ജസ്​റ്റിസ്​ ദിനേശൻ കമീഷൻ റിപ്പോർട്ട്​ ഇന്ന്​ സമർപ്പിക്കും

* വിദ്യാർഥി സംഘടന സ്വാതന്ത്ര്യം ഉറപ്പാക്കാൻ നിയമനിർമാണം വേണമെന്ന് ശിപാർശ തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രശ്നങ്ങൾ സംബന്ധിച്ച് പഠനം നടത്താൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് കെ.കെ. ദിനേശൻ കമീഷൻ ബുധനാഴ്ച മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും. കോളജ് കാമ്പസുകളിൽ വിദ്യാർഥി സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം ഉറപ്പുവരുത്താൻ നിയമനിർമാണം നടത്തണമെന്നത് ഉൾപ്പെടെയുള്ള സുപ്രധാന ശിപാർശകൾ കമീഷൻ റിപ്പോർട്ടിലുള്ളതായാണ് സൂചന. ഇതു സംബന്ധിച്ച് മുഴുവൻ വിദ്യാർഥി സംഘടനകളും കമീഷൻ മുമ്പാകെ ആവശ്യം ഉന്നയിച്ചിരുന്നു. കാമ്പസ് രാഷ്ട്രീയത്തിനെതിരെ ഹൈകോടതി പരാമർശങ്ങൾ വന്ന സാഹചര്യത്തിൽ കൂടിയാണ് കമീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നത്. കാൽ നൂറ്റാണ്ടോടടുക്കുന്ന സംസ്ഥാനത്തെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ ആദ്യമായാണ് സർക്കാർ കമീഷനെ നിയമിക്കുന്നത്. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികളും അധ്യാപകരും നേരിടുന്ന പ്രശ്നങ്ങൾ ഒന്നടങ്കം കമീഷ​െൻറ പരിഗണന വിഷയമായിരുന്നു. അധ്യാപകരുടെ ശമ്പളം, യോഗ്യത, അനധ്യാപക ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ തുടങ്ങിയവ സംബന്ധിച്ചും കമീഷൻ റിപ്പോർട്ടിൽ ശിപാർശകളുണ്ടെന്നാണ് വിവരം. 26 അധ്യായങ്ങൾ അടങ്ങിയ ബൃഹത്തായ റിപ്പോർട്ടാണ് കമീഷൻ തയാറാക്കിയത്. 42 സിറ്റിങ്ങുകളാണ് കമീഷൻ നടത്തിയത്. സംസ്ഥാനത്തെ ആറ് അഫിലിയേറ്റിങ് സർവകലാശാലകൾക്ക് കീഴിലായുള്ള 1478 കോളജുകളിൽ 989 എണ്ണവും സ്വാശ്രയ സ്ഥാപനങ്ങളാണ്. ജസ്റ്റിസ് കെ.കെ. ദിനേശന് പുറമെ ഡോ.കെ.കെ.എൻ. കുറുപ്പ്, പ്രഫ. ആർ.വി.ജി. മേനോൻ എന്നിവർ കമീഷൻ അംഗങ്ങളായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.