കട്ടപ്പന: കർഷകർക്ക് ഇരുട്ടടിയായി കുരുമുളക് ചെടികൾക്ക് ഫംഗസ് രോഗബാധയും ദ്രുതവാട്ടവും. ഇതുമൂലം കുരുമുളക് ചെടികൾ നശിക്കുകയാണ്. കാലവർഷാരംഭത്തോടെ ചില തോട്ടങ്ങളിൽ കാണപ്പെട്ട ഫംഗസ് രോഗബാധ ഇപ്പോൾ ജില്ലയിലെ ഒട്ടുമിക്ക കുരുമുളക് തോട്ടങ്ങളിലും വ്യാപിച്ചുകഴിഞ്ഞു. ഇലകളിൽ മഞ്ഞനിറം ബാധിക്കുന്നതാണ് രോഗബാധയുടെ ലക്ഷണം. തുടർന്ന് ഇല പൊഴിച്ചിലും തണ്ടിെൻറ അഗ്രഭാഗത്തുള്ള വാട്ടവും വ്യാപിക്കുന്നതോടെ ചെടി നശിക്കും. വർഷങ്ങളുടെ നിരന്തര അധ്വാനത്തിലൂടെ പിടിപ്പിച്ചെടുത്ത കുരുമുളക് ചെടികൾ ദിവസങ്ങൾ കൊണ്ട് വാടി കരിയുന്നത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. മുൻകാലങ്ങളിൽ കുരുമുളക് ചെടികൾ നട്ടാൽ രോഗബാധകളൊന്നും കൂടാതെ അവയിൽനിന്ന് വർഷങ്ങളോളം ആദായം ലഭിച്ചിരുന്നു. ഇപ്പോൾ കുരുമുളക് വള്ളികൾ െവച്ചുപിടിപ്പിച്ചാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ രോഗം പിടിപെട്ട് നശിക്കുന്ന അവസ്ഥയാണുള്ളത്. ഫംഗസ് മൂലമാണ് സാവധാന വാട്ടം എന്ന രോഗം ഉണ്ടാകുന്നത്. ഇലകളും തിരികളും പൊഴിഞ്ഞ്, കണ്ണിത്തല മുറിഞ്ഞ് വീഴുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ കുരുമുളക് ചെടി പൂർണമായും നശിക്കും. കുമിളുകൾ, നീമാവിരകള്‍, മീലിമൂട്ടകള്‍ എന്നിവ കാരണമാണ് സാവധാന ദ്രുതവാട്ടം ഉണ്ടാക്കുന്നത്. നീമവിരകളുടെ ആക്രമണമാണ് പ്രധാന കാരണം. ഇവ വേരുകള്‍ തുരന്ന് അവയില്‍ മുഴകള്‍ ഉണ്ടാക്കുന്നു. ക്ഷതമേറ്റ വേരുകള്‍ക്ക് പിന്നീട് കുമിള്‍ ബാധയേറ്റ് ചീയലുണ്ടാകുന്നു. മഴക്കാലത്തിെൻറ അവസാനത്തില്‍ മഞ്ഞളിപ്പായി തുടങ്ങി അടുത്ത മഴക്കാലത്ത് രോഗം രൂക്ഷമാകുന്നു. നീര്‍വാര്‍ച്ചക്കുറവ് ഈ രോഗത്തിെൻറ ഒരു പ്രധാന കാരണമാണ്. ഒരു ചെടിക്കുണ്ടായാൽ പിന്നെ അത് തോട്ടമാകെ വ്യാപിക്കുന്നു. രോഗത്തിെൻറ തീവ്രത കൂടുതലാണെങ്കില്‍ ചെടികള്‍ പിഴുതുമാറ്റി തീയിട്ട് നശിപ്പിക്കുകയാണ് പോംവഴി. കമ്യൂണിസ്റ്റ് പച്ച, ജമന്തി, ശീമക്കൊന്ന എന്നിവ ചുവട്ടില്‍ ചേര്‍ക്കുക, വള്ളിയൊന്നിന് മൂന്ന് കിലോ വേപ്പിന്‍ പിണ്ണാക്ക് ഇട്ടുകൊടുക്കുക, മിത്രബാക്ടീരിയായ പോച്ചോണിയ ക്ലാമിഡോസ്പോറിയ പെസിലോമൈസെസ് ലിലാസിനസ് നല്‍കുക എന്നിവയാണ് പ്രതിരോധ മാർഗങ്ങളായി സ്വീകരിക്കാൻ കൃഷി വിദഗ്ധർ നിർദേശിക്കുന്നത്. തർക്കം: ജില്ല ആശുപത്രി കാൻറിൻ നടത്തിപ്പ് നിലവിലെ കരാറുകാരന് തന്നെ ചെറുതോണി: ഇടുക്കി ജില്ല ആശുപത്രിയിലെ വിവാദമായ കാൻറീൻ നിലവിലുള്ള കരാറുകാരന് തന്നെ നൽകാൻ എച്ച്.