തിരുവനന്തപുരം: മെഡിക്കൽ, ഡെൻറൽ കോഴ്സുകളിലെ ഫീസ് നിർണയരീതിയിൽ വീഴ്ചവരുത്തിയ സർക്കാർ തുടർനടപടികളുടെ കാര്യത്തിൽ ആശയക്കുഴപ്പത്തിൽ. വീഴ്ചവരുത്തിയ ആരോഗ്യവകുപ്പിെൻറ നടപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതൃപ്തി അറിയിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജയെയും അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനെയുമാണ് വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചത്. സർക്കാറിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തുവരികയും ചെയ്തിരുന്നു. സ്വാശ്രയ മെഡിക്കൽ സ്ഥാപനങ്ങളിലെ ഫീസ് നിർണയത്തിനായി സർക്കാർ നേരത്തെ ഒാർഡിനൻസ് പുറപ്പെടുവിച്ചിരുന്നു. ഒാർഡിനൻസ്പ്രകാരം ഫീസ് നിർണയത്തിനായി പത്തംഗസമിതിയാണുള്ളത്. ഒാർഡിനൻസ് നിലവിലിരിക്കെ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയെ ഉപയോഗിച്ച് സർക്കാർ സ്വാശ്രയ മെഡിക്കൽ, ഡെൻറൽ സ്ഥാപനങ്ങൾക്ക് ഏകീകൃത ഫീസ് നിശ്ചയിക്കുകയായിരുന്നു. നടപടിയെ ചോദ്യംചെയ്ത് സ്വാശ്രയ മെഡിക്കൽ സ്ഥാപനങ്ങൾ കോടതിയെ സമീപിച്ച് അപാകതകൾ ചൂണ്ടിക്കാട്ടി. ഇതോടെ സർക്കാറിന് അബദ്ധം മനസ്സിലായി. ഒാർഡിനൻസിൽ വ്യവസ്ഥചെയ്ത ഫീസ് നിർണയ സമിതിക്ക് പകരം രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ചുനൽകിയ ഫീസിന് നിയമസാധുതയുണ്ടാകില്ല. സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 85 ശതമാനം സീറ്റുകളിലേക്കും അഞ്ചരലക്ഷം രൂപയും 15 ശതമാനം എൻ.ആർ.െഎ സീറ്റുകളിലേക്ക് 20 ലക്ഷം രൂപയും ഫീസായി രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ചിരുന്നു. ഫീസ് നിർണയത്തിന് നിയമസാധുത വരുത്താൻ ഒാർഡിനൻസിൽ ഭേദഗതി കൊണ്ടുവരാൻ കഴിഞ്ഞദിവസം മന്ത്രിസഭയോഗം തീരുമാനിച്ചിരുന്നു. ശിപാർശ ഗവർണർക്ക് സമർപ്പിക്കാനും തീരുമാനിച്ചു. ഇതുസംബന്ധിച്ച് ഗവർണർ വെള്ളിയാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചേക്കും. സ്വാശ്രയ കോളജുകളുടെ കേസ് കോടതി വെള്ളിയാഴ്ച പരിഗണിക്കുന്നുണ്ട്. നേരത്തെയുള്ള ഒാർഡിനൻസ് പിൻവലിച്ചതായും പുതുക്കിയ ഒാർഡിനൻസ് ഇറക്കിയതായും സർക്കാർ കോടതിയെ അറിയിക്കും. ഇത് കോടതി അംഗീകരിക്കുമോ എന്നതും നിർണായകമാണ്. ഭേദഗതി ഒാർഡിനൻസിൽ നിർദേശിച്ച പ്രകാരമുള്ള സമിതിയെ കൊണ്ട് വീണ്ടും ഫീസ് നിർണയിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഒാർഡിനൻസ് പ്രകാരമുള്ള ഫീസ് നിർണയസമിതിയെ സർക്കാർ കഴിഞ്ഞ ദിവസം നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. ജസ്റ്റിസ് രാജേന്ദ്രബാബു തന്നെയാണ് ഇൗ സമിതിയുടെ അധ്യക്ഷൻ. ശേഷം ഇതുസംബന്ധിച്ച് വിജ്ഞാപനം ഇറക്കും. നേരത്തെ രാേജന്ദ്രബാബു കമ്മിറ്റി ഫീസ് നിശ്ചയിച്ചിരുന്നെങ്കിലും സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. ഇൗ സാഹചര്യത്തിൽ ഒാർഡിനൻസിൽ നിർദേശിക്കുന്ന സമിതിയെ കൊണ്ട് പഴയ ഫീസ് നിരക്ക് ആവർത്തിപ്പിച്ച് തീരുമാനമെടുപ്പിക്കാനാണ് ആലോചന. ഇതുവഴി ഫീസ് നിർണയത്തിന് സാധുത കണ്ടെത്താനുമാണ് ആലോചിക്കുന്നത്. ഇക്കാര്യത്തിൽ നിയമപരമായ വീഴ്വരുത്തിയതിനാണ് മുഖ്യമന്ത്രി ആരോഗ്യമന്ത്രിയെയും അഡീഷനൽ ചീഫ് സെക്രട്ടറിയെയും വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.