പട്ടയം റദ്ദാക്കൽ: സമരവുമായി സി.പി.എം

പത്തനംതിട്ട: കോന്നി നിയോജക മണ്ഡലത്തിലെ ആറ് വില്ലേജിലെ 1843 പട്ടയം റദ്ദാക്കിയതിനെതിരെ സമരവുമായി സി.പി.എം. കർഷകർക്ക് ഉപാധിരഹിത പട്ടയങ്ങൾ നൽകണമെന്നും തെരഞ്ഞെടുപ്പ് ലക്ഷ്യംെവച്ച് കുടിയേറ്റ കർഷകർക്ക് നിയമസാധുതയില്ലാത്ത പട്ടയം നൽകി വഞ്ചിച്ച അടൂർ പ്രകാശ് എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നും സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിയമാനുസൃത പട്ടയം നൽകാനാണ് ഇപ്പോൾ റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞു. നിയമസാധുതയില്ലെന്ന് അറിഞ്ഞിട്ടും പട്ടയം നൽകാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥരുടെ പേരിൽ നടപടി സ്വീകരിക്കണം. അർഹതപ്പെട്ടവർക്കെല്ലാം പട്ടയമെന്ന ആവശ്യം ഉന്നയിച്ച് 11നും 12നും കോന്നി മേഖലയിലെ അഞ്ചു പഞ്ചായത്തിൽ പ്രചാരണജാഥ നടത്തും. അരുവാപ്പുലം, കലഞ്ഞൂർ, സീതത്തോട്, തണ്ണിത്തോട്, ചിറ്റാർ, കോന്നിതാഴം വില്ലേജുകളിലെ 1843 പേർക്ക് നൽകാൻ തയാറാക്കിയ പട്ടയങ്ങൾ വനഭൂമിയിലാണെന്ന് കണ്ടാണ് റവന്യൂ വകുപ്പ് റദ്ദുചെയ്തത്. ഈ ഭൂമി വനഭൂമിയാെണന്നും പട്ടയം നൽകാൻ കഴിയില്ലെന്നുമുള്ള വനംവകുപ്പ് ഉത്തരവ് മറികടന്നാണ് പട്ടയം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് മന്ത്രിസഭയിൽ അഞ്ചു വർഷം മന്ത്രിയായിരുന്ന അടൂർ പ്രകാശ് അതിൽ നാലു വർഷവും റവന്യൂ വകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്. ഈ മേഖലയിലുള്ളവരെ സഹായിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിൽ അതിനുള്ള തടസ്സങ്ങളൊക്കെ പരിഹരിച്ച് അർഹരായവരുടെ ഭൂമിക്ക് പട്ടയം നൽകാൻ കഴിയുമായിരുന്നു. സീതത്തോട്, തണ്ണിത്തോട്, ചിറ്റാർ വില്ലേജുകളിൽപെട്ടവർക്ക് പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് അന്നത്തെ കോന്നി തഹസിൽദാർ വനം വകുപ്പിനോട് റിപ്പോർട്ട് തേടിയിരുന്നു. ഈ ഭൂമി വനഭൂമിയാണന്നും കേന്ദ്ര സർക്കാറി​െൻറ അനുമതിയില്ലാതെ പതിച്ചുനൽകാൻ കഴിയില്ലെന്നും 2015 ഡിസംബർ രണ്ടിന് റാന്നി ഡി.എഫ്.ഒ ബി. ജോസഫ്, കോന്നി തഹസിൽദാർക്ക് മറുപടിയും നൽകി. എന്നാൽ, വനം വകുപ്പി​െൻറ റിപ്പോർട്ട് മുഖവിലയ്ക്കെടുക്കാതെ റവന്യൂ വകുപ്പ് പട്ടയ നടപടിയുമായി മുന്നോട്ടുപോകുകയായിരുന്നു. സമാനസ്വാഭാവമുള്ള മറ്റു പട്ടയങ്ങൾ പരിശോധിക്കണെമന്ന ആവശ്യമുണ്ടോയെന്ന ചോദ്യത്തിന് അവ റദ്ദാക്കിയിട്ടില്ലല്ലോ എന്നായിരുന്നു മറുപടി. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം പി.ജെ. അജയകുമാർ, റാന്നി ഏരിയ സെക്രട്ടറി പി.ആർ. പ്രസാദ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.