കോട്ടയം: മാങ്ങാനത്ത് കാണാതായ വൃദ്ധദമ്പതികളുടെ മകൻ ജീവനൊടുക്കിയത് വൻസാമ്പത്തിക ബാധ്യത കാരണമെന്ന് പൊലീസിനു സൂചന ലഭിച്ചു. ബാങ്കുകളിൽനിന്ന് വായ്പയും നിരവധിപേരിൽനിന്ന് പണവും വാങ്ങിയിരുന്നതായും അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം, തിങ്കളാഴ്ച പുലർച്ച മുതൽ കാണാതായ കെ.എസ്.ഇ.ബി റിട്ട. അസി. എക്സിക്യൂട്ടിവ് എൻജിനീയർ മാങ്ങാനം പുതുക്കാട്ട് പി.സി. എബ്രഹാമിനെയും (69), ഭാര്യ തങ്കമ്മയെയും (65) കുറിച്ച് സൂചന ലഭിച്ചില്ല. ടിൻസി ഇട്ടി എബ്രഹാമിനെ (37) വീട്ടിനുള്ളിൽ ബുധനാഴ്ച വൈകീട്ട് 6.30ന് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കളത്തിപ്പടി സ്വകാര്യആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ടിൻസിയുടെ മൃതദേഹം ചൊവ്വാഴ്ച സംസ്കരിക്കാൻ ബന്ധുക്കൾ തീരുമാനിച്ചതായാണ് വിവരം. കൊല്ലാട് സെൻറ് പോൾസ് ഒാർത്തഡോക്സ് പള്ളിയിൽ സംസ്കരിക്കുമെന്നാണ് അറിയുന്നത്. ടിൻസിയുടെ മൃതദേഹം ജീർണാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതർ പറയുന്നു. അന്വേഷണത്തിന് പ്രത്യേക സംഘത്തെയും ചുമതലപ്പെടുത്തി. ധ്യാനകേന്ദ്രങ്ങൾ, ഓൾഡേജ് ഹോമുകൾ, ലോഡ്ജുകൾ, ഹോട്ടലുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ദമ്പതികളുടെ ചിത്രങ്ങൾ കാണിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. നവംബർ 13 മുതൽ മുറിയെടുത്ത് താമസിക്കുന്ന മുഴുവൻ ആളുകളുടെയും വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. മരണവിവരം അറിയാതെ ബെൻസി കോട്ടയം: പ്രസവശസ്ത്രക്രിയക്കുശേഷം വിശ്രമിക്കുന്ന ടിൻസിയുടെ ഭാര്യ ബെൻസിയെ മരണവിവരം മൂന്നുദിവസത്തിനുശേഷം അറിയിച്ചാൽ മതിയെന്ന ഡോക്ടറുടെ നിർദേശം പാലിക്കുകയാണ് ബന്ധുക്കൾ. കുഞ്ഞിനെ കാണാൻപോലും എത്താതിരുന്ന ഭർത്താവ് ടിൻസിയെക്കുറിച്ച് ഇടക്കിടെ ചോദിക്കുന്നുണ്ട്. കാണാതായവരെ തേടി പോയിരിക്കുകയാണെന്നാണ് നൽകിയ മറുപടി. ബെൻസിയെ വിവരം അറിയിച്ചശേഷം കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് തേടുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.