രാജാക്കാട്: ശല്യക്കാരനായ കാട്ടാന 'അരിക്കൊമ്പെൻറ' ദേഹത്ത് കുങ്കിയാനകളുടെ സഹായത്തോടെ റേഡിയോ കോളര്‍ പിടിപ്പിക്കാനുള്ള ഉദ്യമത്തിൽനിന്ന് വനംവകുപ്പ് തൽക്കാലം പിന്മാറി. തമിഴ്നാട്ടിൽനിന്നെത്തിയ കുങ്കിയാനകൾ ഉൾപ്പെട്ട സംഘവും മടങ്ങി. കോളർ ഘടിപ്പിക്കാനായാൽ കൊമ്പെൻറ സാന്നിധ്യവും ചലനംപോലും സന്ദേശമായി എത്തുമായിരുന്നു. ഇതാണ് സാധ്യമാകാതെ പോയത്. ആനയിറങ്കല്‍ പുതുപ്പരട്ട് കോളനിക്ക് എതിര്‍വശത്തെ വനത്തിൽ നിലയുറപ്പിച്ചിരിക്കുന്ന ഒറ്റയാനെ നിരീക്ഷിക്കുന്നതിലായിരുന്നു വെള്ളിയാഴ്ച ചിന്നക്കനാലിലെ വനപാലകരുടെ ശ്രദ്ധ. ലക്ഷങ്ങൾ ചെലവിട്ട് വൻ സന്നാഹങ്ങളോടെ നടത്തിയ ശ്രമങ്ങൾ പാഴായതിൽ പ്രദേശവാസികൾക്ക് അതൃപ്തിയുണ്ട്. വെടിയേറ്റ് മയക്കത്തിലായ ആനയെ രണ്ട് ദിവസവും കലീം എന്ന കുങ്കിയാനയുടെ നിയന്ത്രണത്തിലാക്കിയിട്ടും റേഡിയോ കോളർ ഘടിപ്പിക്കുകയോ സുരക്ഷിതമായ മറ്റേതെങ്കിലും താവളത്തിലേക്ക് നീക്കുകയോ ചെയ്യാതെ ജനവാസകേന്ദ്രത്തിൽ അലയാൻ വിട്ടതിലാണ് വിമർശനം. ക്രുദ്ധനായ ആന ഇനി കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്നും നാട്ടുകാർ ഭയപ്പെടുന്നു. ബുധനാഴ്ച രണ്ടും വ്യാഴാഴ്ച മൂന്നും തവണ മയക്കുവെടിയേറ്റ ഒറ്റയാൻ ക്ഷീണിതനാണ്. ആനയിറങ്കല്‍ ജലാശയത്തിലിറങ്ങി വെള്ളം കുടിച്ചതായാണ് നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഭക്ഷണം എടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കൂടിയാണ് നിരീക്ഷണം തുടരുന്നത്. പുതുപ്പരട്ട് കോളനിയുടെ എതിര്‍വശത്തുള്ള കാട്ടിലേക്ക് മറഞ്ഞ ആന ഭയന്ന അവസ്ഥയിലാണ്. അതുകൊണ്ടുതന്നെ ഇനി ജനവാസ മേഖലയിലിറങ്ങി ശല്യമുണ്ടാക്കില്ലെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്. അനുവദനീയമായ പരമാവധി അളവിൽ മരുന്ന് പ്രയോഗിച്ചിട്ടും ഒറ്റയാൻ വേണ്ടത്ര മയങ്ങിയിരുന്നില്ല. കാലുകളിൽ വടം ബന്ധിക്കാൻ ശ്രമിക്കുന്നതിനിടെ ഒരു പാപ്പാനെ കാലുയർത്തി ചവിട്ടുകയും ചെയ്തു. പൂർണമായി മയങ്ങാത്ത ഒറ്റയാെൻറ തുമ്പിക്കൈയുടെയും മുൻകാലിെൻറയും ഇടയിൽനിന്ന് കോളർ ഉറപ്പിക്കുന്നത് അപകടകരമായതിനാലാണ് ദൗത്യം തൽക്കാലത്തേക്ക് നിർത്തേണ്ടിവന്നതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. കുങ്കിയാനകളുടെ വരവും ആനകളെ ഭയപ്പെടുത്തി ഓടിക്കാനുള്ള ശ്രമവും ആനയിറങ്കലിലെ മറ്റ് ആനകളെ പ്രകോപിതരാക്കിയിട്ടുണ്ട്. മുത്തമ്മ കോളനിയിലെ ഒരു വീടിെൻറ പിന്‍ഭാഗം കഴിഞ്ഞ ദിവസം കാട്ടാന ഇടിച്ചുവീഴ്ത്തിയത് അതിെൻറ ലക്ഷണമാണ്. അതുകൊണ്ടുതന്നെ പ്രദേശവാസികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന നിർദേശവും ഉദ്യോഗസ്ഥർ മുന്നോട്ടുവെച്ചിട്ടുണ്ട്. അരിക്കൊമ്പനെ കൂടാതെ പതിമൂന്നോളം കാട്ടാനകൾ ദൗത്യം നടക്കുന്ന സമയങ്ങളിൽ സിങ്ങുകണ്ടം പരിസരത്ത് ഉണ്ടായിരുന്നു. ഇവയിൽ വലിയകൊമ്പന്‍, ചില്ലിക്കൊമ്പന്‍ എന്നീ ഒറ്റയാന്മാരും പ്രശ്നക്കാരാണ്. മനുഷ്യനില്‍നിന്ന് വേദനിപ്പിക്കുന്ന അനുഭവം ഒരിക്കലുണ്ടായാല്‍ ആന പിന്നീട് കൂടുതല്‍ ആക്രമങ്ങള്‍ക്ക് മുതിരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.