കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമിക്കാനുള്ള നടപടികള്‍ ഇഴഞ്ഞുനീങ്ങുന്നു. ധനവകുപ്പില്‍നിന്ന് തുക അനുവദിക്കാത്തതാണ് പദ്ധതി നീളാന്‍ കാരണം. റവന്യൂ വകുപ്പില്‍നിന്ന് സ്ഥലം വിട്ടുകിട്ടിയിട്ടും പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കാനുള്ള നടപടി അനന്തമായി നീളുകയാണ്. എസ്റ്റിമേറ്റടക്കം തയാറാക്കി ധനവകുപ്പിന് ആഭ്യന്തരവകുപ്പ് ഫയല്‍ കൈമാറിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഇതുവരെ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. ഒരു കോടി എണ്‍പത്തഞ്ച് ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് ധനവകുപ്പിെൻറ പരിഗണനക്കായി നൽകിയിരുന്നത്. റവന്യൂ വകുപ്പില്‍നിന്ന് വിട്ടുകിട്ടിയ 11 സെൻറ് സ്ഥലത്ത് മൂന്ന് നില ബില്‍ഡിങ് പണികഴിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് എസ്റ്റിമേറ്റ് തയാറാക്കിയത്. ആദ്യ നിലയില്‍ പൊലീസ് സ്റ്റേഷനും രണ്ടാമത്തെ നിലയില്‍ സി.ഐ ഓഫിസും ട്രാഫിക് യൂനിറ്റും ഏറ്റവും മുകളില്‍ പൊലീസുകാർക്ക് വിശ്രമസ്ഥലവും അടക്കം ക്രമീകരിക്കാന്‍ ലക്ഷ്യമിട്ടാണ് എസ്റ്റിമേറ്റ് തയാറാക്കിയത്. നിലവില്‍ പൊലീസ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്നതിന് മുൻവശത്തായി റവന്യൂ വകുപ്പ് വിട്ടുനല്‍കിയ സ്ഥലത്താണ് കെട്ടിടം നിര്‍മിക്കുന്നത്. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് ഫണ്ടനുവദിച്ച് ലഭിക്കുന്നതോടെ ഇത് കെട്ടിടനിർമാണ ചുമതലയുള്ള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോർപറേഷന് കൈമാറും. കോർപറേഷനാകും ടെൻഡര്‍ വിളിച്ച് നിർമാണത്തിനു കരാര്‍ നല്‍കുക. ഇതിനിടെ റവന്യൂ വകുപ്പില്‍നിന്ന് ഇപ്പോള്‍ ലഭിച്ച സ്ഥലം അപര്യാപ്തമാണന്നും ഇവിടെയുള്ള 40 സെൻറ് സ്ഥലവും പൊലീസ് സ്റ്റേഷനായി വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ട് പൊലീസ് ഡിപ്പാർട്മെൻറ് റവന്യൂ വകുപ്പിനെ സമീപിച്ചെങ്കിലും ഇക്കാര്യത്തിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല. ജില്ലയില്‍ തൃക്കൊടിത്താനം കഴിഞ്ഞാല്‍ സ്വന്തമായി കെട്ടിടമില്ലാത്ത എക പൊലീസ് സ്റ്റേഷനാണ് കാഞ്ഞിരപ്പള്ളി. നിലവില്‍ പഴയ താലൂക്ക് ഒാഫിസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷന് മഴക്കാലമായതോടെ ചോര്‍ന്നൊലിക്കുകയാണ്. ഡ്യൂട്ടി കഴിഞ്ഞെത്തുന്ന പൊലീസുകാര്‍ക്ക് വിശ്രമിക്കാനോ വസ്ത്രം മാറാനോ പോയിട്ട്, പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍പോലും മതിയായ സൗകര്യമില്ലാത്ത സ്ഥിതിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.