ചങ്ങനാശ്ശേരി: പാത വികസന ഭാഗമായി നിര്‍മാണം പൂര്‍ത്തിയായ ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനിലെ മൂന്നും നാലും ട്രാക്കുകളുടെ കമീഷനിങ് നടന്നു. രാവിലെ ഒമ്പതിനുശേഷമാണ് കമീഷനിങ് ആരംഭിച്ചത്. മൂന്നോടെ ജോലികള്‍ പൂര്‍ത്തിയാക്കി ഈ പാതകള്‍ ഗതാഗതത്തിനായി തുറന്നുകൊടുത്തു. തുടര്‍ന്ന് അഞ്ചിന് പരശുറാം എക്സ്പ്രസ് ട്രെയിനെ കടത്തിവിട്ടു. മൂന്ന്, നാല് ട്രാക്കുകള്‍ തുറന്നതോടെ ഒന്നും രണ്ടും ട്രാക്കുകള്‍ നവീകരണത്തിനായി അടച്ചു. 45 ദിവസത്തെ നവീകരണ ജോലികള്‍ക്കുശേഷം ഈ ട്രാക്കുകളും ഗതാഗതത്തിനായി തുറന്നുകൊടുക്കും. തിരുവല്ല മുതല്‍ ചങ്ങനാശ്ശേരി സ്റ്റേഷന് മുമ്പ് ഇരൂപ്പ ലെവല്‍ ക്രോസ് വരെ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കി എന്‍ജിന്‍ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ഈ ഭാഗത്ത് അവസാനഘട്ട നിര്‍മാണം പൂര്‍ത്തിയായി വരുകയാണ്. 50 ദിവസത്തിനകം തിരുവല്ല-ചങ്ങനാശ്ശേരി പാതയില്‍ വികസനം പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ പറഞ്ഞു. ചങ്ങനാശ്ശേരി-വാഴൂര്‍ റോഡിലെ റെയില്‍വേ മേല്‍പാലത്തിലെ ടാറിങ്ങിനുള്ള ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. തിങ്കളും ചൊവ്വയുമായി പകലും രാത്രിയുമായി ടാറിങ് പൂര്‍ത്തീകരിക്കാനാണ് റെയില്‍വേയുടെ തീരുമാനം. ടാറിങ്ങിനുവേണ്ടി ഈ ദിവസങ്ങളില്‍ റെയില്‍വേ ബൈപാസ് ജങ്ഷന്‍ മുതല്‍ കുരിശുംമൂട് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്നും അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.