മൂന്നാർ: യു.ഡി.എഫ് സംസ്ഥാനത്ത് അഹ്വാനം ചെയ്ത ഹർത്താൽ മൂന്നാറിലെ കച്ചവടക്കാർ ബഹിഷ്കരിച്ചു. നേരേത്ത തുറക്കുന്ന കടകൾ രാവിലെ പത്തുമണിക്ക് മാത്രം തുറന്നതൊഴിച്ചാൽ ഹർത്താൽ ആഹ്വാനം വ്യാപാരികൾ തള്ളുകയായിരുന്നു. യു.ഡി.എഫിന് നേതൃത്വം നൽകുന്ന കോൺഗ്രസിനും ഗത്യന്തരമില്ലാതെ വ്യാപാരികളുടെ ആവശ്യം അംഗീകരിക്കേണ്ടിവന്നു. ദീപാവലി ചൂണ്ടിക്കാട്ടിയായിരുന്നു വ്യാപാരികളുടെ ഹർത്താൽ ബഹിഷ്കരണം. ദീപാവലിക്ക് ഒരുദിവസം മാത്രം ശേഷിക്കെ കടയടച്ചാൽ തൊഴിലാളികൾക്ക് ബുദ്ധിമുട്ടാകുമെന്ന് വ്യാപാരികൾ പറഞ്ഞു. കച്ചവടത്തെ ഇത് ബാധിക്കും. കടകളടച്ച് ഹർത്താലിൽ സഹകരിക്കണമെന്ന് പ്രാദേശിക നേതാക്കൾ ഞായറാഴ്ച കച്ചവടസ്ഥാപനങ്ങളിൽ നേരിട്ടെത്തി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വ്യാപാരികൾ കട തുറക്കുമെന്ന കർശന നിലപാടെടുക്കുകയായിരുന്നു. മുൻ എം.എൽ.എയടക്കം കോൺഗ്രസ് നേതാക്കളെ അറിയിച്ച ശേഷമായിരുന്നു ഇത്. നേരേത്ത, ടൂറിസ്റ്റ് സീസൺ കണക്കിലെടുത്ത് ഇടുക്കി ജില്ലയെ ഹർത്താലിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി യു.ഡി.എഫ് നേതൃത്വത്തെ സമീപിച്ചിരുന്നെങ്കിലും അനുകൂലമായി പ്രതികരിച്ചില്ല. ഇതേതുടർന്ന് ഹർത്താലിനെതിരെ ഒരുമണിക്കൂർ സത്യഗ്രഹം സംഘടിച്ചും വ്യാപാരികൾ പ്രതിഷേധിച്ചു. തൊടുപുഴ മുനിസിപ്പൽ മൈതാനിയിലായിരുന്നു പ്രതിഷേധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.