ഗാന്ധിനഗർ (കോട്ടയം): മെഡിക്കൽ കോളജുകളിൽ ആരംഭിച്ച പഞ്ചിങ് സംവിധാനത്തിനെതിരെ ഡോക്ടർമാരടക്കം എല്ലാ ജീവനക്കാരും എതിർപ്പുമായി രംഗത്ത്. മറ്റ് സർക്കാർ ഒാഫിസുകളിൽ പഞ്ചിങ് ഏർപ്പെടുത്തുന്നതുപോലെ ഗവ. ആശുപത്രികളിൽ പഞ്ചിങ് ഏർപ്പെടുത്തുന്നത് രോഗി പരിചരണത്തെ ബാധിക്കുമെന്നും ലോകത്ത് ആദ്യമായി ആശുപത്രികളിൽ പഞ്ചിങ് ഏർപ്പെടുത്തുന്നത് കേരളത്തിൽ മാത്രമായിരിക്കുമെന്നും കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ കോട്ടയം മെഡിക്കൽ കോളജ് പ്രസിഡൻറ് ഡോ. എം.സി. ടോമിച്ചൻ പറഞ്ഞു. എട്ട് മണിക്ക് ഡോക്ടർ ഡ്യൂട്ടിയിൽ പ്രവേശിക്കണമെന്ന് പറയുന്നുണ്ടെങ്കിലും എപ്പോൾ പോകണമെന്ന് പറയാത്തത് ഡോക്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് കെ.ജി.എം.സി.ടി.എ മുൻ സംസ്ഥാന ഭാരവാഹി ഡോ. സി.പി. വിജയൻ പറഞ്ഞു. രാവിലെ എട്ടിന് പഞ്ച് ചെയ്യുന്ന ഒരു ഡോക്ടർ ചില സന്ദർഭങ്ങളിൽ ശസ്ത്രക്രിയക്കുശേഷം രാത്രിയാണ് വീട്ടിലേക്ക് മടങ്ങുന്നത്. 24 മണിക്കൂറും ഡ്യൂട്ടി ചെയ്യുന്ന ജൂനിയർ ഡോക്ടർമാരുമുണ്ട്. ചില സമയങ്ങളിൽ രാത്രി സീനിയർ ഡോക്ടർമാർ രോഗി പരിചരണത്തിന് ആശുപത്രിയിൽ എത്തിച്ചേരുന്നുമുണ്ട്. അതിനാൽ സർക്കാർ തന്നിരിക്കുന്ന നിർദേശം പാലിക്കുമെങ്കിലും ഡോക്ടർമാർ തിരികെ പോകേണ്ട സമയം കൂടി ക്രമീകരിക്കാൻ ആരോഗ്യവിദ്യാഭ്യാസ വകുപ്പ് അധികൃതർ തയാറാകണമെന്നും കെ.ജി.എം.സി.ടി.എ ആവശ്യപ്പെടുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും കുട്ടികളുടെ ആശുപത്രിയിലും പഞ്ചിങ് സമയം രണ്ടുതരത്തിലാണ്. കുട്ടികളുടെ ആശുപത്രികളിൽ രാവിലെ എട്ടിനും ഉച്ചക്ക് ഒന്നിനും രാത്രി ആറിനുമായി മൂന്ന് ഷിഫ്റ്റാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, മെഡിക്കൽ കോളജിൽ യഥാക്രമം 7.30, 1.30, 7.30 പിഎം എന്നിങ്ങനെയാണ്. കുട്ടികളുടെ (െഎ.സി.എച്ച്) ആശുപത്രിയിൽ ആവിഷ്കരിച്ച പഞ്ചിങ് സമയം തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിലും നടപ്പാക്കിയാൽ ദൂരസ്ഥലങ്ങളിൽനിന്ന് ദിനേന വന്നുപോകുന്ന ജീവനക്കാർക്ക് ഗുണകരമാകുമെന്ന് വിവിധ യൂനിയനുകളിൽപെട്ട ദൂരസ്ഥലത്തുനിന്ന് എത്തിച്ചേരുന്ന ജീവനക്കാർ പറയുന്നു. ഇതുസംബന്ധിച്ച് ഇവർ ആരോഗ്യവിദ്യാഭ്യാസ ഡയറക്ടർക്ക് (ഡി.എം.ഇ) പരാതി നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.