നെടുങ്കണ്ടം: അതിർത്തി ചെക്ക്പോസ്റ്റിൽ എക്സൈസുകാർക്ക് കഞ്ചാവും മറ്റും പിടികൂടണമെങ്കിൽ വനംവകുപ്പ് കടാക്ഷിക്കണം. ജി.എസ്.ടി നിലവിൽ വന്നതോടെയാണ് കമ്പംമെട്ട് ചെക്ക്പോസ്റ്റിൽ എക്സൈസ് വിഭാഗത്തിന് വാഹന പരിശോധന നടത്താൻ തടസ്സമായത്. കമ്പംമെട്ട് ചെക്ക്പോസ്റ്റിൽനിന്ന് കട്ടപ്പനക്കും നെടുങ്കണ്ടത്തിനുമുള്ള രണ്ട് പാതയിലെയും നികുതി ചെക്ക്പോസ്റ്റ് ബാരിക്കേഡുകൾ എടുത്തുമാറ്റിയതോടെ എല്ലാ വാഹനങ്ങൾക്കും ഇവിടെ നിർത്താതെ കടന്നുപോകാം. അതോടെ എക്സൈസിെൻറ പരിശോധന മുടങ്ങി. അതിർത്തിയിൽ നിലവിലുള്ളത് വനംവകുപ്പുവക ചെക്ക്പോസ്റ്റാണ്. അത് എല്ലായ്പ്പോഴും ബാരിക്കേഡ് താഴ്ത്തിവെക്കാറില്ല. പകുതി താഴ്ത്തിയാൽപോലും ഇരുചക്ര വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയും. ഇരുചക്ര വാഹനങ്ങളിലാണ് ഏറ്റവുമധികം കഞ്ചാവ് അതിർത്തി കടത്തുന്നത്. തന്നെയുമല്ല ഇവിടെ വനംവകുപ്പ് വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധിക്കാറില്ല. വനംവകുപ്പ് തടഞ്ഞുനിർത്തിയാലേ എക്സൈസിന് പരിശോധിക്കാൻ കഴിയൂ. ജി.എസ്.ടി വരുന്നതിന് മുമ്പ് നികുതി വകുപ്പിെൻറ രണ്ട് ബാരിക്കേഡ് കഴിഞ്ഞുവേണമായിരുന്നു വാഹനങ്ങൾക്ക് കടന്നുപോകാൻ. ഇത് നീക്കം ചെയ്തതോടെ തമിഴ്നാട്ടിൽനിന്ന് വാഹനങ്ങൾ അമിത വേഗത്തിൽ ഇതുവഴി കടന്നുപോകുകയാണ്. അഞ്ച് ചെക്ക്പോസ്റ്റുകളും പൊലീസും ഉണ്ടായിട്ടും ഇതുവഴി കഞ്ചാവും മറ്റിതര ലഹരി ഉൽപന്നങ്ങളും സുലഭമായി അതിർത്തി കടന്ന് കേരളത്തിലെത്തുന്നുണ്ട്. വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധിക്കാൻ കഴിയാതായതോടെ കഞ്ചാവും മറ്റും കേരളത്തിലേക്ക് ഒഴുകുമെന്നാണ് കണ്ടെത്തൽ. നികുതിവകുപ്പോ വനംവകുപ്പോ തടഞ്ഞുനിർത്തിയാൽ മാത്രമേ വാഹനങ്ങൾ പരിശോധിക്കാനാകൂ. റോഡിനോരം ചേർന്ന് നിൽക്കുന്ന എക്സൈസ് സംഘം വാണിജ്യവകുപ്പ് തടഞ്ഞുനിർത്തുന്ന തക്കം പാർത്താണ് വാഹനങ്ങൾ പരിശോധിച്ചിരുന്നത്. ഇപ്പോൾ അതും ഇല്ലാതായി. അതിർത്തിയിൽനിന്ന് ദൂരെ മാറിയാണ് എക്സൈസ് വകുപ്പ് വക ചെക്പോസ്റ്റ്. കഞ്ചാവും ലഹരി ഉൽപന്നങ്ങളിലധികവും ഇനിമുതൽ കട്ടപ്പന റൂട്ടിൽ സുലഭമായി ഒഴുകുമെന്നാണ് വിലയിരുത്തൽ. വാണിജ്യ വകുപ്പ് വാഹന പരിശോധന അവസാനിപ്പിച്ചതോടെ ചെക്ക്പോസ്റ്റിൽ വാഹന തിരക്കും കുറഞ്ഞു. ജി.എസ്.ടി നടപ്പാക്കുന്നതിന് മുമ്പ് ചരക്കുമായി അതിർത്തി കടന്നെത്തുന്ന വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ നിറത്തി ചരക്ക് ഡിക്ലറേഷനും ബില്ലും നികുതി ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷമായിരുന്നു കടത്തിവിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.