കട്ടപ്പന: ഏലക്കവില വീണ്ടും കുത്തനെ താഴുന്നു. ഒരു മാസത്തിനിടെ കിലോക്ക് 522 രൂപയാണ് ഇടിഞ്ഞത്. കാലാവസ്ഥ ഏലം കൃഷിക്ക് അനുകൂലമായതോടെ ഉൽപാദനം വർധിക്കുമെന്ന് വൃക്തമായതോടെയാണ് വിലയിടിവ് തുടരുന്നത്. മാർക്കറ്റിൽ ഏലക്കവരവ് വർധിച്ചതോടെ കച്ചവടക്കാർ വിലയിടിക്കുന്നതാണ് സംഭവത്തിന് പിന്നിലെന്ന് ആക്ഷേപം. കഴിഞ്ഞമാസം 11ന് നടന്ന ഇടുക്കി ഡിസ്ട്രിക്റ്റ് ട്രഡീഷനൽ കാർഡമം പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ ഓൺലൈൻ ലേലത്തിൽ 44,550 കിലോ ഏലക്ക വിൽപനക്ക് വന്നതിൽ മുഴുവനും വിറ്റുപോയപ്പോൾ ഉയർന്നവില കിലോക്ക് 1645 രൂപയും ശരാശരി വില കിലോക്ക് 1230.25 രൂപയും ലഭിച്ചു. ഒരു മാസത്തിനുശേഷം ചൊവ്വാഴ്ച നടന്ന സൗത്ത് ഇന്ത്യൻ ഗ്രീൻ കാർഡമം കമ്പനി കൊച്ചി നടത്തിയ ലേലത്തിൽ 94299.9 കിലോ ഏലക്ക വിൽപനക്കായി പതിച്ചതിൽ 93537.5 കിലോയും വിറ്റപ്പോൾ ഉയർന്നവില 1123 രൂപയും ശരാശരി വില 898.4 രൂപയുമായിരുന്നു. അതായത് കഴിഞ്ഞ ഒരു മാസത്തിനിടെ ഉയർന്നവിലയിൽ 522 രൂപയുടെയും ശരാശരി വിലയിൽ 332 രൂപയുടെയും ഇടിവുണ്ടായി. ഓൺലൈൻ ലേലത്തിൽ ഇത്രയും ഇടിവുണ്ടായപ്പോൾ കട്ടപ്പന മാർക്കറ്റിലെ വ്യാപാരികൾ ഏലത്തിെൻറ വില കുത്തനെ ഇടിച്ചുതാഴ്ത്തുകയായിരുന്നു. കിലോക്ക് 1500 രൂപയിൽനിന്ന് 800 രൂപയിലേക്കാണ് വ്യാപാരികൾ വിലയിടിച്ചത്. മഴയും തണുപ്പും തുടരുന്ന സാഹചര്യത്തിൽ ഈ സീസണിൽ ഉൽപാദനം കൂടുമെന്നാണ് ഏലം കർഷകരുടെ സംഘടനകൾ കണക്കാക്കുന്നത്. അങ്ങനെവന്നാൽ കച്ചവടലോബി വീണ്ടും വിലയിടിക്കാൻ ശ്രമിക്കും. അത് വില വീണ്ടും താഴാൻ ഇടയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.