പൂവിനുള്ളിൽ 'ലഹരി'യുമായി ബസുകളെത്തുന്നു

പീരുമേട്‌: കുമളിയിൽനിന്ന് ദേശീയപാത വഴി സർവിസ് നടത്തുന്ന ബസുകളിൽ പൂവ് കൊണ്ടുപോകുന്ന കൂടക്കുള്ളിൽ വിൽപന നിരോധിച്ച ലഹരിവസ്തുക്കൾ കടത്തുന്നതായി സൂചന. തമിഴ്‌നാട്ടിൽനിന്ന് എത്തിക്കുന്ന പൂക്കൂടകൾക്കുള്ളിലാണ് പാൻപരാഗ് തുടങ്ങിയ പുകയില ഉൽപന്നങ്ങൾ കടത്തുന്നത്. ബസുകളിലാണ് ഇവ കടത്തുന്നത്. ഇൗയിനത്തിൽ ദിനേന 2000 രൂപക്ക് മുകളിൽ ലഗേജ് കൂലിയായി ബസുകൾക്ക് വരുമാനം ലഭിക്കുന്നു. ഇതുകൂടാതെ കണ്ടക്ടർക്കും ഡ്രൈവർക്കും പണം നൽകും. ചില സ്വകാര്യ ബസുകളുടെ പിൻസീറ്റുകളിൽ പൂർണമായും പൂക്കൂടകളാണ്. പൂവ് പരിശോധിക്കാത്തതിനാൽ ലഹരിവസ്തുക്കൾ തടസ്സം കൂടാതെ കടത്താൻ സാധിക്കുന്നു. ചങ്ങനാശ്ശേരിയിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.യുടെ ഓർഡിനറി ബസിലും സ്ഥിരമായി ലഹരിവസ്തുക്കൾ കടത്തുന്നതായാണ് വിവരം. ഈ ബസ് കാഞ്ഞിരപ്പള്ളിയിൽ എത്തുമ്പോൾ എറണാകുളം, പത്തനംതിട്ട ഭാഗത്തേക്ക് പോകുന്ന മറ്റ് ബസുകളിൽ കയറ്റിക്കൊണ്ട് പോവുകയും ചെയ്യുന്നു. പൂക്കച്ചവടം ചെയ്യുന്ന മിക്കവരും തമിഴ്നാട് സ്വദേശികളാണ്. കുമളിയിൽ എത്തിക്കുന്ന പൂക്കൂടകൾ ബസിൽ കയറ്റിവിടുകയും ഇറക്കേണ്ട സ്ഥലങ്ങളിൽ ആളുകൾ കാത്തുനിന്ന് വാങ്ങുകയുമാണ് പതിവ്. ഉയർന്ന ലഗേജ് കൂലിയും മറ്റ് പടിയും ലഭിക്കുന്നതിനാൽ പൂക്കൂടകൾ ആളില്ലാതെ കൊണ്ടുപോകാൻ ബസ് ജീവനക്കാർക്കും താൽപര്യമാണ്. തമിഴ്നാട്ടിൽ മൂന്ന് രൂപക്ക് ലഭിക്കുന്ന ഒരു പാക്കറ്റ് ലഹരി വസ്തുക്കൾ 40 രൂപക്കാണ് കേരളത്തിൽ വിൽക്കുന്നത്. പൂക്കൂടകൾ എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥർ പരിശോധിക്കാത്തത് കടത്തുകാർക്ക് സഹായമാകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.