മു​ണ്ട​ന്‍കാ​വ് പ​ള്ളി​യോ​ട​ത്തി​നു​ള്ള ആ​ഞ്ഞി​ലി​ത്ത​ടി ചെ​ങ്ങ​ന്നൂ​രി​ലെ​ത്തി​ച്ചു

പൊന്‍കുന്നം: ചെങ്ങന്നൂര്‍ മുണ്ടന്‍കാവ് 1725ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗം പുനര്‍നിര്‍മിക്കുന്ന ആറന്മുള പള്ളിയോടത്തിനായി കാഞ്ഞിരപ്പള്ളി താലൂക്കിലെ ചെങ്ങളത്തു മുറിച്ച ആഞ്ഞിലി മരങ്ങള്‍ ഞായറാഴ്ച ഘോഷയാത്രയായി ചെങ്ങന്നൂരിലെത്തിച്ചു. വഞ്ചിപ്പാട്ടിെൻറ അകമ്പടിയോടെയാണ് ഘോഷയാത്ര പുറപ്പെട്ടത്. മരങ്ങളുടെ ഉടമ ചെങ്ങളം പുതുവയലില്‍ ജോസഫ്, ഇദ്ദേഹത്തില്‍നിന്ന് മരംവാങ്ങി മുണ്ടന്‍കാവ് കരയോഗത്തിനുനല്‍കിയ ചിറക്കടവ് കരോട്ടുകാരിയില്‍ സാബു, ഇളങ്ങുളം 5591-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗം സെക്രട്ടറി വി.കെ. ഉണ്ണികൃഷ്ണന്‍ നായര്‍, ഇളങ്ങുളം 274-ാം നമ്പര്‍ കരയോഗം വൈസ് പ്രസിഡൻറ് ഇ.ജെ. ഗോപാലകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ക്ക് ആചാരവിധിപ്രകാരം വെറ്റില, പുകയില എന്നിവ മുണ്ടന്‍കാവ് കരയോഗം ഭാരവാഹികള്‍ കൈമാറി. ലോറിയില്‍ കയറ്റി തടികള്‍ കൊണ്ടുപോകുന്നതിനുമുമ്പ് ആറന്മുള കരയുടെയും ഭഗവാെൻറയും പെരുമ നിറഞ്ഞ വള്ളപ്പാട്ട് കരക്കാര്‍ ചൊല്ലി. തുടര്‍ന്നായിരുന്നു ഘോഷയാത്ര പുറപ്പെട്ടത്. യാത്രാമധ്യേ വിവിധ എന്‍.എസ്.എസ് കരയോഗങ്ങള്‍ സ്വീകരണം നല്‍കി. നേരേത്ത മൂന്നുതവണ അറ്റകുറ്റപ്പണി നടത്തിയിട്ടുള്ള മുണ്ടന്‍കാവ് എ ബാച്ച് പള്ളിയോടം ജീര്‍ണാവസ്ഥയിലായതോടെയാണ് ഇപ്പോള്‍ പുനരുദ്ധാരണം വേണ്ടിവന്നത്. ഉത്രട്ടാതി ജലമേളക്ക് മുമ്പ് പണിതീര്‍ത്ത് നീറ്റിലിറക്കും. 17 അടി അമരപൊക്കവും നാല്‍പ്പത്തിനാലേകാല്‍ കോല്‍ നീളവുമുള്ള പള്ളിയോടത്തില്‍ 74 തുഴച്ചില്‍ക്കാരും പത്തുനിലയാളുകളും നാല് അമരക്കാരും ഉള്‍പ്പെടെ 88 പേര്‍ക്ക് കയറാം. പ്രശസ്ത പള്ളിയോട ശിൽപി അയിരൂര്‍ സതീശന്‍ ആചാരിയാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഘോഷയാത്രക്ക് മധുസൂദനന്‍ സോപാനം (ജന. കണ്‍വീനര്‍), അനൂപ് രാജ് തിരമത്ത്, വിനോദ്കുമാര്‍ കടംതോട്ടില്‍ (കണ്‍വീനര്‍മാര്‍), ദീപു കണ്ണന്‍ ഭസ്മക്കാട്ടില്‍ (വര്‍ക്ക് കണ്‍വീനര്‍), പ്രമോദ് കിഴുകയില്‍ (പബ്ലിസിറ്റി കണ്‍വീനര്‍), കരയോഗം പ്രസിഡൻറ് തങ്കപ്പന്‍ നായര്‍, സെക്രട്ടറി പദ്മകുമാര്‍, പള്ളിയോട സേവാ ട്രസ്റ്റ് സെക്രട്ടറി മുരളീധരന്‍ നായര്‍, ഹരികൃഷ്ണന്‍ കൊച്ചുമഠം, ശ്രീകുമാര്‍ ആന്താലില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഉച്ചയോടെ ഘോഷയാത്ര ചെങ്ങന്നൂരിലെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.