* നികുതി വെട്ടിപ്പ് സ്ക്വാഡിന് ഒാഫിസ് ഡ്യൂട്ടി അടിമാലി: ചരക്ക് സേവന നികുതി (ജി.എസ്ടി) നിലവിൽ വന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും അവ്യക്തതകള്‍ പരിഹരിക്കാത്തത് നികുതി വെട്ടിപ്പുകാര്‍ക്ക് ചാകരയായി. ചെക്ക്പോസ്റ്റുകളിലും ഇൻറലിജന്‍സ് സ്‌ക്വാഡുകളുടെ പരിശോധനയും നിലച്ചതോടെ എന്തും യഥേഷ്ടം അതിര്‍ത്തി കടത്താമെന്ന സ്ഥിതിയാണ്. ജി.എസ്.ടി ചട്ടപ്രകാരം, ചെക്ക്പോസ്റ്റുകളില്‍ വാഹന പരിശോധന പാടില്ലെന്ന സാഹചര്യം മുതലാക്കി ബില്ലില്‍ നാമമാത്രമായ സാധനങ്ങള്‍ കാണിച്ചു കടത്തുന്നത് ഇരട്ടിയലധികമാണ്. പല വാഹനങ്ങളിലും ബില്ലില്‍ കാണിച്ചിരിക്കുന്ന സാധനങ്ങളല്ല കൊണ്ടുവരുന്നതെന്നും ചെക്ക്പോസ്റ്റിലെ ജീവനക്കാര്‍ ഇതിനു ഒത്താശ ചെയ്യുന്നതായും പറയുന്നു. നികുതി വെട്ടിപ്പ് ബോധ്യപ്പെട്ടാലും പരിശോധിക്കാന്‍ പാടില്ലാത്തതിനാല്‍ നല്‍കുന്ന രേഖകള്‍ വാങ്ങി വാഹനം കടത്തിവിടേണ്ട സ്ഥിതിയാണ്. നികുതിവെട്ടിപ്പുകാരുടെ പേടിസ്വപ്നമായ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം നിലച്ചതാണ് കടത്തുകാര്‍ക്ക് കൂടുതല്‍ അനുഗ്രഹമായത്. ഇടുക്കിയില്‍നിന്ന് ഏലക്കയാണ് കൂടുതലും അയല്‍ സംസ്ഥാനങ്ങളിലേക്ക് പോകുന്നത്. വിവിധയിനം പച്ചക്കറികളും ഇലക്ട്രോണിക് ഉൽപന്നങ്ങള്‍ ഇങ്ങോട്ടും കൊണ്ടുവരുന്നു. എന്നാല്‍, വാഹന പരിശോധന നടത്തി വെട്ടിപ്പു കണ്ടെത്തിയാലും ജി.എസ്.ടി പ്രകാരം പിഴ യീടാക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതാണ് ദുരവസ്ഥക്ക് കാരണം. നിലവിലെ സാഹചര്യം മുതലെടുത്ത് ചെക്ക്പോസ്റ്റുകളില്‍ നല്‍കുന്നതില്‍ പകുതിയും വ്യാജ ബില്ലുകളാണെന്നും ആരോപണമുണ്ട്. വാഹനം പിടിച്ചിടാന്‍ അനുമതിയില്ലാത്തതിനാല്‍ നല്‍കുന്ന രേഖകള്‍ വാങ്ങി വാഹനം കടത്തിവിടുകയേ ജീവനക്കാര്‍ക്ക് നിര്‍വാഹമുള്ളൂ. ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്ന സ്ഥാപനം നിലവിലുണ്ടോ എന്ന് പരിശോധിക്കാന്‍ സംവിധാനമില്ലാത്തതാണ് വ്യാജ ബില്ലുകളെത്തുന്നതിനു കാരണം. പിഴയീടാക്കുന്നതടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി പരിശോധന സജ്ജമാകുന്നതിന് ഇനിയും മാസങ്ങള്‍ തന്നെ വേണ്ടിവന്നേക്കുമെന്നാണ് സൂചന. പുതിയ സാഹചര്യം പരമാവധി മുതലെടുത്ത് ഓണവിപണിയില്‍ പരമാവധി നികുതി വെട്ടിപ്പ് നടത്താന്‍ കടത്ത് മാഫിയ നീക്കം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.