സിനിമയെ പ്രോത്സാഹിപ്പിക്കേണ്ട ചുമതലയും ബാധ്യതയും താരങ്ങളെക്കാൾ കൂടുതൽ സർക്കാറിനെന്ന്​ ഡോ. ബിജു

പത്തനംതിട്ട: പുരസ്കാരം ലഭിച്ചവരെയും സിനിമകളെയും പ്രോത്സാഹിപ്പിക്കേണ്ട ചുമതലയും ബാധ്യതയും ഉള്ളത് താരങ്ങളെക്കാൾ കൂടുതൽ സർക്കാറിനാണെന്ന് സംവിധായകൻ ഡോ. ബിജു. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ മുഖ്യാതിഥികളായി ക്ഷണിച്ച താരങ്ങളും ആദരിക്കാനായി വിളിച്ചതിൽ ചില താരങ്ങളും എത്താതിരുന്നതിനെ വിമർശിച്ച മുഖ്യമന്ത്രിക്കുള്ള മറുപടിയായാണ് ബിജുവി​െൻറ ഫേസ്ബുക്ക് പോസ്റ്റ്. 'കലാമൂല്യമുള്ള സാംസ്കാരിക സാമൂഹിക പ്രതിബദ്ധത ഉള്ള സിനിമകളുടെ നിർമാണം പ്രോത്സാഹിപ്പിക്കുക എന്നതാണല്ലോ സർക്കാർ പുരസ്കാരങ്ങൾകൊണ്ട് ലക്ഷ്യമിടുന്നത്. പുരസ്‌കാര വിതരണ ചടങ്ങിൽ താരങ്ങൾ ക്ഷണിതാക്കളായി പങ്കെടുക്കുക എന്നതിലല്ല കാര്യം മറിച്ച് ഇത്തരം സിനിമകളുടെ പ്രോത്സാഹനത്തിനായി സർക്കാർ എന്തു ചെയ്യുന്നു എന്നതാണ് പ്രാഥമികമായി വിലയിരുത്തേണ്ടത്. നിർഭാഗ്യവശാൽ സിനിമ ഒരു കലയും സംസ്കാരവും എന്ന നിലയിൽ പ്രോത്സാഹിപ്പിക്കാനോ നിലനിർത്താനോ കേരള സർക്കാർ ഒരു കാലത്തും ഒന്നും ചെയ്തിട്ടില്ല. മാറാത്തയും ബംഗാളും യു.പിയും ഗുജറാത്തും ഒക്കെ കലാമൂല്യസിനിമകൾക്ക് സബ്‌സിഡിയും പ്രദർശന സംവിധാനവും ഉറപ്പുവരുത്തുന്ന നടപടികളും നിയമനിർമാണവും ഒക്കെ വളരെ വർഷങ്ങൾക്ക് മുമ്പുതന്നെ നടത്തിയിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പുവരെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം വിതരണം ചെയ്തിരുന്നത് ലളിതവും എന്നാൽ, സാംസ്കാരിക പൂർണവുമായ ചടങ്ങിൽവെച്ച് ആയിരുന്നു. ദേശീയ പുരസ്കാരങ്ങൾ ഇപ്പോഴും വിതരണം ചെയ്യുന്നത് അതി​െൻറ അന്തഃസത്തയും ഔദ്യോഗികതയും കാത്തുസൂക്ഷിച്ചാണ്. ഏതാനും വർഷം മുമ്പാണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ടെലിവിഷൻ ചാനലുകളുടെ മാതൃകയിൽ ആഘോഷങ്ങൾ നിറഞ്ഞ താരമാമാങ്കങ്ങളായി മാറ്റിയത്. സിനിമ എന്ന മാധ്യമത്തിൽ ഓരോ വർഷവും സാംസ്കാരികമായും കലാപരമായും സൗന്ദര്യപരമായും സാങ്കേതികപരമായും ഉന്നതമായ സംഭാവനകൾ ചെയ്തവർക്ക് ഒരു സംസ്ഥാനം നൽകുന്ന ഔദ്യോഗിക ആദരവാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരം. അത് നൽകുന്ന വേദി കുറേക്കൂടി ഗൗരവാവഹവും സാംസ്കാരിക പൂർണവുമാകണം. അവിടെ പുരസ്കാരം ലഭിച്ചവരാണ് മുഖ്യ അതിഥികൾ. പുരസ്കാരം കിട്ടിയവരെയാണ് ആ വേദിയിൽ ആദരിക്കേണ്ടത്' ബിജു പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.