നെടുങ്കണ്ടം: കിഴക്കേകവല മുതൽ താന്നിമൂട് ജങ്ഷൻവരെ റോഡ് അപകടക്കെണിയായി. ചാറ്റൽമഴ പെയ്യുന്നതോടെ പല സ്ഥലത്തും വെള്ളക്കെട്ടാകുകയാണ്. നെടുങ്കണ്ടം-താന്നിമൂട് റോഡിലൂടെ ജീവൻ പണയംവച്ചേ യാത്ര ചെയ്യാനാവൂ. കാലവർഷമെത്തിയിട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നിട്ടും അറ്റകുറ്റപ്പണി ചെയ്യാത്തതാണ് വിനയായത്. എന്നാൽ, ഒന്നര വർഷത്തിനിടെ മൂന്നോ നാലോ തവണ അറ്റകുറ്റപ്പണി നടത്തുകയും കുഴിയടക്കുകയും ചെയ്തതാണ്. കല്ലാർ പാലം പുതുക്കിപ്പണിയാൻ കല്ലാർ വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചപ്പോൾ വാഹനങ്ങൾ ഒാടിയിരുന്നത് താന്നിമൂട് റോഡിലൂടെയായിരുന്നു. കല്ലാർ പാലം തുറക്കുംമുമ്പ് കട്ടപ്പന, കമ്പം, കുമളി, രാമക്കൽമേട്, കൂട്ടാർ മേഖലകളിലേക്കുള്ള വാഹനങ്ങളും ഈ വഴിയാണ് പോയിരുന്നത്. ഇതിനാൽ പലതവണ അറ്റകുറ്റപ്പണി നടത്തിയെങ്കിലും എല്ലാം വഴിപാട് പോലെ ആയതിനാൽ വാഹനങ്ങൾക്കോ യാത്രക്കാർക്കോ പ്രയോജനമുണ്ടായില്ല. വിനോദസഞ്ചാര മേഖലയായ രാമക്കൽമേട്ടിലേക്ക് തൂക്കുപാലത്തുനിന്നുള്ള റോഡ് തകർന്നു. ഗതാഗതയോഗ്യമാക്കാത്ത അധികൃതരുടെ നിസ്സംഗതയിൽ പ്രതിഷേധിച്ച് നാട്ടുകാർ കഴിഞ്ഞദിവസം വാഴനട്ടു. തൂക്കുപാലം-രാമക്കൽമേട് റോഡ് തകർന്നിട്ട് നാളുകളായിട്ടും അധികൃതർ അറ്റകുറ്റപ്പണി നടത്താൻ തയാറായിട്ടില്ല. മഴക്കാലമെത്തിയതോടെ റോഡിലെ കുഴികളിൽ ചളിവെള്ളം കെട്ടിക്കിടക്കുന്നതിനാൽ കാൽനട അസാധ്യമാണ്. കുഴികളിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവാണ്. മഴക്കാലം തുടങ്ങുംമുമ്പേ റോഡ് നിർമാണം പൂർത്തീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു. എന്നാൽ, അധികൃതർ നടപടിയെടുത്തില്ല. മഴ കുറഞ്ഞ സമയങ്ങളിൽ റോഡിലെ കുഴിയെങ്കിലും അടക്കാമെങ്കിലും അതിനും നടപടിയില്ല. വഴിവിളക്കുകൾ കണ്ണടച്ചു; വണ്ടിപ്പെരിയാർ കൂരിരുട്ടിൽ വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ പഞ്ചായത്ത് 63 ലക്ഷം രൂപ മുടക്കി വിവിധ വാർഡുകളിൽ സ്ഥാപിച്ച വഴിവിളക്കുകൾ തെളിയുന്നില്ല. യഥാസമയം അറ്റകുറ്റപ്പണി നടത്തുന്നതിലെ അധികൃതരുടെ വീഴ്ചയാണ് തെരുവുവിളക്കുകൾ പ്രവർത്തിക്കാത്തതിനു കാരണമെന്ന ആരോപണവും ശക്തമാണ്. വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിൽ 2015--16 സാമ്പത്തിക വർഷത്തിൽ എൽ.ഇ.ഡി, സി.എഫ്.