കട്ടപ്പന: പരിസ്ഥിതി നാശവും പാറപൊട്ടിക്കലും പശ്ചിമ ഘട്ടത്തിലെ ബാൾസങ്ങൾക്ക് ഭീഷണിയാകുന്നു. പശ്ചിമ ഘട്ടത്തിലെ നനഞ്ഞ പാറക്കെട്ടുകളും നീർച്ചോലകളും അരുവികളുടെ തീരങ്ങളും ഇപ്പോൾ ആയിരക്കണക്കിന് ബാൾസങ്ങളുടെ പൂക്കൾകൊണ്ട് മനോഹരമാണ്. ഭൂഗോളത്തിലെ ഏറ്റവും ഭംഗിയുള്ള പുഷ്പങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നവയാണ് ബാൾസങ്ങൾ. പരിസ്ഥിതി നാശവും അനിയന്ത്രിത പാറപൊട്ടിക്കലും ക്വാറികളുടെ പ്രവർത്തനവും ബാൾസങ്ങളുടെ നിലനിൽപിനുതന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്. മഴക്കാലത്ത് പശ്ചിമഘട്ടത്തിലെത്തുന്ന ടൂറിസ്റ്റുകളുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് വഴിവക്കിലും പാറക്കെട്ടുകളിലും കാണുന്ന ബാൾസങ്ങൾ. 'ഇംപേഷ്യനൻസ്' എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ബാൾസങ്ങൾ മഴക്കാലത്ത് ഒരു സീസണിൽ വളർന്ന് പുഷ്പ്പിച്ച് മണ്ണിലേക്ക് മടങ്ങുന്നവയാണ്. ലോകത്തിലൊട്ടാകെ 900 ഇനം ബാൾസങ്ങളുണ്ട്. അതിൽ 89 ഇനങ്ങൾ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നവയാണ്. ഇതിൽ 60 ഇനങ്ങളും ഹൈറേഞ്ചിലെ നനഞ്ഞ പാറക്കെട്ടുകളിലും മരങ്ങളിലും തഴച്ചുവളരുന്നവയാണ്. ബാൾസങ്ങളുടെ ആവാസ വ്യവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങൾ ഇവയുടെ വംശനാശത്തിന് ഇടയാക്കും. പശ്ചിമഘട്ട മലനിരകളിൽ ഉൾപ്പെടുന്ന ആനമല, മീശപ്പുലിമല, കൊളുക്കുമല, മൂന്നാർ, ഇരവികുളം, മതികെട്ടാൻചോല എന്നിവിടങ്ങളിൽ മാത്രം കാണപ്പെടുന്ന പത്തോളം ബാൾസങ്ങൾ വംശനാശഭീഷണിയിലാണ്. ഇവയിൽ ഇംപേഷ്യൻസ് മൂന്നാറൻസ്, ഇംപേഷ്യൻസ് പല്ലിടി, ഇംപേഷ്യൻസ് ഓർക്കിയോയിൻസ്, ഫ്ലോറ എന്നിവ കടുത്ത വംശനാശ ഭീഷണിയാണ് നേരിടുന്നതെന്ന് പാല സെൻറ് തോമസ് കോളജിലെ സസ്യശാസ്ത്ര വിഭാഗം തലവൻ ഡോ. ജോമി അഗസ്റ്റിൻ പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിെൻറയും പരിസ്ഥിതി നാശത്തിെൻറയും ആദ്യ ഇരകളാണ് ബാൾസങ്ങൾ. ഈർപ്പമുള്ള പാറക്കെട്ടുകൾ ബാൾസങ്ങളുടെ പറുദീസയാണ്. പശ്ചിമഘട്ടത്തിലെ പാറക്കെട്ടുകളുടെ നാശം ബാൾസങ്ങളുടെ നിലനിൽപിനു തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്. ഫോട്ടോ ക്യാപ്ഷൻ TDG1 പശ്ചിമഘട്ട മലനിരകളിൽ ഉൾപ്പെട്ട ചെകുത്താൻ മലയിൽ പൂവിട്ടുനിൽക്കുന്ന ബാൾസങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.