വരള്‍ച്ച മുന്നൊരുക്കം വേഗം പൂര്‍ത്തിയാക്കണമെന്ന് ജില്ല വികസനസമിതി

കോട്ടയം: വരള്‍ച്ച രൂക്ഷമാകാനുള്ള സാധ്യത റിപ്പോര്‍ട്ട് ചെയ്തതിനാല്‍ മുന്നൊരുക്കം വേഗത്തിലാക്കണമെന്ന് ജില്ല വികസനസമിതിയില്‍ നിര്‍ദേശം. വൈക്കം വെട്ടിക്കാട്ടുമുക്ക് ഭാഗത്ത് മൂവാറ്റുപുഴയാറ്റില്‍ തടയണ നിര്‍മിക്കണമെന്ന് സി.കെ. ആശ എം.എല്‍.എ ആവശ്യപ്പെട്ടു. സമയബന്ധിതമായി തടയണ നിര്‍മാണം പൂര്‍ത്തിയാക്കിയില്ളെങ്കില്‍ 10 നിയോജകമണ്ഡലങ്ങളിലായി വിതരണം ചെയ്യുന്ന ഏഴ് കുടിവെള്ളപദ്ധതികള്‍ ഓരുവെള്ളഭീഷണി നേരിടുമെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുടിവെള്ളത്തിലെ ഉപ്പുരസത്തിന്‍െറ അളവ് ചുങ്കം ഭാഗത്ത് 2000 എംജി/എല്‍, വെട്ടിക്കാട്ടുമുക്കില്‍ 560 എംജി/എല്‍, പിറവം റോഡില്‍ 216 എംജി/എല്‍ എന്നിങ്ങനെയാണ്. അനുവദനീയമായ ഉപ്പുരസത്തിന്‍െറ അളവ് 250 എംജി/എല്‍ ആണ്. ജലനിരപ്പ് ഇനിയും കുറഞ്ഞാല്‍ ഇന്‍ടേക്ക് കിണറില്‍ ഉപ്പുരസം കയറാനുള്ള സാധ്യത കൂടുതലാണ്. ഇത് കുടിവെള്ളവിതരണത്തെ ബാധിക്കും. അടിയന്തരമായി മലങ്കര ഡാമിലെ വെള്ളം തുറന്നുവിടാനുള്ള സാധ്യത ഇടുക്കി കലക്ടറുമായി ചര്‍ച്ചചെയ്യുമെന്ന് കലക്ടര്‍ സി.എ. ലത അറിയിച്ചു. വൈക്കം തോട്ടുവക്കത്തുള്ള പി.ഡബ്ള്യു.ഡി ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസ് മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റാനും പി.ഡബ്ള്യു.ഡി ഓഫിസിന്‍െറ പ്രവര്‍ത്തനം റെസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍നിന്ന് സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാനും ജില്ല വികസനസമിതി നിര്‍ദേശിച്ചു. വൈക്കം റെസ്റ്റ് ഹൗസ് കാന്‍റീന്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് റീ ടെന്‍ഡര്‍ വിളിക്കാനും തീരുമാനമായി. വൈക്കത്ത് നിലല്‍പുസമരം നടത്തിയ ദലിത് കുടുംബങ്ങള്‍ക്ക് കണ്ടത്തെിയ സ്ഥലത്തിന്‍െറ വാല്വേഷന്‍ നടപടി പൂര്‍ത്തിയാക്കാനും സമിതി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 32 കോടിയുടെ മണിമലയാര്‍ കുടിവെള്ളപദ്ധതിയുമായി ബന്ധപ്പെട്ട ജോലികള്‍ റീടെന്‍ഡര്‍ ചെയ്യാനുള്ള നടപടി വേഗത്തിലാക്കാനും കുളത്തൂര്‍മുഴിയില്‍ താല്‍ക്കാലിക തടയണ നിര്‍മിക്കാനും ഡോ. എന്‍. ജയരാജ് എം.എല്‍.എ ആവശ്യപ്പെട്ടു. മണിമല മുക്കട പട്ടികജാതി കോളനിയിലെ കൈയേറ്റം ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കെ.എസ്.ഇ.ബിയുടെ കുടിശ്ശിക തീര്‍ക്കാത്തതുമൂലം ട്രാന്‍സ്ഫോമര്‍ ചാര്‍ജുചെയ്ത് ലഭിക്കാത്തതും കാരിത്താസ് ഭാഗത്തെ ടാങ്കിന് സമീപം മണ്ണിടിഞ്ഞിതിനാല്‍ റീടെയിനിങ് ഭിത്തി കെട്ടാനുള്ള താമസവുമാണ് ഏറ്റുമാനൂര്‍ ശുദ്ധജലവിതരണ പദ്ധതിയുടെ പൂര്‍ണശേഷിയിലുള്ള വിതരണത്തിന് തടസ്സമായതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കലക്ടറേറ്റില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നതിലെ നടപടി പുരോഗതിയും സമിതി ചര്‍ച്ചചെയ്തു. യോഗത്തില്‍ കോട്ടയം നഗരസഭ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്‍. സോന, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മേരി സെബാസ്റ്റ്യന്‍, ജില്ല പ്ളാനിങ് ഓഫിസര്‍ കെ.എസ്. ലതി, ജില്ലതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.