കോട്ടയം: ഭാരത് ആശുപത്രി മാനേജ്മെൻറുമായും പിരിച്ചുവിട്ട നഴ്സുമാരുമായും കലക്ടർ ബി.എസ്. തിരുമേനി ചർച്ചനടത്തി. വെള്ളിയാഴ്ച ഉച്ചക്ക് ഭാരത് ആശുപത്രി ഡയറക്ടർ ഡോ. വിനോദ് വിശ്വനാഥനുമായും വൈകീട്ട് 3.30ന് നഴ്സുമാരുടെ സംഘടനയായ യു.എൻ.എ പ്രതിനിധികളുമായുമാണ് സംസാരിച്ചത്. പിരിച്ചുവിട്ട നഴ്സുമാരെ തിരിച്ചെടുക്കാതെ സമരത്തിൽനിന്ന് പിന്മാറില്ലെന്നും മാനേജ്മെൻറുമായി ഒന്നിച്ചിരുന്ന് വിഷയങ്ങൾ സംസാരിക്കാൻ അവസരമൊരുക്കണമെന്നുമായിരുന്നു നഴ്സുമാരുടെ പ്രധാന ആവശ്യം. സമരത്തിനിറങ്ങിയ നഴ്സുമാരുടെ കരാർ പുതുക്കാത്തതിനാൽ തിരിച്ചെടുക്കില്ലെന്ന നിലപാട് മാനേജ്മെൻറ് ആവർത്തിച്ചു. ഹൈകോടതിയുടെ മധ്യസ്ഥശ്രമം നടക്കുന്നതിനാൽ വിഷയം പഠിക്കാനാണ് ഇരുകൂട്ടരെയും ചർച്ചക്ക് വിളിച്ചതെന്ന് കലക്ടർ ബി.എസ്. തിരുമേനി 'മാധ്യമ'ത്തോട് പറഞ്ഞു. ആദ്യഘട്ട ചർച്ചയാണ് നടന്നത്. വരുംദിവസങ്ങളിൽ ഇരുകൂട്ടരെയും ഒന്നിച്ചിരുത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ ജില്ല പ്രസിഡൻറ് സെബിൻ സി. മാത്യു, ജില്ല സെക്രട്ടറി കിരൺ, നഴ്സ് അശ്വതി ചന്ദ്രൻ, സമരസഹായ സമിതി ഭാരവാഹികളായ ടോണി കുമരകം, ഇ.വി. പ്രകാശ് എന്നിവർ പെങ്കടുത്തു. കോട്ടയം പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തിനു മുന്നിലെ അനിശ്ചിതകാല സമരത്തിൽ മൂന്നാമത്തെ നഴ്സാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. ഇപ്പോഴുള്ള നഴ്സ് ജിസ്ബി സന്ദീപിെൻറ നിരാഹാരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. ഒക്ടോബർ 17ന് ആരംഭിച്ച സമരത്തിൽ നിരാഹാരം കിടന്ന രണ്ട് നഴ്സുമാരുടെയും ആരോഗ്യനില മോശമായപ്പോൾ അറസ്റ്റ് ചെയ്ത് നീക്കാനെത്തിയ പൊലീസിെൻറ ശ്രമം നഴ്സുമാരും സമരസമിതി നേതാക്കളും വിഫലമാക്കിയിരുന്നു. വിഷയത്തിൽ കലക്ടർ ഇടപെടണമെന്ന ആവശ്യം മുന്നോട്ടുവെച്ചതോടെയാണ് ഇരുകൂട്ടരെയും ചർച്ചക്കുവിളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.