അന്തിമ വിജ്ഞാപനം അട്ടിമറിക്കപ്പെടാന്‍ സാധ്യത –ഇന്‍ഫാം

കോട്ടയം: ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കി പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല വില്ളേജുകള്‍ സംബന്ധിച്ചുള്ള അന്തിമവിജ്ഞാപനം മാര്‍ച്ച് നാലിന് മുമ്പ് ഇറക്കാതെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ഇന്‍ഫാം. രാജ്യാന്തര പരിസ്ഥിതി സാമ്പത്തിക ഏജന്‍സികളും പരിസ്ഥിതി മൗലികവാദികളും വനം-പരിസ്ഥിതി മന്ത്രാലയ ഉദ്യോഗസ്ഥരും നിക്ഷിപ്ത താല്‍പര്യ രാഷ്ട്രീയ കേന്ദ്രങ്ങളുമാണ് ഈ അട്ടിമറിക്കുപിന്നിലെന്നും ഇവര്‍ ആരോപിച്ചു. പശ്ചിമഘട്ടത്തിന് ലോക പൈതൃകപദവി ലഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഐ.യു.സി.എന്‍.എല്ലിലും ലോക പൈതൃകസമിതിയിലും സമര്‍പ്പിച്ച ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടിന്‍െറ നിര്‍ദേശങ്ങളും നടപടിക്കായുമുള്ള കസ്തൂരിരംഗന്‍ സമിതി ശിപാര്‍ശകളും നിശ്ചിത സമയപരിധിക്കുള്ളില്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാറിന് സാധിച്ചില്ളെങ്കില്‍ പശ്ചിമഘട്ടത്തിന് പൈതൃകപദവി നഷ്ടപ്പെടും. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംരക്ഷണത്തിനുള്ള വിദേശ കാര്‍ബണ്‍ ഫണ്ട് ലഭിക്കാതെയും വരും. ഇതിനെ മറികടക്കാന്‍ 2013 നവംബര്‍ 13ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഇറക്കിയ ഉത്തരവ് നിലനിര്‍ത്തേണ്ടത് മന്ത്രാലയത്തിന്‍െറയും പശ്ചിമഘട്ടത്തിന്‍െറ പേരില്‍ വിദേശഫണ്ട് സ്വീകരിക്കുന്ന പരിസ്ഥിതി സംഘടനകളുടെയും ആവശ്യമാണ്. അന്തിമ വിജ്ഞാപനത്തില്‍ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കുന്നതുമൂലം ഇ.എസ്.എ വിസ്തീര്‍ണത്തിലുണ്ടാകുന്ന കുറവില്‍ നിന്നും ഇതുസംബന്ധിച്ചുള്ള ലോക പൈതൃകസമിതിയുടെ ചോദ്യങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാറിന് രക്ഷപ്പെടാനുള്ള തന്ത്രമാണ് അന്തിമവിജ്ഞാപനം വൈകിക്കുന്നത്. കേരളത്തിലെ സംരക്ഷിത വനമേഖലയൊഴിച്ചുള്ള ഒരു പ്രദേശവും പരിസ്ഥിതിലോലമാക്കാന്‍ അനുവദിക്കില്ളെന്നുള്ള ഉറച്ച നിലപാട് സംസ്ഥാന സര്‍ക്കാറും ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും സ്വീകരിക്കണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.