സത്യഗ്രഹ സ്മാരകത്തില്‍ മാലിന്യം കത്തിക്കല്‍: പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ധര്‍ണ നടത്തി

വൈക്കം: നഗരസഭ വക ആറ് ഏക്കര്‍ വിസ്തീര്‍ണമുള്ള മാലിന്യസംസ്കരണ കേന്ദ്രം പ്രയോജനപ്പെടുത്താതെ സത്യഗ്രഹ മെമ്മോറിയല്‍ മന്ദിരത്തിന്‍െറ ചുറ്റുപാടും സ്ഥാപിച്ച ഇഷ്ടികപാകിയ തറയിലിട്ട് മാലിന്യം കത്തിക്കുന്നതിനെതിരെ നഗരസഭയിലെ പ്രതിപക്ഷ കൗണ്‍സിലര്‍ കൂട്ട ധര്‍ണ നടത്തി. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഡമ്പിങ് യാര്‍ഡില്‍ മാലിന്യം തള്ളാന്‍ നടപടി സ്വീകരിക്കാന്‍ ഭരണസമിതി തയാറാകണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ആറേക്കറിലധികം വരുന്ന ഡമ്പിങ് യാര്‍ഡിന്‍െറ ഭൂമി സി.പി.എം കൗണ്‍സിലര്‍മാരുടെ സഹായത്തോടെ ചിലര്‍ കൈയേറുകയാണ്. ഭരണമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി.പി.എമ്മില്‍ നഗരസഭ ചെയര്‍മാന്‍ സ്ഥാനത്തിനുവേണ്ടി നടത്തുന്ന ഗ്രൂപ്പുകളിയുടെ ഭാഗമായാണ് ഡമ്പിങ് യാര്‍ഡും ശ്മശാനവുമൊക്കെ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്തതെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. കഴിഞ്ഞ കൗണ്‍സില്‍ മാലിന്യസംസ്കരണ കേന്ദ്രത്തിന് മതില്‍കെട്ടി സംരക്ഷിക്കാന്‍ നീക്കിവെച്ച 33 ലക്ഷം രൂപ ഈ കൗണ്‍സില്‍ വകമാറ്റി ചെലവഴിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ആരോപിച്ചു. നഗരസഭ ഓഫിസിനുമുന്നില്‍ നടത്തിയ ധര്‍ണയില്‍ പ്രതിപക്ഷനേതാവ് അഡ്വ. വി.വി. സത്യന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജി. ശ്രീകുമാരന്‍ നായര്‍, കൗണ്‍സിലര്‍മാരായ ഷേര്‍ലി ജയപ്രകാശ്, അനൂപ് ചിന്നപ്പന്‍, ഷിബി സന്തോഷ്, പി.എന്‍. കിഷോര്‍കുമാര്‍, എം.ടി. അനില്‍ കുമാര്‍, സിന്ധു സജീവന്‍, സൗദാമിനി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.