കോട്ടയം: മലങ്കര സഭ തർക്കത്തിലുണ്ടായ സുപ്രീംകോടതി വിധിയിൽ തുടർനടപടി സ്വീകരിക്കാൻ ഓർത്തഡോക്സ് സഭ പ്രത്യേക സമിതിക്ക് രൂപംനൽകി. ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത (പ്രസി), ഡോ. യൂഹാനോൻ മാർ ദിയസ്ക്കോറോസ് മെത്രാപ്പോലീത്ത (കൺ) ഫാ. ഡോ. എം.ഒ. ജോൺ, ജോർജ് പോൾ, അഡ്വ. ബിജു ഉമ്മൻ, ഫാ. ജോൺ സി. ചിറത്തലാട്ട്, അഡ്വ. റോഷൻ ഡി. അലക്സാണ്ടർ എന്നിവരടങ്ങിയതാണ് സമിതി. കാതോലിക്ക ബാവയെ സഹായിക്കുകയാണ് ചുമതല. സഭാസമാധാനം പുനഃസ്ഥാപിക്കുന്നതിന് വിവിധ രംഗങ്ങളിൽ നടക്കുന്ന ചർച്ചകളും ഉയർന്നുവരുന്ന നിർദേശങ്ങളും സമിതി പരിഗണിക്കും. ആദ്യയോഗം ഞായറാഴ്ച വൈകീട്ട് അഞ്ചിന് ദേവലോകം കാതോലിക്കേറ്റ് അരമന ഹാളിൽ നടക്കുമെന്ന് സഭ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ അറിയിച്ചു. സുപ്രീംകോടതി വിധി അംഗീകരിക്കാനാവില്ലെന്ന യാക്കോബായ വിഭാഗം നേതാക്കളുടെ പ്രസ്താവന നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയും സംഘർഷം സൃഷ്ടിച്ച് നിയമസമാധാന നില തകർക്കാനുള്ള നീക്കത്തിെൻറ ഭാഗവുമാണെന്ന് അദ്ദേഹം ആരോപിച്ചു. വിശ്വാസം സംബന്ധിച്ചല്ല, സഭയുടെ സ്വാതന്ത്ര്യവും അധികാരവും സ്വത്തും സംബന്ധിച്ചാണ് തർക്കമെന്ന് കോടതി വിധി വ്യക്തമാക്കിയിട്ടുണ്ട്. മലങ്കര സഭയിലെ പള്ളികൾ 1958, 1999, 2017 വർഷങ്ങളിലെ സുപ്രീംകോടതി വിധി അംഗീകരിച്ച 1934ലെ സഭ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടേണ്ടതാണെന്ന് വിധിച്ചിട്ടും അത് അംഗീകരിക്കാനാവില്ലെന്ന് ആവർത്തിക്കുന്നവർ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇത് ഭരണഘടനെയും നീതിന്യായ വ്യവസ്ഥയെയും വെല്ലുവിളിക്കുന്നതുമാണ്. ഇൗ സമീപനം അവസാനിപ്പിച്ച് മലങ്കരയിൽ സമാധാനം പുനഃസ്ഥാപിക്കാൻ യാക്കോബായ സഭ സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.