വരള്‍ച്ച രൂക്ഷം നഗരസഭ മൗനത്തിലെന്ന് കൗണ്‍സിലില്‍ വ്യാപക ആക്ഷേപം

കോട്ടയം: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വരള്‍ച്ച രൂക്ഷമായിട്ടും കോട്ടയം നഗരസഭ മൗനത്തിലാണെന്ന് കൗണ്‍സിലില്‍ ഒന്നടങ്കം ആക്ഷേപം. കോട്ടയം നഗരസഭയുടെ 52 വാര്‍ഡുകളിലേക്ക് വെള്ളം എത്തിക്കുന്നത് ഒരു ടാങ്കര്‍ലോറിയിലാണ്. എന്നാല്‍, രണ്ടു മാസമായി ടാങ്കര്‍ ലോറി പണിക്കു കയറ്റിയതോടെ ജലവിതരണം മുടങ്ങിയെന്നും കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്നും കൗണ്‍സിലര്‍ അഡ്വ. ഷീജ അനില്‍ ആവശ്യപ്പെട്ടു. അടിയന്തര കൗണ്‍സില്‍ വിളിച്ച് വിഷയം ചര്‍ച്ച ചെയ്യണം. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേഖല തിരിച്ചുള്ള യോഗവും വിളിക്കാന്‍ നടപടി സ്വീകരിക്കണം. എന്നാല്‍, സര്‍ക്കാര്‍ നിര്‍ദേശമില്ലാതെ നഗരസഭക്ക് കുടിവെള്ളം വിതരണം ചെയ്യാന്‍ കഴിയില്ളെന്ന് ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്‍. സോന മറുപടി പറഞ്ഞു. തൊഴില്‍ നികുതി പിരിക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ തന്നിഷ്ടമാണ് അരങ്ങേറുന്നതെന്ന് കൗണ്‍സിലില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. ഇതിനെതിരെ നടപടിയെടുക്കാതെ ചെയര്‍പേഴ്സണ്‍ ഡൊണള്‍ഡ് ട്രംപിന് സമമായി ഏകാധിപത്യഭരണമാണ് നടപ്പാക്കുന്നതെന്ന് മുന്‍ ചെയര്‍മാന്‍ കൂടിയായ എം.പി സന്തോഷ് കുമാര്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിപ്രകാരം നഗരസഭയിലെ ഭവനരഹിതരുടെ ലിസ്റ്റ് അംഗീകരിക്കാന്‍ ശനിയാഴ്ച കൂടിയ കൗണ്‍സിലിലാണ് സന്തോഷ്കുമാര്‍ നികുതി വിഷയത്തിലുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചത്. പ്രഫഷനല്‍ ടാക്സ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തുന്ന നടപടി അംഗീകരിക്കാനാവില്ല. വന്‍കിട വ്യാപാരസ്ഥാപനങ്ങള്‍ക്കും സാധാരണ ജനത്തിനും ഒരേനിരക്ക് അശാസ്ത്രീയമാണ്. അതേസമയം, നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു. സാമ്പത്തികവര്‍ഷം അവസാനിക്കാറായിരിക്കെ എസ്റ്റിമേറ്റ് പോലും എടുക്കാന്‍ തയാറാകാത്ത എന്‍ജിനീയറിങ് വിഭാഗത്തിലെ ചില ജീവനക്കാരുടെ ഉത്തരവാദിത്തമില്ലായ്മയില്‍ ചെയര്‍പേഴ്സണ്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കൗണ്‍സിലര്‍ ജാന്‍സി ജേക്കബ് ആവശ്യപ്പെട്ടു. പൂര്‍ത്തീകരിച്ച പദ്ധതികളുടെ ബില്‍ തുക പോലും ഇതുവരെ നല്‍കിയിട്ടില്ല. ഫണ്ട് ലാപ്സാകുന്നത് തടയാന്‍ കര്‍ശന നടപടി വേണം. നാഗമ്പടം പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിനകത്ത് അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍നിന്ന് തുക ഈടാക്കണമെന്നും 300 വാഹനങ്ങള്‍വരെ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം നഗരസഭക്ക് വരുമാനമാര്‍ഗമായി പ്രയോജനപ്പെടുത്തണമെന്നും കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍ ആവശ്യപ്പെട്ടു. വിഷയം പരിഗണിക്കാമെന്ന് ചെയര്‍പേഴ്സണ്‍ മറുപടി പറഞ്ഞു. നെഹ്റുസ്റ്റേഡിയത്തില്‍ എല്‍.ഇ.ഡി ബള്‍ബ് സ്ഥാപിക്കണമെന്നും സ്റ്റേഡിയത്തിന്‍െറ സമീപത്തെ സ്ഥലം കൈയേറിയത് സംബന്ധിച്ച് വിശദ അന്വേക്ഷണം നടത്തണമെന്നും കൗണ്‍സില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ലൈസന്‍സ് നല്‍കാമെന്ന് പറഞ്ഞ് വഴിയോരക്കച്ചവടക്കാരില്‍നിന്ന് സ്വകാര്യ വ്യക്തി 300 മുതല്‍ 500 രൂപവരെ വാങ്ങുന്നതായും ഇത് നഗരസഭയുടെ നിര്‍ദേശപ്രകാരമാണോ എന്ന് വ്യക്തമാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ടി.സി. റോയി, കെ. ശങ്കരന്‍, സി.എന്‍. സത്യനേശന്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.