കോട്ടയം: പാലായിലേക്ക് സംസ്ഥാന സ്കൂൾ കായികമേള വിരുന്നെത്തുമോയെന്ന് കാത്തിരിക്കുകയാണ് കായിക പ്രേമികൾ. നിർമാണം അവസാനഘട്ടത്തിലെത്തിയ പാലായിലെ അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയത്തിൽ കായികമേള നടത്താനാണ് വിദ്യാഭ്യാസ വകുപ്പിെൻറ ആലോചന. ഇതിെൻറ ഭാഗമായി വകുപ്പ് നിയോഗിച്ച പ്രത്യേക ടെക്നിക്കൽ സംഘം ബുധനാഴ്ച പാലായിൽ എത്തും. സൗകര്യം വിലയിരുത്തലും ട്രാക്ക് അടക്കമുള്ളവയുെട നിലവാരം പരിശോധിക്കലുമാണ് സംഘത്തിെൻറ ലക്ഷ്യം. കേരള അത്‌ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി പ്രഫ. പി.ഐ. ബാബുവിെൻറ നേതൃത്വത്തിൽ മൂന്നംഗ പരിശീലന സംഘമാകും എത്തുക. വിദ്യഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ചാക്കോ ജോസഫും ഒപ്പമുണ്ടാകും. പാലാ മുനിസിപ്പൽ സ്റ്റേഡിയമാണ് നവീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നത്. നിലവിൽ സിന്തറ്റിക് ട്രാക്കുകളുള്ള തിരുവനന്തപുരം, െകാച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ മാറിമാറിയാണ് സ്കൂൾ കായികമേളകൾ നടത്തിവരുന്നത്. ഇൗ സാഹചര്യത്തിലാണ് പുതിയ സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള ശ്രമം. നിലവിൽ കോട്ടയം ജില്ലയിൽ സിന്തറ്റിക് ട്രാക്കുള്ള ഏകസ്റ്റേഡിയമാണ് പാലായിലേത്. പാലക്കാട്ടും പുതിയ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിെൻറ നിർമാണം നടക്കുന്നു. അവിടവും പരിഗണനയിലുണ്ടെങ്കിലും മറ്റ് സൗകര്യം കുറവാണ്. ഇൗ സാഹചര്യത്തിൽ പാലാക്കാണ് പ്രഥമ പരിഗണന. അത്‌ലറ്റിക്സ്, അക്വാട്ടിക്, ജമ്പ്സ്, ത്രോ, വോളിബാൾ, ബാസ്കറ്റ്ബാൾ, ഫുട്ബാൾ എന്നിവ ഉൾപ്പെടെ എല്ലാ ഇനങ്ങളും ഒരേ സ്ഥലത്ത് നടത്താൻ കഴിയുന്ന മധ്യകേരളത്തിലെ ഏക സ്റ്റേഡിയമാണ് പാലായിലേത്. സിന്തറ്റിക് ട്രാക്ക് നിബന്ധന വരുംമുമ്പ് വർഷങ്ങൾക്ക് മുമ്പ് പാലായിൽ സംസ്ഥാന സ്കൂൾ കായികമേള നടന്നിരുന്നു. അതേസമയം, പാലാ സ്റ്റേഡിയത്തിൽ ഗാലറിയുടെ അഭാവമുണ്ട്. ഇതു പരിഹരിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സ്റ്റേഡിയത്തിെൻറ പണി അന്തമഘട്ടത്തിലാണ്. ഗാലറി അടക്കം സ്റ്റേഡിയത്തിലെ അവശേഷിക്കുന്ന പണിക്കായുള്ള വിശദ എസ്റ്റിമേറ്റ് നാഷനൽ ഗെയിംസ് സെക്രട്ടേറിയറ്റ് ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ തയാറാക്കി. ജർമനി, മലേഷ്യ എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത കായിക ഉപകരണങ്ങൾ വിദേശ കായിക എൻജിനീയർമാരുടെ മേൽനോട്ടത്തിലാണ് ഇവിടെ സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.