കെ.എസ്.ആര്‍.ടി.സി ഷെഡ്യൂള്‍ പരിഷ്‌കരണം അശാസ്ത്രീയം- -ഡ്രൈവേഴ്‌സ് യൂനിയൻ കോട്ടയം: കെ.എസ്.ആര്‍.ടി.സി മാനേജ്മെൻറ് ഏകപക്ഷീയമായി നടപ്പാക്കിയ ഷെഡ്യൂള്‍ പരിഷ്‌കരണം അശാസ്ത്രീയവും അധാർമികവുമാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവേഴ്‌സ് യൂനിയൻ സംസ്ഥാന വര്‍ക്കിങ് പ്രസിഡൻറ് സണ്ണി തോമസും സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. അയ്യപ്പനും പറഞ്ഞു. അശാസ്ത്രീയമായ ഷെഡ്യൂള്‍ പരിഷ്‌കരണത്തില്‍ ബുദ്ധിമുട്ടുന്നത് ഡ്രൈവര്‍ വിഭാഗമാണ്. എട്ടുമണിക്കൂര്‍ ജോലിയില്‍ ആറര മണിക്കൂര്‍ സ്റ്റിയറിങ് ഡ്യൂട്ടി എന്നതാണ് നിയമാനുസൃതം അംഗീകരിച്ചിട്ടുള്ള ഒരു ഡ്യൂട്ടി. എന്നാല്‍, മാനേജ്മെൻറ് നടപ്പാക്കിയ സിംഗിള്‍ ഡ്യൂട്ടിയും ഒന്നര ഡ്യൂട്ടിയും ഈ മാനദണ്ഡങ്ങള്‍ ആകെ ലംഘിച്ചുകൊണ്ടുള്ളതാണ്. ഒരേ റൂട്ടില്‍ ഒരേ കിലോമീറ്ററും ഒരേ ക്ലാസ് സർവിസുമായി ഓപറേറ്റ് ചെയ്യുന്ന സർവിസുകൾക്ക് വ്യത്യസ്ത ഡ്യൂട്ടി പാറ്റേണാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. ഓടുന്ന സമയവും കിലോമീറ്ററും മാനദണ്ഡമാക്കാതെ ഓരോ ബസിനും ലഭിക്കുന്ന കലക്ഷെൻറ അടിസ്ഥാനത്തില്‍ ശമ്പളവും ഡ്യൂട്ടിയും നിശ്ചയിക്കുന്ന നടപടി തുല്യജോലിക്ക് തുല്യവേതനം എന്ന പൊതുതത്ത്വത്തിെൻറ ലംഘനമാണ്. ഒരു ഡ്യൂട്ടിയുടെ നിശ്ചിത സമയത്തിനു മുമ്പായി ബസ് ബ്രേക്ക് ഡൗണായാല്‍ ഓടിയ സമയത്തിെൻറ മണിക്കൂര്‍ കണക്കാക്കി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും രൂപ കൊടുത്ത് ഡ്യൂട്ടി കണക്കാക്കാതിരിക്കുന്ന അപരിഷ്‌കൃത നയം അംഗീകരിക്കില്ലെന്നും നേതാക്കൾ പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.