കുമളി/കോട്ടയം: സംസ്ഥാന സർക്കാർ കോഴിവില 87 രൂപയായി നിശ്ചയിച്ച് വിൽപനക്ക് ധാരണയുണ്ടാക്കിയെങ്കിലും കോഴി ലഭ്യമല്ല. ഇടുക്കിയിലെ മിക്ക കോഴിവ്യാപാര സ്ഥാപനങ്ങളും തുറന്നെങ്കിലും കോഴി ഒഴികെ മറ്റ് മാംസങ്ങളാണ് വിൽപനനടത്തിയത്. വിലകുറച്ച് വിൽക്കാൻ കഴിയാത്തതിനാൽ ചില സ്ഥാപനങ്ങൾ ബുധനാഴ്ച അടഞ്ഞുകിടന്നു. അതിർത്തി കടന്നെത്തുന്ന കോഴിവണ്ടികളും ബുധനാഴ്ച എത്തിയില്ല. ഹോട്ടലുകളിൽ കോഴിയിറച്ചി വിഭവങ്ങൾ തയാറാക്കിയത് തമിഴ്നാട്ടിൽനിന്ന് കൊണ്ടുവന്നാണെന്ന് വ്യാപാരികൾ പറയുന്നു. തമിഴ്നാട്ടിലെ കമ്പത്ത് മൊത്തവ്യാപാര സ്ഥാപനങ്ങളിൽ 116 രൂപയായിരുന്നു കോഴിവില. ചില്ലറ വിൽപനകേന്ദ്രങ്ങളിൽ കോഴിക്ക് 124 രൂപയും ഇറച്ചിക്ക് 200 രൂപയുമായിരുന്നു നിരക്ക്. കുമളിയിലും പരിസരങ്ങളിലുമുള്ള വ്യാപാരസ്ഥാപനങ്ങളിൽ കോഴിയിറച്ചിക്കായി ധാരാളം പേർ എത്തിയെങ്കിലും നിരാശയായിരുന്നു ഫലം. മിക്കവരും മീൻ, പോത്ത്, ആട്ടിറച്ചി എന്നിവ വാങ്ങി മടങ്ങി. കേരളത്തിൽ വിൽപന കാര്യമായി കുറഞ്ഞതോടെ ദിവസങ്ങൾക്കുള്ളിൽ തമിഴ്നാട്ടിൽ കോഴി വില കുറയുമെന്നാണ് വിവരം. പ്രധാന വിപണിയായ കേരളത്തിൽ കോഴിവ്യാപാരം നിലച്ചതോടെ പ്രതിസന്ധിയിലായത് തമിഴ്നാട്ടിലെ കർഷകരാണ്. കോട്ടയം ജില്ലയിൽ ബുധനാഴ്ച 110-130 രൂപക്കായിരുന്നു വ്യാപാരം. സമരം തീർന്നെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും പകുതിയോളം കടകൾ മാത്രമാണ് തുറന്നത്. സർക്കാർ നിർദേശിച്ച വിലക്ക് കച്ചവടം നടത്താനാകാത്തതിനാലാണ് കടകൾ തുറക്കാതിരുന്നതെന്ന് ഇവർ പറഞ്ഞു. കോഴി വിതരണം ചെയ്യുന്ന ഏജൻസികൾ 105 രൂപയാണ് കിലോക്ക് നൽകേണ്ടത്. 105 രൂപക്ക് കോഴി വാങ്ങി 87ന് വിൽക്കാനാകില്ല. അതിനാൽ കട തുറക്കുന്നില്ലെന്ന് ചിക്കൻ മർച്ചൻറ് വർക്കേഴ്സ് യൂനിയൻ സെക്രട്ടറി രവീന്ദ്രൻ പറഞ്ഞു. കോട്ടയത്തും സമീപത്തും തുറന്ന കടകളിൽ ശരാശരി 110 -120 രൂപക്കായിരുന്നു കച്ചവടം. കാഞ്ഞിരപ്പള്ളിയിൽ 120 -130 രൂപക്കും ഈരാറ്റുപേട്ടയിൽ 130 രൂപക്കുമാണ് വ്യാപാരം നടന്നത്. കിലോക്ക് 87 രൂപയെന്നത് നിലവിലെ സാഹചര്യത്തിൽ അപ്രായോഗികമാണെന്ന് വ്യാപാരികൾ പറയുന്നു. അതേസമയം, വരും ദിവസങ്ങളിൽ വില കുറയുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. സർക്കാർ പ്രഖ്യാപിച്ച വിലക്ക് കോഴിയെ നൽകിയില്ലെന്നാരോപിച്ച് ചിലയിടങ്ങളിൽ കച്ചവടക്കാരും വാങ്ങാൻ എത്തിയവരും തമ്മിൽ തർക്കവുമുണ്ടായി. പൊൻകുന്നത്ത് ഇറച്ചിക്കടകളിലേക്ക് ഡി.വൈ.എഫ്.െഎ പ്രവർത്തകർ മാർച്ച് നടത്തി. ചിറക്കടവിലെ കടകളിൽ കൂടുതൽ വില ഇൗടാക്കുെന്നന്നാരോപിച്ച് പരിശോധനയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.