ന്യൂഡൽഹി: ബലാത്സംഗത്തിനിരയായ 10 വയസ്സുകാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാറിന് നോട്ടീസ് അയച്ചു. ഇരയായ പെൺകുട്ടിക്ക് വൈദ്യസഹായം നൽകാനും ഇൗ മാസം 26ന് വിദഗ്ധ ഡോക്ടർമാരടങ്ങിയ മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാക്കാനും കോടതി ചണ്ഡിഗഢ് ലീഗൽ സർവിസ് അതോറിറ്റി മെംബർ സെക്രട്ടറിക്ക് നിർദേശം നൽകി. ഗർഭഛിദ്രവുമായി ബന്ധപ്പെട്ട 1971ലെ നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനും അഭിഭാഷകനുമായ അലഖ് അേലാക് ശ്രീവാസ്തവ സമർപ്പിച്ച ഹരജിയിലാണ് നടപടി. 10 വയസ്സുകാരിയുടെ 26 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ അനുമതി തേടി നൽകിയ ഹരജി ചണ്ഡിഗഢ് ജില്ല കോടതി തള്ളിയതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെ പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്. നിലവിെല നിയമമനുസരിച്ച് 20 ആഴ്ചയിൽ കൂടുതൽ പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ അനുമതിയില്ല. കേസിൽ ഒരു അമിക്കസ് ക്യൂറിയെ നിയമിക്കാൻ നിർദേശിച്ച കോടതി, ഗർഭഛിദ്രം കുട്ടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുേമാ എന്ന് പരിശോധിക്കാൻ മെഡിക്കൽ ബോർഡിനോട് ആവശ്യപ്പെട്ടു. വൈദ്യപരിശോധന ഉൾപ്പെടെയുള്ള കാര്യങ്ങൾക്കും മറ്റും പെൺകുട്ടിക്കും മാതാപിതാക്കൾക്കും യാത്രാസഹായങ്ങളടക്കം നൽകാനും നിർദേശമുണ്ട്. ഗർഭഛിദ്രം നിഷേധിച്ചാൽ അത് പെൺകുട്ടിയുടെയും പിറക്കാനിരിക്കുന്ന കുഞ്ഞിെൻറയും സാമൂഹിക ജീവിതത്തിന് ഭീഷണിയാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇൗ മാസം 28ന് വീണ്ടും കേസ് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.