എം.സി യോഗത്തിൽ തീരുമാനം. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുേത്രസ്യ പൗലോസിെൻറ അധ്യക്ഷതയിൽ സൂപ്രണ്ട് എച്ച്.എം.സി മെംബർമാർ എന്നിവരുടെ യോഗത്തിലാണ് തീരുമാനം. ജില്ല ആശുപത്രിയിലെ കാൻറീൻ സംബന്ധിച്ച് മാസങ്ങളായുള്ള തർക്കത്തിനൊടുവിലാണ് കരാർ പുതുക്കി കൊടുക്കാൻ തീരുമാനിച്ചത്. നിലവിലുള്ള കരാറുകാരന് ഓഫിസിലെ ഒരു ജീവനക്കാരനുമായുള്ള അഭിപ്രായ വ്യത്യാസമാണ് തർക്കത്തിന് കാരണം. കമീഷൻ ലഭിക്കാത്തതും ചായ നൽകാൻ താമസിച്ചുവെന്നുമുള്ള ആരോപണങ്ങളാണ് തർക്കത്തിന് അടിസ്ഥാനം. ഇതിനായി സർക്കാറിെൻറ അസാധുവായ ഉത്തരവുകൾ കാണിച്ച് ജീവനക്കാരൻ മനപ്പൂർവം കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ചതാണ് പ്രതിസന്ധി സൃഷ്ടിച്ചതത്രെ. എല്ലാ മാസവും നടക്കുന്ന കമ്മിറ്റികളിൽ ഇത് സംബന്ധിച്ച് ചർച്ച നടത്തിയെങ്കിലും ഓരോരോ കാരണങ്ങൾ പറഞ്ഞ് നടപടികൾ വൈകിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാസം കമ്മിറ്റി കൂടാൻ വൈകിയതിനെ തുടർന്ന് ജീവനക്കാരൻ ജില്ല കലക്ടറെ തെറ്റിദ്ധരിപ്പിച്ച് കാൻറീൻ നടത്തുന്നതിന് കരാർ നൽകാൻ അനുവാദം വാങ്ങി. എന്നാൽ, കമ്മിറ്റി ഇടപെട്ട് കരാർ റദ്ദ് ചെയ്തു. തുടർന്ന് നിലവിലെ കരാറുകാരന് 10 ശതമാനം വർധനയിൽ പുതുക്കി നൽകാൻ നിർദേശം നൽകുകയായിരുന്നു. ഈ തീരുമാനം അട്ടിമറിക്കുന്നതിന് ഉദ്യോഗസ്ഥൻ ശ്രമിച്ചെങ്കിലും ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഇടപെട്ട് കമ്മിറ്റി കൂടി അന്തിമ തീരുമാനമെടുക്കുകയായിരുന്നു. വളം സബ്സിഡി: സെയിൽ മെഷീൻ വിതരണം തൊടുപുഴ: കൃഷി ഓഫിസർമാർ, വളം ഡീലർമാർ എന്നിവർക്ക് പോയൻറ് ഓഫ് സെയിൽ മെഷീൻ പരിശീലനം, വിതരണം എന്നിവ നടത്തുന്നു. 26ന് 10 മുതൽ അടിമാലി, ദേവികുളം ബ്ലോക്കുകളിലെ ഡീലർമാർ, ഉദ്യോഗസ്ഥർ എന്നിവർക്കായി അടിമാലി സഹകരണ ബാങ്ക് ഹാളിലും 27ന് 10 മുതൽ തൊടുപുഴ, ഇളംദേശം ബ്ലോക്കുകളിലെ വളം ഡീലർമാർ, കൃഷി ഓഫിസർമാർ എന്നിവർക്കായി തൊടുപുഴ സിവിൽ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന റബർ മാർക്കറ്റിങ് സഹകരണ സംഘത്തിലും വിതരണം നടക്കും. ഡീലർമാർ ആധാർ കാർഡ്, ഇൻറർനെറ്റ് ഉള്ള മൊബൈൽ ഫോൺ, തലേദിവസത്തെ സ്റ്റോക്ക് നീക്കിയിരിപ്പ് സ്റ്റേറ്റ്മെൻറ് സഹിതം പങ്കെടുക്കണം. പരിപാടിയിൽ ഡീലർമാർ, കൃഷി ഓഫിസർമാർ, അസി. ഡയറക്ടർമാർ എന്നിവർ പങ്കെടുക്കണമെന്ന് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.