േകാട്ടയം: കെ.എസ്.ടി.പി നേതൃത്വത്തിൽ നഗരത്തിലെ പ്രധാനപാതകളിലെ കുഴികൾ അടച്ചു. കനത്ത മഴയിൽ എം.സി റോഡിലും ടി.ബി റോഡിലും നിറഞ്ഞ വൻകുഴികളാണ് നികത്തിയത്. അവധിദിനമായ ഞായറാഴ്ച രാവിലെ മുതൽ വൈകീട്ടുവരെ എം.സി റോഡിൽ ശീമാട്ടി റൗണ്ടാന, ബേക്കർ ജങ്ഷൻ, ടി.ബി റോഡിൽ മാർക്കറ്റിലേക്ക് തിരിയുന്ന ഭാഗം, കെ.എസ്.ആർ.ടി.സിക്ക് മുൻവശം, ടി.ബിക്ക് സമീപം എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് തീർക്കുന്ന കുഴികളാണ് മൂടിയത്. 'മാധ്യമം' ഇതുസംബന്ധിച്ച വാർത്ത ഞായറാഴ്ച നൽകിയിരുന്നു. ചെറുതും വലുതുമായ കുഴികളിൽപെട്ട് നഗരത്തിലേക്ക് പ്രവേശിക്കുന്നതും പോകുന്നതുമായ നിരവധി വാഹനങ്ങളാണ് ഗതാഗതക്കുരുക്കിൽപെട്ട് വലയുന്നത്. കഴിഞ്ഞദിവസം വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. പരാതി വ്യാപകമായതോടെയാണ് പ്രധാനപാതയിലെ കുഴികൾ അടക്കാൻ അധികൃതർ മുന്നിട്ടിറങ്ങിയത്. എം.സി റോഡിൽ നാട്ടകം മുതൽ കോടിമത നാലുവരിപ്പാതവരെയുള്ള ഭാഗങ്ങളിലെ കുഴികൾ ഇനിയും അടച്ചിട്ടില്ല. കെ.എസ്.ടി.പി ടി.ബി റോഡിൽ പാതിവഴിയിൽ ടാറിങ് ഉപേക്ഷിച്ചത് ഇരുചക്രവാഹന യാത്രക്കാരടക്കം അപകടത്തിൽപെടുന്നത് പതിവായിരുന്നു. റോഡ് ഉയർന്നും താഴ്ന്നും നിൽക്കുന്നതാണ് കാരണം. നവീകരണ ഭാഗമായി റോഡ് മുറിച്ചുകടക്കാൻ സഹായകരമായ സീബ്രലൈൻ മുറിഞ്ഞ നിലയിലാണ്. കഴിഞ്ഞദിവസം ഇതറിയാതെ റോഡ് മുറിച്ചുകടന്ന കാൽനടക്കാരിയെ വാഹനം ഇടിച്ചുവീഴ്ത്തിയിരുന്നു. മണിപ്പുഴ മുതൽ കോടിമത നാലുവരിപ്പാതവരെയുള്ള ഭാഗത്താണ് കുഴികൾ ഏറെയുള്ളത്. ഇതര സംസ്ഥാന തൊഴിലാളി ഡിജിറ്റൽ ഡാറ്റ ബാങ്ക് പ്രകാശനം നാളെ ചങ്ങനാശ്ശേരി: തൃക്കൊടിത്താനം ജനമൈത്രി പൊലീസ് നേതൃത്വത്തിൽ തയാറാക്കിയ ഇതര സംസ്ഥാന തൊളിലാളി ഡിജിറ്റൽ ഡാറ്റ ബാങ്ക് പ്രകാശനവും മെഡിക്കൽ ക്യാമ്പും ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് പായിപ്പാട് നക്ഷത്ര ഒാഡിറ്റോറിയത്തിൽ നടക്കും. ജില്ല പൊലീസ് മേധാവി എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലത അശോകൻ അധ്യക്ഷതവഹിക്കും. ജില്ല പഞ്ചായത്ത് അംഗം വി.കെ. സുനിൽകുമാർ, ചങ്ങനാശ്ശേരി ഡിവൈ.എസ്.പി ആർ. ശ്രീകുമാർ, കോട്ടയം ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പി.എൻ. വിദ്യാധരൻ, തൃക്കൊടിത്താനം എസ്.െഎ റിച്ചാർഡ് വർഗീസ് എന്നിവർ സംസാരിക്കും. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വർധിക്കുന്ന കുറ്റകൃത്യങ്ങൾ തടയാൻ വേണ്ടിയാണ് പൊലീസ് വിവരങ്ങൾ ശേഖരിച്ച് ഡാറ്റ ബാങ്ക് രൂപവത്കരിച്ചത്. പൊലീസ്, ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ്, കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.