്കുമെന്ന് പ്രഖ്യാപനം വന്നെങ്കിലും നടപ്പാകാതെ പോയത് നിർമാതാക്കൾക്കിടയിലെ ശീതസമരം മൂലം. നാമമാത്ര നിർമാതാക്കൾ മാത്രമാണ് വില കുറച്ചത്. ബഹുരാഷ്ട്ര കമ്പനികളും ബ്രാൻഡഡ് കമ്പനികളും വില കുറക്കാൻ തയാറായിട്ടില്ല. ഏതാനും ബ്രാൻഡഡ് കമ്പനികളും പ്രാദേശികമായി ഡിമാൻഡുള്ള ചിലരുമാണ് വില കുറച്ചത്. ഇവർക്ക് വ്യാപക വിപണി ഇല്ലാത്തതും വില കുറച്ചപ്പോൾ വ്യാപാരികളുടെ ലാഭവിഹിതം മാത്രം കുറച്ചതും തിരിച്ചടിയായി. ഇതോടെ വില കുറഞ്ഞ വെള്ളം വാങ്ങി വിതരണം ചെയ്യാൻ വ്യാപാരികൾ തയാറല്ല. 20 രൂപ രേഖപ്പെടുത്തിയ വെള്ളം വിൽക്കുമ്പോൾ 11 രൂപയോളം ചില്ലറ വ്യാപാരികൾക്ക് ലഭിക്കും. 12 രൂപയുടെ വെള്ളം വിൽക്കുമ്പോൾ 3.70 രൂപയാണ് കിട്ടുക. വില കുറക്കുമ്പോൾ ഉപഭോക്താക്കൾ വർധിക്കുമെന്ന് കരുതി ചില കമ്പനികൾ വിലക്കുറവ് പ്രഖ്യാപിച്ചെങ്കിലും വ്യാപാരികൾ വാങ്ങി വിൽക്കാൻ തയാറാകാത്തതിനാൽ ഗുണം ഉപഭോക്താക്കളിൽ എത്തിയില്ല. വില കുറഞ്ഞത് വ്യാപാരികൾ ബഹിഷ്കരിക്കുന്ന സാഹചര്യത്തിൽ വിലകുറച്ചവർ പുറന്തള്ളപ്പെടുമെന്ന പ്രതീക്ഷയിലാണ് വൻകിട ഉൽപാദകർ. വില കൂട്ടി വാങ്ങുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞെങ്കിലും വില സർക്കാർ ഏകീകരിക്കാത്തതിനാൽ 20 രൂപ രേഖപ്പെടുത്തിയവർക്കെതിരെ നിയമ നടപടി സാധ്യമല്ല. സർക്കാറിെൻറ ഹില്ലി അക്വാ കുപ്പിവെള്ളത്തിെൻറ വില 15 രൂപയായി തുടരുകയുമാണ്. എന്നാൽ, തൊടുപുഴയിലെ അവരുടെ ഷോ റൂമിൽ 10 രൂപക്ക് വെള്ളം ലഭിക്കും. വില കുറക്കുന്നതിൽ കുപ്പിവെള്ള നിർമാണ കമ്പനികൾ ചേരിതിരിഞ്ഞതോടെ ശക്തമായ സർക്കാർ ഇടപെടലില്ലാതെ ഉപഭോക്താക്കൾക്ക് വിലകുറച്ച് കുടിവെള്ളം കിട്ടുമെന്ന് പ്രതീക്ഷിക്കുക വയ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.