ചിത്രാപൗർണമി ഉത്സവ ദിനങ്ങൾ കൂട്ടണമെന്ന തമിഴ്നാട് ആവശ്യം നിരാകരിച്ചു തേക്കടിയിൽ ഉന്നതതല യോഗം

കുമളി: പെരിയാർ കടുവസങ്കേതത്തിനുള്ളിലെ മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാപൗർണമി ഉത്സവം രണ്ട് ദിവസമാക്കണമെന്നും കാടിനുള്ളിൽ പ്രവേശിക്കാനുള്ള സമയം ദീർഘിപ്പിക്കണമെന്നുമുള്ള ആവശ്യവുമായി തമിഴ്നാട് സംഘടനകൾ. എന്നാൽ, ഇത് അനുവദിക്കാനാവിെല്ലന്ന് അധികൃതർ വ്യക്തമാക്കി. വെള്ളിയാഴ്ച തേക്കടിയിൽ നടന്ന ഇരുസംസ്ഥാനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തമിഴ്‌നാട് കണ്ണകി ട്രസ്റ്റ് ഭാരവാഹികൾ ആവശ്യം ഉന്നയിച്ചത്. ഈ മാസം 30നാണ് മംഗളാദേവി കണ്ണകി ക്ഷേത്രത്തിൽ ചിത്രാപൗർണമി ഉത്സവം. യോഗ തീരുമാനപ്രകാരം അന്ന് രാവിലെ ആറുമുതൽ വൈകീട്ട് മൂന്നുവരെയാണ് പ്രവേശനം അനുവദിക്കുക. പ്ലാസ്റ്റിക്, പുകയില ഉൽപന്നങ്ങൾ, മദ്യം, വെടിമരുന്ന് എന്നിവ കൊണ്ടുപോകാൻ പാടില്ല. ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ വനംവകുപ്പ് കുടിവെള്ള സൗകര്യം ഒരുക്കും. വിവിധ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പ് അധികൃതരുടെ സേവനവും ഉറപ്പാക്കും. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് കുമളി ശ്രീ ഗണപതി ഭദ്രകാളിക്ഷേത്ര കമ്മിറ്റിയും കണ്ണകി ട്രസ്റ്റും അന്നദാനം നടത്തും. സുരക്ഷ ഉറപ്പാക്കാൻ ഇരു സംസ്ഥാനങ്ങളിലെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കുമളി മുതൽ മംഗളാദേവി വരെ പൊലീസിനെ നിയോഗിക്കും. യോഗത്തിൽ ഇടുക്കി കലക്ടർ ജി.ആർ. ഗോകുൽ, തേനി കലക്ടർ എം. പല്ലവി പൽദേവ്, കടുവസങ്കേതം െഡപ്യൂട്ടി ഡയറക്ടർ ശിൽപ വി. കുമാർ, കട്ടപ്പന ഡിവൈ.എസ്.പി രാജ്മോഹൻ, തേനി എസ്.പി ഭാസ്കർ, വനം, റവന്യൂ, ആരോഗ്യം, ഗതാഗതം തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.