പുഴയില്‍ കക്കൂസ് മാലിന്യം തള്ളല്‍: മൂന്നുപേര്‍ കൂടി അറസ്റ്റില്‍

നിലമ്പൂര്‍: കക്കൂസ് മാലിന്യം പുഴയില്‍ തള്ളിയ സംഭവത്തില്‍ മൂന്നുപേരെ കൂടി നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനത്തിന്‍െറ ഡ്രൈവര്‍ ആലപ്പുഴ ചേര്‍ത്തല സ്വദേശി മൂര്‍ഖന്‍ പറമ്പ് പ്രശാന്ത് (27), കോട്ടയം വൈക്കം കൊടവച്ചൂര്‍ സ്വദേശി ഗിരിലാല്‍ ഭവനില്‍ ഗിരിലാല്‍ (30), ചങ്ങനാശ്ശേരി സ്വദേശി പൂപ്പുറത്ത് ആന്‍റണി ബാബു (27) എന്നിവരെയാണ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. മാലിന്യം നീക്കാന്‍ കരാറെടുത്ത ചേര്‍ത്തല മാടായിത്തറ കൊച്ചുവേളി അരുണ്‍, തണ്ണീര്‍മുക്കം കളത്തില്‍ പ്രജിഷ്, നെയ്യാറ്റിന്‍കര ശിവശക്തിയില്‍ സുനില്‍കുമാര്‍ എന്നിവരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ച പുലര്‍ച്ച രണ്ടരയോടെ വടപുറം പാലത്തിന് സമീപം കുതിരപ്പുഴയില്‍ മാലിന്യം തള്ളുന്നതിനിടെ ടാങ്കര്‍ ലോറി അപകടത്തില്‍പ്പെടുകയായിരുന്നു. നാട്ടുകാരെ കണ്ടയുടനെ പെട്ടെന്ന് തിരിക്കാനുള്ള ശ്രമത്തിനിടെ ലോറി പുഴയോരത്തെ താഴ്ചയിലേക്ക് വീഴുകയായിരുന്നു. നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ പുതിയ കെട്ടിടം നിര്‍മാണത്തിനായി സെപ്റ്റിക് ടാങ്കുകള്‍ പൊളിച്ചു നീക്കേണ്ടതുണ്ട്. ഇതിന്‍െറ ഭാഗമായാണ് നിര്‍മാണം ഏറ്റെടുത്ത ബി.എസ്.എന്‍.എല്‍ കക്കൂസ് മാലിന്യം നീക്കം ചെയ്യാന്‍ കരാറുകാരെ ഏല്‍പ്പിച്ചത്. മാലിന്യങ്ങള്‍ സുരക്ഷിതമായി സംസ്കരിക്കണമെന്ന് കരാറിലുണ്ടെങ്കിലും ജോലി എളുപ്പമാക്കാന്‍ പുഴയില്‍ തള്ളുകയായിരുന്നു. രണ്ട് ലോഡ് പുഴയില്‍ തള്ളി മൂന്നാമത്തെ ലോഡ് തട്ടുന്നതിനിടയിലാണ് ലോറി അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നവരാണ് ചൊവ്വാഴ്ച അറസ്റ്റിലായത്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.