നിർത്തിവെച്ച അതിർത്തി നിർണയ സ​ർവേ പുനരാരംഭിക്കാൻ തമിഴ്​നാട്​ നീക്കം

നെടുങ്കണ്ടം: ജില്ല കലക്ടറുടെ പ്രത്യേക നിർദേശപ്രകാരം താൽക്കാലികമായി നിർത്തിവെച്ച കമ്പംമെട്ടിലെ അതിർത്തി നിർണയ സർവേ പുനരാരംഭിക്കാൻ തമിഴ്നാട് നീക്കം. ഇതി​െൻറ ഭാഗമായി ഞായറാഴ്ച തമിഴ്നാട്ടിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ കമ്പത്ത് യോഗം ചേർന്നു. തമിഴ്നാട് വനംവകുപ്പ്, പൊലീസ്, റവന്യൂ വിഭാഗങ്ങളും യോഗത്തിൽ പങ്കെടുത്തു. അടിയന്തരമായി കമ്പംമെട്ടിൽ സ്വീകരിക്കേണ്ട നടപടിയാണ് ചർച്ച നടന്നത്. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് സൗത്ത് ഇന്ത്യൻ ഫോർവേർഡ് ബ്ലോക്കെന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാക്കളും അനുയായികളും അതിർത്തി നിർണയ സർവേ നടന്ന സ്ഥലങ്ങൾ സന്ദർശിച്ചു. കമ്പം സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലെ സംഘവും ഒപ്പമെത്തി. സ്ത്രീകൾ ഉൾപ്പെടെ സംഘത്തിലുണ്ടായിരുന്നു. പത്തിലധികം വാഹനങ്ങളിലാണ് രാഷ്ട്രീയ പാർട്ടി നേതാക്കൾ എത്തിയത്. കമ്പംമെട്ടിലെത്തിയ ശേഷം നേതാക്കൾ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചാണ് മടങ്ങിയത്. ഭൂമി തമിഴ്നാടിേൻറതെന്ന വാദമുയർത്തി എത്തിയ രാഷ്ട്രീയ പാർട്ടി നേതാക്കൾ സർവേ നടന്ന സ്ഥലം കാണണമെന്ന് ആവശ്യപ്പെട്ടതായും അറിയുന്നു. ഇതോടെ കമ്പംമെട്ട് പൊലീസ് അതിർത്തിയിൽ സുരക്ഷ ശക്തമാക്കി. മുടങ്ങിയ സംയുക്ത സർവേ പുനരാരംഭിക്കുന്നതിനാണ് തമിഴ്നാട് നീക്കം. കേരളവും തമിഴ്നാടും തമ്മിൽ നിലനിന്ന കമ്പംമെട്ട് ചെക്ക്പോസ്റ്റിലെ അതിർത്തി തർക്കം പരിഹരിക്കാൻ ഇരുസംസ്ഥാനവും സംയുക്തമായി നടത്തിവന്ന സർവേ ഇടുക്കി ജില്ല കലക്ടറുടെ പ്രത്യേക നിർദേശപ്രകാരം കഴിഞ്ഞ 13നാണ് താൽക്കാലികമായി നിർത്തിവെച്ചത്. കേരളത്തിലെ എക്സൈസ് വകുപ്പ് മൊഡ്യൂൾ കണ്ടെയ്നർ ചെക്പോസ്റ്റ് സ്ഥാപിക്കാനൊരുങ്ങിയ സ്ഥലം മാത്രം അളന്ന് തിട്ടപ്പെടുത്തിയാൽ മതിയെന്ന കലക്ടറുടെ നിർദേശം ലഭിച്ചതിനാൽ ശേഷിച്ച സർവേയിൽനിന്ന് റവന്യൂ വിഭാഗം പിന്മാറുകയായിരുന്നു. ഉന്നതതല ചർച്ചക്കുശേഷം ബാക്കി സർവേ നടത്താമെന്നായിരുന്നു അന്നത്തെ തീരുമാനം. കേരളത്തി​െൻറയും തമിഴ്നാടി​െൻറയും ഭാഗത്തുനിന്നു നേരിയ തോതിലുള്ള കൈയേറ്റങ്ങൾ സർവേ സംഘം കണ്ടെത്തി. മലയാളി കുടുംബങ്ങളിൽ ചിലത് തമിഴ്നാട് അതിർത്തിയിലാണെന്നും വന്നു. ഇതോടെ ചർച്ചയിലൂടെ ഫോർമുല രൂപപ്പെടുത്തിയ ശേഷം ബാക്കി ഭാഗം അളന്നാൽ മതിയെന്നാണ് ഇടുക്കി കലക്ടർ നിർദേശം വെച്ചത്. കമ്പംമെട്ടിൽ കേരള-തമിഴ്നാട് അതിർത്തി തർക്കഭൂമിയിൽ സർവേ അസി. ഡയറക്ടർമാരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കാപ്പി, ഏലം, തെങ്ങ്, കൊടി തുടങ്ങിയ കൃഷിയിടങ്ങളും തമിഴ്നാട്ടിലാണെന്ന് കണ്ടെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.