തീപിടിത്തം: ജില്ലയില്‍ 20.42 ലക്ഷം രൂപയുടെ നഷ്ടം

കോട്ടയം: കനത്ത ചൂടിനൊപ്പം വ്യാപകമാകുന്ന തീപിടിത്തം ജില്ലയുടെ കാര്‍ഷികമേഖലയില്‍ വിതച്ചത് 20.42 ലക്ഷം രൂപയുടെ നഷ്ടം. കൃഷിയിടങ്ങളില്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് കൃഷിനശിച്ച വകയിലാണ് ഇത്. റബര്‍മരങ്ങളാണ് നശിച്ചതില്‍ ഭൂരിഭാഗവും. വരള്‍ച്ച മൂലം ജില്ലയില്‍ ഇതുവരെ 5.50 കോടിയുടെ വിളനാശമാണ് ഉണ്ടായത്. വരള്‍ച്ച രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജലക്ഷാമം നേരിടുന്നതിന് വാട്ടര്‍ കിയോസ്കുകള്‍ സ്ഥാപിക്കാനുള്ള നടപടി അന്തിമഘട്ടത്തിലാണെന്ന് കലക്ടര്‍ സി.എ. ലത അറിയിച്ചു. ജലവിതരണത്തിനായി ആദ്യഘട്ടത്തില്‍ 443 കിയോസ്ക് തുറക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ജില്ലയില്‍ രൂക്ഷമായ വരള്‍ച്ച ബാധിച്ച പ്രദേശങ്ങളില്‍ വാഹനങ്ങളില്‍ കുടിവെള്ള വിതരണം നടത്തുന്നതിന് തഹസീല്‍ദാര്‍മാര്‍ക്ക് ചുമതല നല്‍കിയതായും അവര്‍ പറഞ്ഞു. ഇതിനായി തഹസീല്‍ദാര്‍മാര്‍ക്ക് തുക അനുവദിക്കും. ഇത്തരത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന വാഹനങ്ങളെ ജി.പി.എസ് സംവിധാനത്തിലൂടെ നിരീക്ഷിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭൂജല നിരപ്പില്‍ ശരാശരി 1.5 മുതല്‍ രണ്ടുമീറ്റര്‍ വരെ കുറവുണ്ടായിട്ടുള്ളതിനാല്‍ കുഴല്‍ക്കിണറുകള്‍ സ്ഥാപിക്കുന്നതിന് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. നിലവില്‍ പാറഖനനം നടക്കാത്ത പാറമടകളിലെ ജലം അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരത്തിലുള്ള 130 പാറമടകള്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി കണ്ടത്തെിയിട്ടുണ്ട്. ജലലഭ്യതയുള്ളതും ഇപ്പോള്‍ ഉപയോഗിക്കാത്തതുമായ 150 കുളങ്ങളിലെ ജലം അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരിക്കും ഇക്കാര്യവും നടപ്പാക്കുകയെന്നും കലക്ടര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.