കോട്ടയം: കോട്ടയത്ത് റെയിൽപാത ഇരട്ടിപ്പിക്കൽ ജോലി നീളുന്നു. എറണാകുളം മുതൽ കുറുപ്പന്തറ വരെയും ചെങ്ങന്നൂർ മുതൽ ചങ്ങനാശ്ശേരി വരെയുമുള്ള പാത കമീഷൻ ചെയ്തു. ഇനി ചങ്ങനാശ്ശേരി മുതൽ കുറുപ്പന്തറ വരെ 36 കിലോമീറ്റർ ദൂരത്തെ പണിയാണ് അവശേഷിക്കുന്നത്. മേൽപാലങ്ങളുടെ പുനർനിർമാണം അനന്തമായി നീളുന്നതിനൊപ്പം സ്ഥലം ഏറ്റെടുപ്പ് ഉൾപ്പെടെ തർക്കങ്ങളും തടസ്സം സൃഷ്ടിക്കുകയാണ്. കോട്ടയം-ചങ്ങനാശ്ശേരി-ചിങ്ങവനം പാതയിൽ ഇനിയും 10 മേൽപാലങ്ങളുടെ നിർമാണം പൂർത്തിയാക്കണം. ഇതിൽ ആറ് മേൽപാലങ്ങളുടെ നിർമാണം മാത്രമാണ് ആരംഭിച്ചത്. ചിങ്ങവനം, കനകക്കുന്ന് മേൽപാലങ്ങൾ മാത്രമാണ് ഗതാഗതത്തിന് തുറന്നത്. പൂവൻതുരുത്ത്, കൊല്ലാട്, കാലായിപ്പടി, മന്ദിരം തുടങ്ങിയ സ്ഥലങ്ങളിലെ മേൽപാലങ്ങളുടെ നിർമാണം ഇനിയും തുടങ്ങിയിട്ടില്ല. ചിറവുമുട്ടം മേൽപാലം അവസാനഘട്ടത്തിലാണ്. കുറിച്ചി മന്ദിരം ഭാഗത്തെയും പഞ്ചായത്ത് ഒാഫിസിന് സമീപത്തെയും മേൽപാലം നിർമാണം നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് നിർത്തിവെച്ചു. പൊളിച്ച മേൽപാലങ്ങളിലൂടെ ഗതാഗതം സാധ്യമാക്കാതെ സമീപത്തെ മേൽപാലങ്ങൾ പൊളിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. പാത ഇരട്ടിപ്പിക്കലിെൻറ ഭാഗമായി ചിങ്ങവനം-ചങ്ങനാശ്ശേരി ഭാഗത്തെ സ്ഥലം ഏറ്റെടുക്കൽ ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. അതേസമയം, നാട്ടകം, മുട്ടമ്പലം, പെരുമ്പായിക്കാട്, അതിരമ്പുഴ വില്ലേജുകളിലെ ഏറ്റെടുക്കൽ മുടങ്ങി. സ്ഥലം വിട്ടുനിൽക്കുന്നത് സംബന്ധിച്ച തർക്കങ്ങളാണ് പ്രധാന തടസ്സം. അതേസമയം, ചങ്ങനാശ്ശേരി-ചിങ്ങവനം ഭാഗത്തെ പാത ഇരട്ടിപ്പിക്കൽ ഡിസംബറിൽ പൂർത്തിയാക്കുമെന്നാണ് റെയിൽേവ അധികൃതർ പറയുന്നത്. അടുത്തിടെ റെയിൽേവ അധികൃതരും ജില്ല ഭരണകൂടവും നടത്തിയ ചർച്ചക്കൊടുവിൽ നിർമാണം വേഗത്തിലാക്കാൻ തീരുമാനിച്ചിരുന്നു. ആവശ്യത്തിന് തുകയുണ്ടെങ്കിലും നടപടി ഇഴയുന്നതാണ് പ്രശ്നം. സ്ഥലമെടുപ്പ് പൂർത്തിയായാൽ നിർമാണജോലി 2019 മാർച്ചിൽ പൂർത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതർ. നിർമാണപ്രവൃത്തികളുടെ ഭാഗമായി കോട്ടയം റെയിൽേവ സ്റ്റേഷന് സമീപത്തെ തുരങ്കവും ഉപേക്ഷിക്കും. സമീപത്തെ മണ്ണുനീക്കി ഇരട്ടപ്പാതയുടെ നിർമാണം പൂർത്തിയാക്കും. ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ നവീകരണം പുരോഗമിക്കുകയാണ്. അഞ്ചുകോടി മുടക്കി നിർമിക്കുന്ന പുതിയ ടെർമിനൽ ഡിസംബറിൽ പൂർത്തിയാക്കും. പാത ഇരട്ടിപ്പിക്കൽ; രോഗവും ദുരിതവുമായി പ്രദേശവാസികൾ കോട്ടയം: റെയിൽപാത ഇരട്ടിപ്പിക്കൽ ജോലിയുടെ ഭാഗമായി പ്രദേശവാസികൾക്ക് ദുരിതജീവിതം. കോട്ടയം-ചിങ്ങവനം പാതയിൽ ഏറ്റെടുത്ത സ്ഥലങ്ങളിൽ ആഴത്തിൽ മണ്ണെടുത്ത് രൂപപ്പെട്ട കുഴിയും വെള്ളക്കെട്ടുമാണ് പ്രധാനപ്രശ്നം. സ്കൂൾ കുട്ടികളടക്കം നിരവധിപേർ ഭീതിയോടെയാണ് യാത്രചെയ്യുന്നത്. കുറിച്ചി, കാലായിപ്പടി, മന്ദിരം, നാട്ടകം, കടുവാക്കുളം, മൂലേടം തുടങ്ങിയ പ്രദേശങ്ങളിൽ കാൽനടപോലും അസാധ്യമാണ്. പാത ഇരട്ടിപ്പിക്കലിെൻറ ഭാഗമായി നേരേത്തയുണ്ടായിരുന്ന അഴുക്കുചാൽ അടഞ്ഞതോടെ മലിനജലം കെട്ടിക്കിടക്കുകയാണ്. പ്രദേശത്ത് കൊതുകുശല്യവും രൂക്ഷമാണ്. മലിനജലത്തിൽ ചവിട്ടിയുള്ള യാത്ര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന ആശങ്കയുണ്ട്. സമീപത്തെ കിണറുകളിൽ വെള്ളത്തിെൻറ നിറവ്യത്യാസവും ഭീതിവിതക്കുന്നു. മേഖലയിൽ ഡെങ്കിപ്പനിയടക്കം പകർച്ചവ്യാധി പടരുന്നുണ്ട്. നിർമാണം പാതിവഴിയിൽ നിലച്ച മിക്കയിടത്തും വലിയപൊക്കത്തിൽ കാടുകയറിയതോടെ ഇഴജന്തുക്കളുടെ ശല്യം ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.