കാഷ് ഡിപ്പോസിറ്റ് മെഷീനിൽ പണം തട്ടൽ; മുഖ്യപ്രതിക്കായി തിരച്ചിൽ

കോട്ടയം: ബാങ്കി​െൻറ കാഷ് ഡിപ്പോസിറ്റ് മെഷീനിൽ പണം നിക്ഷേപിക്കാനെത്തുന്ന ഇതര സംസ്ഥാനക്കാരെ കബളിപ്പിച്ച് ലക്ഷങ്ങൾ കൈക്കലാക്കിയ സംഭവത്തിൽ മുഖ്യപ്രതിക്കായി തിരച്ചിൽ. ബിഹാർ സ്വദേശി ഫിറോസിനായാണ് അന്വേഷണം. ഇയാൾ കേരളം വിട്ടതായാണ് സൂചന. ഇയാളുടെ കൂട്ടാളികളായ മൂന്നുപേരെ കഴിഞ്ഞദിവസങ്ങളിലായി പൊലീസ് പിടികൂടിയിരുന്നു. ഇതോടെയാണ് ഫിറോസ് മുങ്ങിയത്. ബിഹാർ മോത്തിഹാരി ജില്ലയിലെ മനേജർ സഹാനി (35), ചന്ദ്രസാഗരിക ജില്ലയിലെ കേധു സഹാനി (38), മധുബൻ ജില്ലയിലെ ബർസാബൻ രാജേഷ് സഹാനി (32) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ നാലംഗ സംഘം രണ്ടുലക്ഷത്തോളം രൂപ പലരിൽനിന്നായി തട്ടിയെടുത്തതായാണ് നിഗമനം. ഇവർ താമസിച്ചിരുന്ന റാന്നിയിലെ വാടകവീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ മോഷ്ടിച്ച 15 വിലകൂടിയ മൊബൈൽ ഫോണുകൾ, 25,000 രൂപ, നോട്ടി​െൻറ അളവിൽ മുറിച്ചെടുത്ത പേപ്പർ കെട്ടുകൾ തുടങ്ങിയവ കണ്ടെടുത്തിരുന്നു. അടുത്തിടെ എസ്.ബി.ഐയുടെ കോട്ടയം മെയിൻ ബ്രാഞ്ചിലെ എ.ടി.എം കൗണ്ടറിലെ കാഷ് ഡിപ്പോസിറ്റ് മെഷീനിൽ പണം നിക്ഷേപിക്കാനെത്തിയ അസം സ്വദേശി അഹമ്മദ് അലിയിൽനിന്ന് (45) സംഘം പണം തട്ടിയെടുത്തു. ഇയാൾ കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകി. ഒരാഴ്ച ബാങ്കി​െൻറ മുന്നിൽ നിരീക്ഷണം നടത്തിയശേഷമാണ് സംഘത്തെ പൊലീസ് കുടുക്കിയത്. നോട്ടി​െൻറ അളവിൽ മുറിച്ചെടുക്കുന്ന പേപ്പർ കെട്ടി​െൻറ ഇരുവശങ്ങളിലും അഞ്ഞൂറി​െൻറയും രണ്ടായിരത്തി​െൻറയും ഓരോ നോട്ടുകൾ വെച്ച് ബാങ്കിലെ എ.ടി.എമ്മിന് മുന്നിൽ കാത്തുനിൽക്കും. ഇതര സംസ്ഥാന തൊഴിലാളികൾ എത്തിയാൽ, പണം നിക്ഷേപിക്കുന്ന മെഷീൻ കേടാണെന്നും അകത്ത് നിക്ഷേപിക്കാമെന്നും പറയും. സഹായിക്കാമെന്നു പറഞ്ഞ് കൈയിലുള്ള നോട്ടുകെട്ട് അവരുടെ കൈയിൽ കൊടുത്ത് പണം വാങ്ങി ബാങ്കിനകത്തേക്കു പോയി മുങ്ങുകയായിരുന്നു പതിവ്. ഇവർ കൈയിൽ ഏൽപിച്ച നോട്ടുകെട്ട് പരിശോധിക്കുമ്പോഴാണ് തട്ടിപ്പ് മനസ്സിലാവുക. തട്ടിപ്പിനിരയാവുന്നവർ പൊലീസിൽ പരാതി നൽകാൻ തയാറാകാത്തത് തട്ടിപ്പു സംഘത്തിന് സഹായമായി. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും സംഘം സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.