ട്രാഫിക് ബോധവത്കരണത്തിന് ഇനി കോളജ് വിദ്യാര്‍ഥിനികള്‍

കോട്ടയം: ട്രാഫിക് ബോധവത്കരണത്തിന് പൊലീസിനെ സഹായിക്കാന്‍ ഇനി കോളജ് വിദ്യാര്‍ഥിനികളും. ജില്ല പൊലീസിന്‍െറ നേതൃത്വത്തിലാണ് പുതുപദ്ധതി. ട്രാഫിക് ലംഘനങ്ങള്‍ നടത്തുന്നവരെ ബോധവത്കരിക്കനും ലഘുലേഖ നല്‍കാനും ലക്ഷ്യമിട്ടാണ് പദ്ധതി. ഇതിന്‍െറ ആദ്യഘട്ടമായി കോട്ടയം ബി.സി.എം കോളജിലെ 76 വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ശനിയാഴ്ച കോട്ടയം നഗരത്തിലെ പത്ത് കേന്ദ്രങ്ങളില്‍ വനിത പൊലീസിന്‍െറ സാന്നിധ്യത്തില്‍ ഇവര്‍ ബോധവത്കരണപരിപാടി നടത്തി. ട്രാഫിക് തെറ്റിച്ച് വണ്ടിയോടിക്കുന്നവര്‍ പുരുഷന്‍ പറയുന്നതിനെക്കാള്‍ ഒരു സ്ത്രീ പറയുന്നത് കാര്യമായെടുക്കുമെന്ന തിരിച്ചറിവാണ് വനിത ട്രാഫിക് വളന്‍റിയര്‍ എന്ന പദ്ധതിക്ക് രൂപംനല്‍കാന്‍ പ്രേരിപ്പിച്ചതെന്ന് ജില്ല പൊലീസ് മേധാവി എന്‍. രാമചന്ദ്രന്‍ പറഞ്ഞു. ജില്ലയിലെ മറ്റു കോളജുകളിലെ വിദ്യാര്‍ഥിനികളെയും ഉള്‍പ്പെടുത്തി വിപുലമാക്കുമെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ട്രാഫിക് നിയമങ്ങള്‍ അനുസരിക്കുന്ന സുസജ്ജമായ സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് ഇത്തരം പരിപാടികൊണ്ട് ഉദ്ദേശിക്കുന്നത്. യുവാക്കളില്‍ പടര്‍ന്നുപിടിച്ച ലഹരി ഉപയോഗത്തിനെതിരെ ട്രാഫിക് വളന്‍റിയര്‍മാരെ നിയോഗിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബോധവത്കരണം സംഘടിപ്പിക്കാനും ഉദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു. അവധി ദിവസങ്ങളിലാകും വനിത ട്രാഫിക് വളന്‍റിയര്‍മാര്‍ ബോധവത്കരണവുമായി രംഗത്തിറങ്ങുക. വളന്‍റിയര്‍മാരായി തെരഞ്ഞെടുത്ത 76 വിദ്യാര്‍ഥിനികളും ഡ്രൈവിങ് ലൈസന്‍സുള്ളവരാണ്. ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥി, എ.എസ്.പി ചൈത്ര തെരേസ് ജോണ്‍, വനിത എസ്.ഐ ഫിലോമിന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥിനികള്‍ക്ക് 10 ദിവസത്തെ പരിശീലനം നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.