എൽ, പൊക്കവിളക്കുകൾ എന്നിവ 63,46,013 രൂപ ചെലവഴിച്ചാണ് സ്ഥാപിച്ചത്. കെൽട്രോൺ, യുനൈറ്റഡ് ഇലക്ട്രിക്കൽസ് എന്നിവക്കാണ് കരാർ നൽകിയത്. തെരുവുവിളക്ക് സ്ഥാപിച്ച് ആഴ്ചകൾ കഴിഞ്ഞപ്പോൾ പലതും തകരാറിലായി. പഞ്ചായത്തിലെ 23 വാർഡുകളിൽ ഭൂരിപക്ഷം വാർഡുകളിലും തെരുവുവിളക്ക് തെളിയാത്ത അവസ്ഥയിലാണ്. മ്ലാമല, നാലുകണ്ടം, കീരിക്കര, ഡൈമുക്ക്, അറുപത്തിരണ്ടാം മൈൽ, വാളാർഡി, നെല്ലിമല, കക്കികവല, മേലേ ഗൂഡലൂർ, വള്ളക്കടവ്, അരണക്കൽ തുടങ്ങിയ പ്രദേശത്തെ ലൈറ്റുകൾ തെളിയുന്നില്ല. വണ്ടിപ്പെരിയാറ്റിലും പരിസരങ്ങളിലും രാത്രി മോഷണശല്യം വർധിച്ചതിനാൽ ആളുകൾ ഭീതിയിലാണ്. കഴിഞ്ഞ ഞായറാഴ്ച ടൗണിലെ വികാസ് നഗറിൽ വീട് കുത്തിത്തുറന്ന് സ്വർണം കവർന്നിരുന്നു. ടൗണുകളിലും പരിസരങ്ങളിലും ഇരുട്ടായത് മോഷ്ടാക്കൾക്ക് രക്ഷപ്പെടാനും എളുപ്പമാണ്. മേലെ ഗൂഡല്ലൂർ എൽ.പി സ്കൂൾ പരിസരത്ത് തെരുവുവിളക്കുകൾ തെളിയാതായിട്ട് വർഷങ്ങളായതായി നാട്ടുകാർ പറയുന്നു. വെളിച്ചം ഇല്ലാത്തതിനാൽ പുറത്തിറങ്ങാനും ഭയമാണ്. 2016-ൽ തെരുവുവിളക്കുകൾ സ്ഥാപിച്ച ശേഷം അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. 63 ലക്ഷം ചെലവഴിച്ചിട്ടും പ്രധാനകവലകളിലും ജനവാസകേന്ദ്രങ്ങളിലും രാത്രി ഇരുട്ടാണ്. ഇതിൽ വ്യാപകമായി ക്രമക്കേട് നടന്നതായാണ് ആരോപണം. യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പി.എ. ഹസീബാണ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഓൺലൈൻ സെമിനാർ തൊടുപുഴ: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്), സാമൂഹിക നീതി വകുപ്പ്, ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ യൂനിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ അപസ്മാരമുള്ള കുട്ടികളിലെ 'സംസാരഭാഷ വൈകല്യം' വിഷയത്തിൽ ശനിയാഴ്ച രാവിലെ 10.30 മുതൽ ഉച്ചക്ക് ഒന്നുവരെ തത്സമയ ഓൺലൈൻ ബോധവത്കരണ സെമിനാർ സംഘടിപ്പിക്കും. തൊടുപുഴ വെങ്ങൂല്ലൂരിൽ പ്രവർത്തിക്കുന്ന ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ യൂനിറ്റിലാണ് പരിപാടി. മലയാളത്തിലുള്ള സെമിനാറിൽ പങ്കെടുക്കുന്നതിനും ഓൺലൈനിലൂടെ വിദഗ്ധരുമായി സംശയനിവാരണത്തിനും സൗകര്യമുണ്ട്. ബന്ധപ്പെടേണ്ട വിലാസം: ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ യൂനിറ്റ്, ഇടുക്കി, തൊടുപുഴ. ഫോൺ: 04862-200108, 9496456464.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.