ചിറ്റാർ പൊലീസ് സ്​റ്റേഷൻ ബാച്ചിലേഴ്സ് ക്വാർട്ടേഴ്സ് ജീർണാവസ്ഥയിൽ

ചിറ്റാർ:- ചിറ്റാർ പൊലീസ് സ്റ്റേഷ​െൻറ ബാച്ചിലേഴ്സ് ക്വാർേട്ടഴ്സ് ജീർണാവസ്ഥയിൽ. 1986ൽ നിർമിച്ച കെട്ടിടം പ്രവർത്തനം തുടങ്ങിയത് 1990ലാണ്. മഴയായതോടെ കെട്ടിടം ചോർന്നൊലിക്കാൻ തുടങ്ങി. പൊതുമരാമത്ത് കെട്ടിടവിഭാഗമാണ് നിർമിച്ചത്. അവിവാഹിതരായ പുരുഷ പൊലീസുകാർക്ക് താമസിക്കാനാണ് സ്റ്റേഷൻ വളപ്പിൽതന്നെ കെട്ടിടം പണിതത്. കരിങ്കല്ലുകൊണ്ടാണ് ഭിത്തി കെട്ടിയിരിക്കുന്നത്. ഇരുനിരയായി എട്ടു മുറിയും അടുക്കള, ഡൈനിങ് ഹാൾ, കുളിമുറികൾ എന്നിവയും ഉണ്ട്. എന്നാൽ, മഴക്കാലമായതോടെ മുറിക്കുള്ളിൽ കഴിയാൻ വയ്യാത്ത അവസ്ഥയാണ്. മേൽക്കൂര കോൺക്രീറ്റ് ആയിട്ടുകൂടി ചോർന്നൊലിക്കുകയാണ്. സ്റ്റേഷനിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ അധികവും ജില്ലക്കു പുറത്തുനിന്നുള്ളവരാണ്. ഇവരിൽ എല്ലാവരും ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്. യഥാസമയം കെട്ടിടം അറ്റകുറ്റപ്പണി നടത്താതിരുന്നതാണ് ചോർച്ചക്കു കാരണമായത്. കെട്ടിടം പണിതശേഷം അറ്റകുറ്റപ്പണി നടന്നിട്ടില്ല. ശബരിമല തീർഥാടനകാലത്ത് ചിറ്റാർ-അച്ചൻകോവിൽ ഹൈവേയിൽകൂടി തീർഥാടകർ കൂടുതലായി എത്തിച്ചേരും. ഈ സമയത്ത് ഇവിടെ കൂടുതൽ പൊലീസിനെ വിന്യസിപ്പിക്കേണ്ടി വരും. ഇങ്ങനെ എത്തുന്ന പൊലീസുകാരും ഈ ചോരുന്ന ക്വാർട്ടേഴ്സിൽ താമസിക്കണം. കെട്ടിടം ചോരുന്നതു കൂടാതെ ഓരോ മുറിയിലും മേൽക്കൂരയിൽനിന്ന് സിമൻറ് അടർന്നു വീഴുകയാണ്. മിക്ക മുറിയിലേയും മേൽക്കൂരയിലെ കോൺക്രീറ്റ് കമ്പി തെളിഞ്ഞുവന്ന നിലയിലാണ്. കുളിമുറിയിലും ഇതേ അവസ്ഥതന്നെയാണ്. മേൽക്കൂര ചോർന്ന് ഒലിക്കുന്നതു കാരണം ഭിത്തികളിൽ പായൽപിടിച്ച് ഈർപ്പം കെട്ടിനിൽക്കുകയാണ്. അടിയന്തരമായി കെട്ടിടം അറ്റകുറ്റപ്പണി ചെയ്യണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.